ഹൈദരാബാദ്: ഐപിഎല്‍ മെഗാതാരലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്ന ഇന്ത്യന്‍ മീഡിയം പേസര്‍ ഷര്‍ദ്ദുല്‍ താക്കൂറിന് സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റില്‍ നാണക്കേട്. കേരളത്തിനെതിരെ മുംബൈക്കായി നാല് ഓവറില്‍ 69 റണ്‍സ് വഴങ്ങിയ ഷര്‍ദ്ദുല്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ മോശം ബൗളിംഗിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തി. കുറച്ച് മാത്രം ദിവസങ്ങള്‍ക്ക് മുമ്പ് ഹരിയാനക്കെതിരെ 69 റണ്‍സ് വഴങ്ങിയ അരുണാചല്‍ പ്രദേശ് ബൗളര്‍ രമേശ് രാഹുലാണ് നാണക്കേടിന്റെ ഈ പട്ടികയില്‍ തലപ്പത്തുള്ള മറ്റൊരാള്‍.
മത്സരത്തില്‍ കേരളത്തിന്റെ മധ്യനിര ബാറ്റര്‍ സല്മാന് നിസാറിന്റെ ബാറ്റിന്റെ ചൂടറിഞ്ഞാണ് മുംബൈ പേസറായ ഷര്‍ദ്ദുല്‍ താക്കൂര്‍ നാണംകെട്ടത്. കേരള ഇന്നിംഗ്സിലെ ആദ്യ ഓവറിലെ നാലാം പന്തില്‍ ക്യാപ്റ്റനും വെടിക്കെട്ട് വീരനുമായ സഞ്ജു സാംസണെ പുറത്താക്കി നല്ല തുടക്കം ഷര്‍ദ്ദുല്‍ നേടി. ബൗണ്ടറി നേടിയതിന് പിന്നാലെ സഞ്ജുവിനെ എഡ്ജാക്കി വിക്കറ്റിലേക്ക് പന്ത് പായിച്ച് പുറത്താക്കുകയായിരുന്നു ഷര്‍ദ്ദുല്‍ താക്കൂര്‍. എന്നാല്‍ മത്സരം പുരോഗമിക്കുംതോറും ഷര്‍ദുല്‍ അടിവാങ്ങിക്കൂട്ടിക്കൊണ്ടിരുന്നു. ഒടുവില്‍ കനത്ത നാണക്കേടും പേരിലായി.
കേരള ഇന്നിംഗ്സിലെ 20-ാം ഓവറില്‍ സല്മാന് നിസാര്‍ ഷര്‍ദ്ദുല്‍ താക്കൂറിനെ മൂന്ന് സിക്സിനും ഒരു ഫോറിനും പായിച്ചു. ഇതോടെ താരം തന്റെ നാലോവറില്‍ ഒരു വിക്കറ്റ് മാത്രം നേടി 69 റണ്‍സ് വിട്ടുകൊടുക്കുന്ന നിലയിലായി. 17.25 ആയിരുന്നു താരത്തിന്റെ ഇക്കോണമി. ഇന്ത്യന്‍ സീനിയര്‍ ടീമിനായി കളിച്ച പരിചയമോ ഐപിഎല്‍ അനുഭവമോ ഷര്‍ദ്ദുലിന് തുണയായില്ല. അതേസമയം ഷര്‍ദ്ദുല്‍ താക്കൂറിനെതിരെ ഇന്നിംഗ്സിലെ അവസാന പന്തില്‍ സിക്സര്‍ നേടിയ സല്മാന് കേരളത്തെ 235ല്‍ എത്തിക്കുകയും വ്യക്തിഗത സ്കോര്‍ 99* ആക്കുകയും ചെയ്തു.
Read more: മുംബൈയെ എറിഞ്ഞ് തീര്‍ത്തു; കേരളത്തിന് 43 റണ്‍സ് ജയം, നിധീഷ് എംഡിക്ക് നാല് വിക്കറ്റ്, സല്മാന് നിസാര്‍ ഹീറോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]