.news-body p a {width: auto;float: none;}
ന്യൂഡൽഹി: ഡൽഹിയിൽ സ്ഫോടനം. വടക്കൻ ഡൽഹിയിൽ പ്രശാന്ത് വിഹാറിലെ പിവിആർ മൾട്ടിപ്ലക്സിന് സമീപമുള്ള ബൻസിവാല എന്ന മധുരപലഹാരക്കടയിൽ ഇന്ന് ഉച്ചയോടെയാണ് സ്ഫോടനമുണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫോറൻസിക് വിഭാഗവും നടത്തിയ പരിശോധനയിൽ വെളുത്ത പൊടിപോലുളള പദാർത്ഥം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. സ്ഥലത്ത് സ്ഫോടക വസ്തു വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ഇന്ന് രാവിലെ 11.48ന് സ്ഫോടനത്തെക്കുറിച്ചുള്ള ഭീഷണി സന്ദേശം ലഭിച്ചിരുന്ന എന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം നടന്ന് ഒരു മാസത്തിന് ശേഷമാണ് ഇപ്പോഴത്തെ സ്ഫോടമുണ്ടായിരിക്കുന്നത്. അന്നത്തെ സ്ഫോടനത്തിൽ സ്കൂളിന്റെ മതിൽ തകർന്നെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.അന്നും സ്ഫോടനം നടന്ന സ്ഥലത്തു നിന്ന് വെളുത്ത പൊടിപോലുളള വസ്തു ലഭിച്ചിരുന്നു. അതിനാൽ രണ്ട് സ്ഫോടനങ്ങൾക്കുപിന്നിലും ഒരേസംഘമാണോ എന്ന സംശയമുണ്ട്.എന്നാൽകൂടുതൽ അന്വേഷണത്തിനുശേഷമേ എന്തെങ്കിലും പറയാനാവൂ എന്നാണ് പൊലീസ് പറയുന്നത്.
സിആർപിഎഫ് സ്കൂളിനു സമീപമുണ്ടായ സ്ഫോടനം പരിസരവാസികളിൽ പരിഭ്രാന്തി പരത്തിയിരുന്നു. സ്കൂളിന് തൊട്ടടുത്ത റോഡിലൂടെ ഒരു ബൈക്ക് യാത്രക്കാരൻ കടന്നുപോയതിനു തൊട്ടുപിന്നാലെയാണ് സ്ഫോടനമുണ്ടായത്. തലനാരിഴയ്ക്കാണ് ഇയാൾ രക്ഷപ്പെട്ടതെന്ന് സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. പൊട്ടിത്തെറിയുടെ ശക്തിയിൽ തൊട്ടടുത്ത വീട്ടിലെ വാഷ് ബേസിൻ ഇളകി തറയിൽ വീണിരുന്നു. അന്വേഷണം നടന്നിരുന്നു. എങ്കിലും സ്ഫോനത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരെന്ന കാര്യത്തിൽ വ്യക്തത വന്നിരുന്നില്ല.