കൊച്ചി: ആലുവ പറവൂർക്കവലയിലെ വീട്ടിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാവാത്തയാൾ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികൾ അറസ്റ്റിലായത്. ആലുവ യുസി കോളേജിന് സമീപം മില്ലുംപടിയിൽ വാടകയ്ക്ക് താമസിക്കുന്ന കോതമംഗലം അയിരൂർപാടം വിമലാലയം വീട്ടിൽ വിവേക് ബൈജു, പുതുച്ചേരി സ്വദേശി രഞ്ജിത് കുമാർ എന്നിവരേയും പ്രായപൂർത്തിയാകാത്ത സമീപവാസിയേയുമാണ് ആലുവ പൊലീസ് പിടികൂടിയത്. ഈ മാസം 21ന് പുലർച്ചെയാണ് പറവൂർ കവലയിലെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്.
പരിസരവാസിയായ പ്രായപൂർത്തിയാകാത്ത ആളാണ് വീടും പരിസരവും ഇവർക്ക് കാണിച്ചുകൊടുത്തത്. മോഷണം നടക്കുമ്പോൾ വീട്ടിൽ ആരും ഇല്ലായിരുന്നു. സ്വർണ്ണം ആലുവയിലെ ഒരു സ്ഥാപനത്തിൽ വിറ്റതിനു ശേഷം പണം രണ്ടുപേരും കൂടി വീതിച്ചെടുത്തു. ലഹരി വസ്തുക്കൾ വാങ്ങുന്നതിനും ആഢംബര ജീവിതത്തിനുമാണ് ഇവർ ഈ പണം ഉപയോഗിച്ചതെന്ന് പൊലീസിനോട് പറഞ്ഞു. വിവേകിനും രഞ്ജിത്തിനും സമാന സ്വഭാവമുള്ള പത്തോളം കേസുകളുണ്ട്. വിവേക് മയക്കുമരുന്ന് കേസിലും പ്രതിയാണ്.
വിവേക് മാർച്ചിലും, രഞ്ജിത്ത് ജൂലൈയിലും ആണ് ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയത്. പകൽ സമയങ്ങളിൽ കറങ്ങിനടന്ന് വീടുകൾ കണ്ടുവയ്ക്കും. പിന്നീട് പുലർച്ചെ മോഷണം നടത്തുന്നതാണ് ഇവരുടെ രീതി എന്ന് പൊലീസ് പറഞ്ഞു. പറവൂർക്കവലയിൽ മോഷ്ടിച്ചതിനു ശേഷം ബിനാനിപുരം ഭാഗത്തും പരിസരങ്ങളിലും ഇവർ മോഷണശ്രമം നടത്തിയിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ മോഷ്ടാക്കളെ ജില്ലാ പൊലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക ടീം ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ രണ്ട് മോഷ്ടക്കളേയും റിമാൻഡ് ചെയ്തു.
തിരുവനന്തപുരത്ത് സ്കൂൾ വിട്ട ശേഷം വിദ്യാർത്ഥികളുമായി പോയ ടെംപോ വാൻ മറിഞ്ഞ് അപകടം: എട്ട് കുട്ടികൾക്ക് പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]