കൊച്ചി: ‘ടർക്കിഷ് തർക്കം’ എന്ന സിനിമ തിയേറ്ററുകളിൽനിന്ന് പിൻവലിച്ചതിൽ നിർമാതാവിനോട് വിശദീകരണം തേടി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. പിൻവലിക്കാനുണ്ടായ സാഹചര്യത്തിന്റെ വിശദാംശങ്ങളറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മതനിന്ദ നടത്തിയെന്ന ആരോപണമുയർത്തി ചില കേന്ദ്രങ്ങൾ എതിർപ്പുയർത്തിയതുകൊണ്ട് ചിത്രം പിൻവലിക്കുന്നുവെന്നാണ് നിർമാതാവ് നാദിർ ഖാലിദ്, സംവിധായകൻ നവാസ് സുലൈമാൻ എന്നിവർ കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ, ഇത്തരമൊരു പരാതി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ലഭിച്ചിട്ടില്ല. മാധ്യമങ്ങളിൽ നിന്നാണ് ചിത്രം പിൻവലിച്ച വിവരമറിഞ്ഞതെന്ന് അസോസിയേഷൻ സെക്രട്ടറി ബി. രാകേഷ് പറഞ്ഞു. തുടർന്നാണ് വിശദാംശങ്ങൾ തേടി നോട്ടീസ് അയച്ചത്. ഇതിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും രാകേഷ് അറിയിച്ചു. മതനിന്ദയെന്ന ആരോപണം കളവാണെന്നും ആരും ഇതേച്ചൊല്ലി എതിർപ്പുയർത്തിയില്ലെന്നും കാട്ടി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.
ആരിൽനിന്നും ഭീഷണിയില്ലെന്ന് സണ്ണി വെയ്നും ലുക്മാനും
ടർക്കിഷ് തർക്കവുമായി ബന്ധപ്പെട്ട് യാതൊരുവിധ ഭീഷണിയും നേരിട്ടിട്ടില്ലെന്ന് സിനിമയിൽ പ്രധാന വേഷം ചെയ്ത നടന്മാരായ സണ്ണി വെയ്നും ലുക്മാൻ അവറാനും. സിനിമ പിൻവലിക്കുവാനുണ്ടായ സാഹചര്യത്തെ കുറിച്ച് നിർമാതാവിനോട് തിരക്കിയപ്പോൾ കൃത്യമായ ഒരുത്തരം ലഭിച്ചില്ലെന്നും സിനിമ പിൻവലിച്ച വിവരം അറിയുന്നത് സോഷ്യൽ മീഡിയയിലൂടെയാണെന്നും സണ്ണി വെയ്ൻ സാമൂഹിക മാധ്യമത്തിലൂടെ പറഞ്ഞു.
സിനിമ തിയേറ്ററിൽനിന്ന് പിൻവലിച്ചത് നിർമാതാവിന്റെയും സംവിധായകന്റെയും കൂട്ടായ തീരുമാനമാണെന്ന് ലുക്മാൻ അവറാൻ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി തനിക്കോ തന്റെ അറിവിലുള്ള ആർക്കെങ്കിലുമോ വന്നിട്ടില്ല. സിനിമ പിൻവലിക്കാനുള്ള കാരണം ചോദിച്ചപ്പോൾ ഉത്തരവാദപ്പെട്ടവരിൽനിന്ന് വ്യക്തമായ ഉത്തരം കിട്ടിയില്ല. ഇപ്പോൾ സിനിമയെച്ചൊല്ലി നടക്കുന്ന ചർച്ചകളിൽ യാതൊരു പങ്കുമില്ല. വിവാദത്തിന് പിന്നിൽ ദുരുദ്ദേശ്യമുണ്ടെങ്കിൽ അന്വേഷിക്കണമെന്നും ലുക്മാൻ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]