കൊച്ചി:രാജ്യാന്തര ചലച്ചിത്രമേളയ്ക്കു മുന്നോടിയായി ചലച്ചിത്ര വികസന കോർപ്പറേഷനും ചലച്ചിത്ര അക്കാദമിയും ചേർന്ന് സംഘടിപ്പിക്കുന്ന കേരള ഫിലിം മാർക്കറ്റിന്റെ (കെ.എഫ്.എം.) രണ്ടാം പതിപ്പ് ഡിസംബർ 11 മുതൽ 13 വരെ തിരുവനന്തപുരത്ത് നടക്കും. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലുമായി നടക്കുന്ന കെ.എഫ്.എമ്മിന്റെ പ്രധാന ആകർഷണം ബിസിനസ് ടു ബിസിനസ് മീറ്റിങ്ങുകളും ലോക സിനിമയിലെ പ്രതിഭകൾ നയിക്കുന്ന ശില്പശാലകളുമാണ്.
ഗോവ ചലച്ചിത്രോത്സവത്തിലെ ഫിലിം ബസാറിനു തുല്യമായ സംവിധാനമായി കെ.എഫ്.എമ്മിനെ മാറ്റുകയെന്നതാണ് ലക്ഷ്യമെന്ന് ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുണും ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചലച്ചിത്ര പ്രവർത്തകർക്ക് സിനിമയിലെ വിവിധ മേഖലകളെ സംബന്ധിച്ച നൂതന അറിവുകളും വാണിജ്യ സാധ്യതകളും പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. 6000 രൂപയും ജി.എസ്.ടി.യുമാണ് ഡെലിഗേറ്റുകൾക്കുള്ള രജിസ്ട്രേഷൻ ഫീസ്.
രണ്ടാം പതിപ്പിൽ ബിസിനസ് ടു ബിസിനസ് മീറ്റിങ്ങുകൾക്കും ശില്പശാലയ്ക്കും പുറമേ മാസ്റ്റർ ക്ലാസ് എന്ന വിഭാഗവുമുണ്ട്. പാരീസ് ആസ്ഥാനമായ പ്രശസ്ത ഫിലിം സെയിൽസ് കമ്പനി ആൽഫാ വയലറ്റിന്റെ സ്ഥാപക കേയ്കോ ഫുനാറ്റോ, ബാരേന്റ്സ് ഫിലിംസ് എ.എസിന്റെ മാനേജിങ് ഡയറക്ടറും പ്രമുഖ ചലച്ചിത്ര നിർമാതാവുമായ ഇൻഗ്രിഡ് ലിൽ ഹോഗ്ടൻ എന്നിവരുമായി ബിസിനസ് മീറ്റിങ്ങിന് നിർമാതാക്കൾക്ക് അവസരം ലഭിക്കും. സിനിമാട്ടോഗ്രഫിയെക്കുറിച്ച് ആഗ്നസ് ഗൊദാർദും പശ്ചാത്തല സംഗീതത്തെക്കുറിച്ച് ബിയാട്രിസ് തിരെയും നേതൃത്വം നൽകുന്ന ത്രിദിന ശില്പശാലയും നടക്കും. സിനിമാട്ടോഗ്രഫി ശില്പശാലയ്ക്ക് 20,000 രൂപയും പശ്ചാത്തല സംഗീത ശില്പശാലയ്ക്ക് 15,000 രൂപയുമാണ് ഫീസ്. www.keralafilmmarket.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
കെ.എസ്.എഫ്.ഡി.സി. മാനേജിങ് ഡയറക്ടർ പി.എസ്. പ്രിയദർശനനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]