ഹാരി പോട്ടർ പുസ്തകങ്ങളെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമായിരിക്കും. ജെ.കെ. റൗളിംഗ് എഴുതിയ ഏഴു പുസ്തകങ്ങളടങ്ങിയ ഈ മാന്ത്രികനോവൽ കുട്ടികളുടെ മാത്രമല്ല എല്ലാ പ്രായത്തിൽ പെട്ടവരുടെയും ഇഷ്ടപുസ്തകങ്ങളിൽ പെട്ടവയാണ്. ഇപ്പോഴിതാ, ‘ഹാരി പോട്ടർ ആൻഡ് ദ ഫിലോസഫേഴ്സ് സ്റ്റോണി’ൻ്റെ ആദ്യ പതിപ്പുകളിൽ ഒന്ന് 36,000 പൗണ്ടിന് ലേലത്തിൽ വിറ്റിരിക്കുകയാണ്. ഏകദേശം 38 ലക്ഷത്തിലധികം രൂപ വരും ഇത്. 1997 -ൽ വെറും 10 പൗണ്ടിന് (ഏകദേശം 1,068 രൂപ) വാങ്ങിയ പുസ്തകമാണ് ഇപ്പോൾ 38 ലക്ഷത്തിന് വിറ്റിരിക്കുന്നത്.
ബുധനാഴ്ച സ്റ്റാഫോർഡ്ഷെയറിലെ ലിച്ച്ഫീൽഡിലാണ് ലേലം നടന്നത്. വാങ്ങുന്നയാളുടെ പ്രീമിയം ഉൾപ്പടെ £45,000 അതായത്, ഏകദേശം 50 ലക്ഷത്തിനാണ് ലേലം അവസാനിച്ചത്. ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ആദ്യസമയത്ത് അച്ചടിച്ച 500 ഹാർഡ്ബാക്ക് കോപ്പികളിൽ ഒന്നാണ് ഈ പുസ്തകം. അത് തന്നെയാണ് ഈ പുസ്തകത്തെ അപൂർവമായ ഒന്നാക്കി മാറ്റുന്നതും.
സ്ട്രാറ്റ്ഫോർഡ്-ഓൺ-അവോണിൽ നിന്ന് ക്രിസ്റ്റീൻ മക്കല്ലോക്കാണ് അന്ന് പുസ്തകം വാങ്ങിയത്. മകൻ ആദമിന് വേണ്ടിയായിരുന്നു വാങ്ങിയത്. വർഷങ്ങളായി ചെസ്റ്റർഫീൽഡിലെ അവരുടെ കുടുംബവീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പുസ്തകത്തിൻ്റെ ഭാവിമൂല്യം അക്കാലത്ത് ക്രിസ്റ്റീനോ ആദമോ തിരിച്ചറിഞ്ഞിരുന്നേയില്ല.
2020 -ലെ കൊവിഡ് ലോക്ക്ഡൗൺ കാലത്താണ് ഹാരിപോർട്ടറിന്റെ ആദ്യ പതിപ്പുകൾ വലിയ വിലയ്ക്ക് വിറ്റുപോകുന്ന വാർത്തകൾ ആദം വായിച്ചത്. അപ്പോഴാണ് തന്റെ വീട്ടിലിരിക്കുന്ന പുസ്തകത്തിന്റെ മൂല്ല്യത്തെ കുറിച്ച് ആദം ബോധ്യവാനായത്. പുസ്തകത്തിന്റെ മൂല്ല്യം തിരിച്ചറിഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാനായില്ല എന്നാണ് ആദം പറയുന്നത്. കാലത്തിന്റേതായ പഴക്കവും അടയാളങ്ങളും ഈ പുസ്തകത്തിനുണ്ട്.
അതേസമയം, ജെ.കെ. റൗളിങ് എഴുതിയ ഹാരി പോട്ടർ പരമ്പരയിലെ ആദ്യത്തെ പുസ്തകമാണ് ‘ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ’. 1997 ജൂൺ 30 -നാണ് ബ്ലൂംസ്ബെറി പ്രസിദ്ധീകരിച്ച ഈ പുസ്തകം ലണ്ടനിൽ പ്രകാശനം ചെയ്തത്.
പിതാവിന്റെ 40,000 കോടിയുടെ സാമ്രാജ്യമുപേക്ഷിച്ച് 18 -ാം വയസ്സിൽ സന്യാസിയായ യുവാവ്, ആരാണ് സിരിപന്യോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]