തിരുവനന്തപുരം: ഡോക്ടർ സിസ തോമസിന് ഡിജിറ്റൽ സർവകലാശാല വിസിയുടെ ചുമതല നൽകി ഗവർണർ. ഡോക്ടര് കെ ശിവപ്രസാദിന് കെടിയു വിസിയുടെ താത്ക്കാലിക ചുമതലയും നല്കി. കുസാറ്റ് ഷിപ് ടെക്നോളജി പ്രൊഫസറാണ് ശിവപ്രസാദ്. അനുമതി വാങ്ങാതെ പദവി വഹിച്ചതിന് ഡോക്ടർ സിസയ്ക്കെതിരെ സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. അതിനിടെയാണ് പുതിയ നിയമനം. നടപടി സുപ്രീം കോടതി റദ്ദാക്കിയിട്ടും പെൻഷൻ പോലും നൽകാൻ സർക്കാർ തയ്യാറായിരുന്നില്ല.
കഴിഞ്ഞ ഒരു മാസമായി ഡിജിറ്റൽ സർവകലാശാലയുടെയും അതുപോലെ തന്നെ സാങ്കേതിക സർവ്വകലാശാലയുടെയും വൈസ് ചാൻസലർ പദവി ഒഴിഞ്ഞു കിടക്കുകയാണ്. രണ്ടിന്റെയും ചുമതല വഹിച്ചിരുന്നത് ഡോക്ടർ സജി ഗോപിനാഥായിരുന്നു. ഇതിന് ശേഷം സർക്കാർ രണ്ടിടത്തേക്കും മൂന്ന് പേരടങ്ങിയ ഒരു പാനൽ ഗവർണർക്ക് സമർപ്പിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ ഈ പാനൽ തള്ളിക്കൊണ്ടാണ് രണ്ടിടത്തേക്കും ഗവർണർ താത്ക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ചിരിക്കുന്നത്.
സർക്കാരിന് ഏറ്റവും വലിയ തിരിച്ചടിയാകുന്നത് ഡിജിറ്റൽ സർവകലാശാല വിസിയായി ഡോക്ടർ സിസ തോമസിനെ നിയമിച്ചതാണ്. കഴിഞ്ഞ തവണ സാങ്കേതിക സർവകലാശാലയുടെ താത്ക്കാലിക ചുമതലയിൽ സിസ തോമസിനെ ഗവർണർ നിയമിച്ചിരുന്നു. അന്ന് സർക്കാരിന്റെ അനുമതിയില്ലാതെയാണ് നിയമനം നടത്തിയത്. ഇത് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സിസ തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. വിരമിച്ചിട്ട് പോലും അവർക്കെതിരെ നിരവധി അന്വേഷണങ്ങൾ നടത്തി. പെൻഷൻ പോലും തടയുന്ന അവസ്ഥയുണ്ടായി. ഇതിനെതിരെ സിസ തോമസ് സുപ്രീംകോടതിയിൽ കേസ് നൽകിയിരുന്നു. സുപ്രീം കോടതി സർക്കാരിന്റെ എല്ലാ നടപടികളും റദ്ദാക്കി. എന്നിട്ടും സിസ തോമസിന് ഇപ്പോഴും പെൻഷൻ നൽകാൻ പോലും സർക്കാർ തയ്യാറായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]