കൊച്ചി: കേസെടുക്കാന്‍ വേണ്ടിയല്ല ഹേമ കമ്മിറ്റിക്കു മുമ്പാകെ മൊഴി നല്‍കിയതെന്ന് നടി മാല പാര്‍വതി. ഹേമ കമ്മിറ്റിയില്‍ നല്കിയ മൊഴികളുമായി ബന്ധപ്പെട്ട കേസില്‍ മുന്നോട്ട് പോകാന്‍ താല്പര്യമില്ലെന്ന് അറിയിച്ച് സുപ്രീം കോടതിയെ സമീപിച്ചതിനു പിന്നാലെ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.
”ഹേമ കമ്മിറ്റിയില്‍ നല്കിയ മൊഴി കേസെടുക്കാന്‍ വേണ്ടി കൊടുത്ത മൊഴിയല്ല. തൊഴിലിടത്തെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് ഒരു റിപ്പോര്‍ട്ട് കൊടുക്കാന്‍ നിയോഗിച്ച ഒരു കമ്മിറ്റിയോട് സ്വകാര്യമായ വ്യക്തിപരമായ വൈയക്തികമായ അനുഭവങ്ങളടക്കം പല കാര്യങ്ങളും പറഞ്ഞതാണ്. നാളെയൊരു നിയമം ഉണ്ടാകുമെന്നും തൊഴിലിടം കൂടുതല്‍ സുരക്ഷിതമായ ഒരിടമാകുമെന്നും കരുതിയാണ് അത് പറഞ്ഞത്. പിന്നീട് കമ്മിഷന് മുമ്പാകെ നല്കിയ മൊഴികളില്‍ കേസെടുക്കാന്‍ സാധ്യമായവയിലെല്ലാം കേസെടുക്കാനും എഫ്ഐആര്‍ ഇടാനും കോടതി നിര്‍ദേശമുണ്ടായി.
ഇത്തരത്തില്‍ എഫ്ഐആര്‍ ഇടാന്‍ കോടതി പറഞ്ഞപ്പോള്‍ എസ്.ഐ.ടിയില്‍ നിന്ന് കേസാക്കാന്‍ താത്പര്യമുണ്ടോ എന്ന് വിളിച്ചു ചോദിച്ചിരുന്നു. ഞാന്‍ കേസാക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞു. കാരണം അതൊരു ഒറ്റപ്പെട്ട കാര്യമായിരുന്നു. അതില്‍ ഒരു പ്ലാനിങ് ഉണ്ടായിരുന്നെങ്കില്‍, എനിക്കെതിരേ നടന്ന പ്രശ്നത്തില്‍ പ്രൊഡക്ഷന്റെയോ പ്രൊഡ്യൂസറുടെയോ ഒരു പ്ലാനിങ് ഉണ്ടായിരുന്നെങ്കല്‍ കേസുമായി മുന്നോട്ടുപോകാന്‍ പറയുമായിരുന്നു. ഇത് ഒരു പ്രത്യേക സമയത്ത് ഒരു നടന് ചെയ്ത ഒരു കാര്യമാണ്. അത് ഒരു പ്രശ്നമാണെങ്കില്‍ പോലും പക്ഷേ കേസെടുക്കാന്‍ എനിക്ക് താത്പര്യമില്ല. അതിനു വേണ്ടി പറഞ്ഞ കാര്യങ്ങളല്ല അത്.” – മാല പാര്‍വതി വ്യക്തമാക്കി.
മറ്റുള്ളവര്‍ക്കുണ്ടായ അനുഭവങ്ങളും പറഞ്ഞിരുന്നു. അന്നേ കേസിന് താത്പര്യമില്ലെന്ന് പറഞ്ഞതാണ്. തന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധമില്ലാത്തവരെ പോലും എസ്ഐടി ബുദ്ധിമുട്ടിക്കുന്നുവെന്ന് അറിയാന്‍ കഴിഞ്ഞു. താന്‍ നല്കിയ ഒരു മൊഴിയുടെ പേരില്‍ ആരും തന്നെ ബുദ്ധിമുട്ടുന്നത് കാണാന്‍ താത്പര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]