.news-body p a {width: auto;float: none;}
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി വൈറ്റ്ഹൗസിലേക്ക് സർവാധിപത്യത്തോടെ തിരിച്ചു വരവിനൊരുങ്ങുകയാണ് റിപ്പബ്ലിക്കൻ നേതാവ് ഡൊണാൾഡ് ട്രംപ്. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. ജനുവരി 20ന് അധികാരമേൽക്കും. അമേരിക്കയുടെ 47ാം പ്രസിഡന്റായാണ് ട്രംപ് ചുമതലയേൽക്കുന്നത്. ട്രംപ് അധികാരമേൽക്കുന്നതിന് മുൻപ് ക്യാമ്പസിൽ തിരിച്ചെത്താൻ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകുകയാണ് സർവകലാശാലകൾ. എന്തുകൊണ്ടായിരിക്കാമിത്?
അധികാരത്തിൽ തിരിച്ചെത്തിയ ശേഷം ‘ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട നാടുകടത്തൽ’ നടത്തുമെന്നുള്ള ട്രംപിന്റെ പ്രതിജ്ഞയാണ് ഇതിന് കാരണം. ഇതിനായി അമേരിക്കൻ സൈന്യത്തെ ഉപയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
ജനുവരി 20ന് മുമ്പായി ക്യാമ്പസിൽ തിരിച്ചെത്തണമെന്നുകാട്ടി നിരവധി സർവകലാശാലകൾ തങ്ങളുടെ വിദേശി വിദ്യാർത്ഥികൾക്ക് ഇമെയിൽ സന്ദേശം അയയ്ക്കുകയാണെന്നാണ് ബിബിസി വ്യക്തമാക്കുന്നത്. പ്രസിഡന്റ് അധികാരത്തിലേറുന്ന ചടങ്ങിന് മുമ്പായി തിരികെയെത്തണെന്ന് യാത്രാനിർദേശമെന്നോണം കഴിഞ്ഞയാഴ്ച ആംഹെർസ്റ്റിലെ മസാച്യുസെറ്റ്സ് സർവകലാശാല തങ്ങളുടെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയതായി ഹഫിംഗ്ടൺ പോസ്റ്റും റിപ്പോർട്ട് ചെയ്യുന്നു. മുൻകാലങ്ങളിലെ ട്രംപിന്റെ യാത്രാനിരോധനം കണക്കിലെടുത്താണ് വിദ്യാർത്ഥികൾക്ക് നിർദേശം നൽകുന്നതെന്ന് 5000ൽ അധികം വിദ്യാർത്ഥികളുള്ള മസാച്യുസെറ്റ്സ് സർവകലാശാല വ്യക്തമാക്കുന്നു.
ഒരു പുതിയ പ്രസിഡൻഷ്യൽ ഭരണകൂടത്തിന് അധികാരത്തിലെത്തുന്ന ആദ്യ ദിവസം തന്നെ (ജനുവരി 20) പുതിയ നയങ്ങൾ നടപ്പിലാക്കാൻ കഴിയും. 2016ലെ ആദ്യ ട്രംപ് സർക്കാരിന്റെ കാലത്ത് ഏർപ്പെടുത്തിയ യാത്രാ വിലക്ക് കണക്കിലെടുത്ത് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകുന്നുവെന്നും മസാച്യുസെറ്റ്സ് സർവകലാശാല പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കുന്നു. യാത്രാനിരോധനം ഏർപ്പെടുത്തുന്നത് ഏത് വിധമായിരിക്കുമെന്ന് ഇപ്പോൾ ഊഹിക്കാനാവില്ല. ഏത് രാജ്യങ്ങളെ ഇത് ബാധിക്കുമെന്ന് മുൻകൂട്ടി പറയാനാവില്ലെന്നും സർവകലാശാല പ്രസ്താവനയിൽ പറയുന്നു.
മസാച്യുസെറ്റ്സ് ഇൻസ്റ്റിട്യൂറ്റ് ഒഫ് ടെക്നോളജിയും ഇത്തരത്തിൽ ഒരു നിർദേശം വിദ്യാർത്ഥികൾക്ക് നൽകിയിട്ടുണ്ട്. ട്രംപ് പദ്ധതികൾ യാത്രയ്ക്കും വിസ ലഭ്യമാകുന്നതിലും തടസം സൃഷ്ടിച്ചേക്കാമെന്ന് സ്ഥാപനം വ്യക്തമാക്കുന്നു.
ട്രംപ് സർക്കാരിന്റെ ആദ്യ യാത്ര നിരോധനത്തിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും കുടിയേറ്റക്കാർക്കുമാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇതിൽ കൂടുതലും മുസ്ളീം രാജ്യങ്ങളായിരുന്നു. ഇതിന് പിന്നാലെ ട്രംപിന്റെ നയത്തിനെതിരായുള്ള ഹർജികളിൽ യാത്രാവിലക്കിന് കോടതി പരിഷ്കാരമേർപ്പെടുത്തിയെങ്കിലും 2018ൽ യുഎസ് സുപ്രീംകോടതി ട്രംപിന്റെ നയം ശരിവച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിവിധ സർവകലാശാലകളിൽ നിന്ന് യുഎസിൽ നാല് ലക്ഷത്തിലധികം പേരാണ് ഇക്കൊല്ലം എൻറോൾ ചെയ്തത്. ന്യൂയോർക്ക് സർവകലാശാല, നോർത്ത് ഈസ്റ്റേൺ സർവകലാശാല, കൊളംബിയ സർവകലാശാല, അരിസോണ സർവകലാശാല എന്നിവിടങ്ങളിലാണ് കൂടുതൽ എൻറോൾമെന്റുകളും. ഇതോടെ നിലവിൽ 1.1 ദശലക്ഷം അന്താരാഷ്ട്ര വിദ്യാർത്ഥികൾ യുഎസിലുണ്ടെന്നാണ് കണക്ക്.
പുതിയ അഡ്മിഷനുകൾ ഏഴ് ശതമാനം വർദ്ധിച്ചു. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളുള്ളത് ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമാണ്. 29 ശതമാനമാണ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ, ചൈനയിൽ നിന്ന് 25 ശതമാനവും. 2023-24 കാലയളവിൽ 3,31,600 വിദ്യാർത്ഥികളെയാണ് ഇന്ത്യ യുഎസിലേയ്ക്ക് അയച്ചത്. ബിരുദാനന്തര ബിരുദമുള്ള, പിഎച്ച്ഡി യോഗ്യതയുള്ള കൂടുതൽ വിദ്യാർത്ഥികളെ അയച്ചതും ഇന്ത്യ തന്നെയാണ്.
ട്രംപ് തിരികെ അധികാരത്തിലെത്തുന്നതിൽ എല്ലാ അന്താരാഷ്ട്ര വിദ്യാർത്ഥികളും ആശങ്കാകുലരാണെന്ന് കൊളറാഡോ സർവകലാശാല പറയുന്നു. വിദ്യാഭ്യാസം തുടരാൻ അനുവദിക്കുമോ എന്നതിലും വിസയുമായും ബന്ധപ്പെട്ടും വിദ്യാർത്ഥികൾ ആശങ്കയിലാണ്. വിസ കയ്യിലുള്ളവരെയാകും ഇത് ഏറ്റവും ബാധിക്കുകയെന്നും ഇവരെ നാടുകടത്താനായിരിക്കും കൂടുതൽ എളുപ്പമെന്നും ചിലർ ആശങ്ക പങ്കുവച്ചു.