ലണ്ടൻ∙ മത്സരത്തിന്റെ 75–ാം മിനിറ്റ് വരെ 3–0ന് മുന്നിട്ടു നിൽക്കുക. അടുത്ത 15 മിനിറ്റിനുള്ളിൽ മൂന്നു ഗോൾ തിരികെവാങ്ങി സമനില വഴങ്ങുക… പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക് സംഭവിക്കുന്ന ‘അസാധാരണ’ വീഴ്ച കണ്ട് അന്തിച്ചു നിൽക്കുകയാണ് ഫുട്ബോൾ ലോകം. യുവേഫ ചാംപ്യൻസ് ലീഗിൽ ഡച്ച് ക്ലബ് ഫെയെനൂർദിനോടാണ് മാഞ്ചസ്റ്റർ സിറ്റി 3–3ന് സമനില വഴങ്ങിയത്. അതും സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ. കരുത്തൻമാരുടെ പോരാട്ടത്തിൽ ജർമൻ കരുത്തൻമാരായ ബയൺ മ്യൂണിക്ക് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയെ 1–0ന് തോൽപ്പിച്ചു.
മറ്റു മത്സരങ്ങളിൽ ബാർസിലോന ബ്രെസ്റ്റിനെയും (3–0), എസി മിലാൻ സ്ലോവൻ ബ്രാട്ടിസ്ലാവയെയും (3–2), അത്ലറ്റിക്കോ മഡ്രിഡ് സ്പാർട്ട പ്രേഗിനെയും (6–0), ബയർ ലെവർക്യൂസൻ ആർബി സാൽസ്ബർഗിനെയും (5–0), ഇന്റർ മിലാൻ ആർബി ലെയ്പ്സിഗിനെയും (1–0) ആർസനൽ സ്പോർട്ടിങ്ങിനെയും (5–1), അറ്റലാന്റ യങ് ബോയ്സിനെയും (6–1) തോൽപ്പിച്ചു.
ഫെയെനൂർദിനെതിരെ സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ടഗോളും (44–പെനൽറ്റി, 53) മിനിറ്റുകളിൽ, ഇയാൻ ഗുണ്ടോഗന്റെ (50) ഗോളും ചേർന്നതോടെയാണ് സിറ്റി 3–0ന് ലീഡു നേടിയത്. വിജയമുറപ്പിച്ചു മുന്നേറുന്നതിനിടെ 75–ാം മിനിറ്റിൽ ഹാജ് മൂസയിലൂടെ ഫെയെനൂർദ് ആദ്യ ഗോൾ തിരിച്ചടിച്ചു. 82–ാം മിനിറ്റിൽ സാന്തിയാഗോ ജിമെനെസും ഗോൾ നേടിയതോടെ സ്കോർ 2–3. നിശ്ചിത സമയം അവസാനിക്കാൻ ഒരു മിനിറ്റു മാത്രം ശേഷിക്കെ ഡേവിഡ് ഹാൻകോയും ലക്ഷ്യം കണ്ടതോടെയാണ് സിറ്റിയെ ഫെയെനൂർദ് സമനിലയിൽ കുരുക്കിയത്.
ബ്രെസ്റ്റിനെതിരെ സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്കിയുടെ ഇരട്ടഗോളും (10–പെനൽറ്റി, 90+2 മിനിറ്റുകളിൽ), ഡാനി ഒൽമോയുടെ ഗോളും (66) ചേർന്നതോടെയാണ് ബാർസ മികച്ച വിജയം സ്വന്തമാക്കിയത്. ഇതോടെ, ചാംപ്യൻസ് ലീഗിൽ ഗോളുകളിൽ സെഞ്ചറി തികയ്ക്കുന്ന മൂന്നാമത്തെ മാത്രം താരമായി ലെവൻഡോവ്സ്കി മാറി. ക്രിസ്റ്റ്യാനോ റൊണാൾഡോ (141 ഗോളുകൾ), ലയണൽ മെസ്സി (129 ഗോളുകൾ) എന്നിവർ മാത്രം മുന്നിൽ.
40 goals in one night 🤯#UCL pic.twitter.com/caPWUdMviD
— UEFA Champions League (@ChampionsLeague) November 26, 2024
കരുത്തൻമാരുടെ പോരാട്ടത്തിൽ പിഎസ്ജിക്കെതിരെ ആദ്യ പകുതിയിൽ പ്രതിരോധനിരയിലെ കിം മിൻ ജേ നേടിയ ഗോളിലാണ് ബയൺ വിജയം പിടിച്ചെടുത്തത്. 38–ാം മിനിറ്റിലായിരുന്ന കിം മിന്നിന്റെ ഗോൾ. 56–ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട ഒസ്മാൻ ഡെംബെലെ പുറത്തുപോയത് പിഎസ്ജിയുടെ കളിയെ ബാധിച്ചു.
മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാകുന്നതിനായി റൂബൻ അമോറിം സ്ഥാനമൊഴിഞ്ഞതോടെ പഴയ പ്രതാപം കൈവിടുന്നുവെന്ന സൂചന നൽകിയാണ് പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിങ് സിപി, ഇംഗ്ലിഷ് ക്ലബ് ആർസനലിനോട് 5–1ന് തോറ്റത്. ഗബ്രിയേൽ മാർട്ടിനെല്ലി (7–ാം മിനിറ്റ്), കൈ ഹാവർട്സ് (22’), ഗബ്രിയേൽ മേഗാലസ് (45+1), ബുകായോ സാക (65–പെനൽറ്റി), ട്രൊസ്സാർഡ് (82) എന്നിവരാണ് ലക്ഷ്യം കണ്ടത്.
English Summary:
Bayern Munich beat PSG; Manchester City collapse again; Arsenal and Barcelona win
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]