.news-body p a {width: auto;float: none;}
കേരളത്തിൽ പെൻഷൻ പ്രായം ഉയർത്തുന്നതാണ് നല്ലതെന്ന് യുഎന്നിലെ മലയാളി സാന്നിദ്ധ്യം മുരളി തുമ്മാരുകുടി. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പെൻഷൻ പ്രായമാണ് കേരളത്തിലേതെന്നും, പെൻഷൻ പ്രായം കൂട്ടുന്നതും കുറയ്ക്കുന്നതും യുവജനങ്ങളുടെ തൊഴിൽ അവസരത്തെ ബാധിക്കുന്നില്ലെന്നും തുമ്മാരുകുടി അഭിപ്രായപ്പെടുന്നു.
തുമ്മാരുകുടിയുടെ വാക്കുകൾ-
”ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പെൻഷൻ പ്രായമാണ് കേരളത്തിലേത്. ഇത് അൽപ്പമെങ്കിലും ഉയർത്തി അറുപത് ആക്കുന്നത് എന്തുകൊണ്ടാണ് ഇനിയും വൈകിക്കുന്നതെന്ന് എനിക്ക് ഒരു ഐഡിയയും കിട്ടുന്നില്ല.
യുവാക്കളുടെ തൊഴിൽ അവസരങ്ങൾ ആണ് പറഞ്ഞു കേട്ടിട്ടുള്ള ഒരു കാരണം. ഒരു വർഷത്തിൽ ശരാശരി ഇരുപതിനായിരം ആളുകൾക്കാണ് സർക്കാർ ജോലി പുതിയതായി കിട്ടുന്നത് എന്നാണ് വായിച്ചത്. ഒരു വർഷത്തിൽ ശരാശരി അഞ്ചു ലക്ഷം മലയാളികൾ ആണ് തൊഴിൽ കമ്പോളത്തിൽ എത്തുന്നത്. അപ്പോൾ നമ്മുടെ യുവജനങ്ങളിൽ അഞ്ചു ശതമാനത്തിന് പോലും സർക്കാർ ജോലി ലഭിക്കുന്നില്ല. പെൻഷൻ പ്രായം കൂട്ടുന്നതും കുറയ്ക്കുന്നതും ഒന്നും ബഹുഭൂരിപക്ഷം യുവജനങ്ങളുടെയും തൊഴിൽ അവസരത്തെ ബാധിക്കുന്നില്ല.
സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രായം കൂടുംതോറും ശമ്പളവും അലവൻസും വർദ്ധിച്ച് വലിയൊരു തുക ആവുകയും അതേസമയം പ്രായം അനുസരിച്ച് അവരുടെ പ്രൊഡക്ടിവിറ്റിയിൽ വലിയ വർദ്ധനവ് ഉണ്ടാകാതിരിക്കുകയും ചെയ്യുന്നതിനാൽ പ്രായമുള്ളവരെ റിട്ടയർ ചെയ്യിച്ചതിന് ശേഷം പുതിയ ആളുകളെ എടുത്താൽ, പെൻഷൻ കൂട്ടിയാൽ പോലും മൊത്തം ലാഭമാകുമെന്ന് മറ്റൊരു വാദവും കേട്ടിട്ടുണ്ട്. ഇതിൽ അല്പം മെറിറ്റ് ഉണ്ടെന്ന് തോന്നുന്നു, പ്രത്യേകിച്ചും നമ്മുടെ “സർക്കാർ ഉദ്യോഗസ്ഥരിൽ” വലിയൊരു ശതമാനം എയ്ഡഡ് സ്കൂളിലേയും കോളേജിലെയും ഉൾപ്പടെ ഉള്ള അധ്യാപകർ ആയതിനാൽ. എന്നാൽ ഈ വിഷയത്തെ കൈകാര്യം ചെയ്യാനുള്ള ശരിയായ മാർഗ്ഗം പെൻഷൻ പ്രായം നില നിർത്തുന്നതല്ല.
പെൻഷൻ ഉൾപ്പടെയുള്ള ക്ഷേമ ചിലവുകൾ കൂടുകയും വരുമാനം ആനുപാതികമായി വർധിക്കാതിരിക്കുകയും ചെയ്താൽ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുമല്ലോ. ലഭ്യമായ സാങ്കേതിക വിദ്യകളും മാനുഷിക ശേഷിയും ഉൾപ്പടെയുള്ള വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി ഉപയോഗിച്ച് സർക്കാരിന്റെ സാലറി ബിൽ നിയന്ത്രണത്തിൽ എത്തിക്കേണ്ടതുണ്ട്. പ്രായമാകുന്ന നമ്മുടെ സമൂഹത്തിൽ പെൻഷൻ പ്രായം കൂട്ടിക്കൊണ്ടു വരേണ്ട ആവശ്യവും ഉണ്ട്. ഇതൊന്നും എളുപ്പമുള്ള തീരുമാനങ്ങൾ അല്ല. പക്ഷെ ഇന്ന് അല്പം ബുദ്ധിമുട്ടുണ്ടെങ്കിലും തീരുമാനങ്ങൾ ഇപ്പോൾ എടുക്കുന്നതാണ് നാളെ ഇതിലും വലിയ കുഴപ്പത്തിലാകുന്നതിനേക്കാൾ നല്ലത്.
മുരളി തുമ്മാരുകുടി”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേരളത്തിൽ പെൻഷൻ പ്രായം 60 ആയി ഉയർത്തണമെന്ന ഭരണപരിഷ്ക്കാര കമ്മിഷന്റെ ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം ഇന്നലെ തീരുമാനിക്കുകയായിരുന്നു. നാലാം ഭരണപരിഷ്ക്കാര കമ്മിഷന്റെ ശുപാർശകൾ പരിശോധിക്കാൻ നിയോഗിച്ച ചീഫ് സെക്രട്ടറി അദ്ധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാർശകൾ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു.