സിനിമയെന്ന സ്വപ്നത്തിലേയ്ക്കുള്ള യാത്രയില്‍ പരിമിതികളെയെല്ലാം കാറ്റില്‍പ്പറത്തിയിരിക്കുകയാണ് രാഗേഷ് കൃഷ്ണന് എന്ന കലാകാരന്. ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രല്‍ പാള്‍സി എന്ന രോഗത്തോട് പൊരുതിയാണ് ഈ പന്തളം സ്വദേശി സിനിമയോട് അടുത്തത്. രോഗം ശരീരത്തെ തളര്‍ത്തിയപ്പോഴും അദ്ദേഹത്തിന്റെ മനസ്സിലെ പോരാട്ടവീര്യം തെല്ലും പിന്നോട്ടുപോയില്ല. രാഗേഷ് കൃഷ്ണന് കുരമ്പാല സംവിധായകന്റെ കുപ്പായമണിഞ്ഞ ‘കളം@24’ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. നവംബര്‍ 29-ന് ചിത്രം തിയറ്ററുകളില്‍ എത്തും.
പന്തളം കുരമ്പാല കാര്‍ത്തിക ഭവനില്‍ രാധാകൃഷ്ണ കുറുപ്പിന്റെയും രമ കുറുപ്പിന്റെയും മകനാണ് രാഗേഷ്. ചരിത്രത്തില്‍ ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമയുമുണ്ട്. അഞ്ച് ആല്‍ബവും മൂന്ന് ഹൃസ്വചിത്രവും ഒരുക്കിയ ശേഷമാണ് രാഗേഷ് സിനിമയൊരുക്കാന്‍ ഇറങ്ങിയത്. ഈ ചിത്രങ്ങള്‍ക്ക് പുരസ്കാരവും നേടി. അന്താരാഷ്ട്ര സിനിമാലോകത്ത് വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് ഈ രോഗത്തോട് പൊരുതി ഒരുമുഴുനീള ചിത്രം സംവിധാനം ചെയ്തിട്ടുള്ളതെന്നതും പ്രത്യേകതയാണ്. ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തിയാണ് ഫാന്റസി-ഡ്രാമ വിഭാഗത്തിലുള്ള ഒരു സസ്പെന്‍സ് ത്രില്ലര്‍ രാഗേഷ് കൃഷ്ണന് ഒരുക്കിയത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണവും സംവിധായകന്റേത് തന്നെ. തന്റെ സിനിമ വിശേഷങ്ങള്‍ രാഗേഷ് മാതൃഭൂമിയോട് പങ്കുവെക്കുന്നു.
കൗതുകത്തോടെയാണ് സിനിമയെ നോക്കിക്കാണുന്നത്
എന്നുമുതലാണ് സിനിമാമോഹം മനസ്സില്‍ ഉദിച്ചതെന്ന് എനിക്ക് അറിയില്ല. ദൂരദര്‍ശനിലൂടെയാണ് സിനിമകള്‍ കണ്ടുതുടങ്ങുന്നത്. അന്നേ സിനിമ കാണാന്‍ ഒരുപാടിഷ്ടമാണ്. കൗതുകത്തോടെയാണ് സിനിമയെ നോക്കികണ്ടിരുന്നത്. 12-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ ‘പാഥേര്‍ പാഞ്ചാലി’ കാണാനിടയായി. ആ സിനിമ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഒരു തിരക്കഥ എങ്ങനെ എഴുതുമെന്നൊക്കെ ആ പടത്തിലൂടെ മനസ്സിലാക്കി. പിന്നീട് സുഹൃത്തുമൊത്ത് ഒരു നാടകം എഴുതി സംവിധാനം ചെയ്തു. അന്ന് മുതല്‍ സിനിമ എന്റെ മനസ്സിലുണ്ട്.
കൈവിറയില്ലാതെ എഴുതാന്‍ ബുദ്ധിമുട്ടാണ്
ഒരു കഥയൊക്കെ കൈ വിറയില്ലാതെ എഴുതാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. ഞാന്‍ തന്നെയിരുന്ന് സമയമെടുത്താണ് ഓരോ കഥയും എഴുതുന്നത്. ആദ്യം എനിക്ക് മനസ്സിലാകുന്ന രീതിയില്‍ പേപ്പറില്‍ എഴുതും. പിന്നീട് ഞാന്‍ തന്നെ അത് കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യും. അങ്ങനെയാണ് തിരക്കഥ തയാറാക്കുന്നത്. ഹ്രസ്വ ചിത്രം ചെയ്തുകൊണ്ട് ഞാന്‍ സിനിമ മേഖലയിലേയ്ക്ക് എത്തുന്നത്. ഞാന്‍ ചെയ്ത രണ്ട് ഹ്രസ്വ ചിത്രങ്ങള്‍ പുരസ്കാരത്തിന് അര്‍ഹമായിട്ടുണ്ട്.
ഇടയ്ക്ക് ചിത്രീകരണം മുടങ്ങി, സഹായവുമായി മന്ത്രി
പഠിക്കുന്ന സമയത്തേ ചെറുതായിട്ട് ഒക്കെ എഴുതുമായിരുന്നു. 12-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചെറുകഥയൊക്കെ എഴുതി. രണ്ടുമൂന്ന് സിനിമകള്‍ക്കുള്ള തിരക്കഥ ഞാന്‍ തയാറാക്കി വെച്ചിട്ടുണ്ട്. പെട്ടെന്ന് ഒരു സിനിമ ചെയ്യാനുള്ള സാഹചര്യം വന്നപ്പോള്‍ അതില്‍ ഒരെണ്ണം എടുത്തുവെന്ന് മാത്രം. എന്റെ കമ്പനിയായ സിനി ഹൗസും സി.എം.കെ പ്രൊഡക്ഷനും ചേര്‍ന്നാണ് ‘കളം@24’ നിര്‍മിച്ചിരിക്കുന്നത്.
ഇടയ്ക്ക് സിനിമയുടെ ചിത്രീകരണം നിന്നുപോകുന്ന അവസ്ഥയിലെത്തി. സാമ്പത്തിക ബുദ്ധിമുട്ട് ഉള്‍പ്പടെ ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടു. അതോടെ ഞാന്‍ മന്ത്രി സജി ചെറിയാനെ പോയി കണ്ടു. അദ്ദേഹമാണ് എനിക്ക് സിനിമ മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തുതന്നത്. തിയേറ്റര്‍ റിലീസിനുള്ള സൗകര്യമെല്ലാം അദ്ദേഹം ചെയ്തുതന്നു. ചലച്ചിത്ര വികസന കോര്‍പറേഷന്റെ തിയറ്ററുകള്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ വിട്ടുനല്‍കിയിട്ടുണ്ട്. റിലീസ് തീയതിയും പ്രഖ്യാപിച്ചത് മന്ത്രിയാണ്.
അമ്മയുടെ ഒക്കത്തിരുന്നാണ് സ്കൂളില്‍ പോയത്
എനിക്ക് എന്റെ അമ്മയാണ് എല്ലാം. അമ്മയുടെ കരമാണ് എന്നെ പിടിച്ചുനിര്‍ത്തിയത്. മൂന്ന് വയസ്സുവരെ ഞാന്‍ നടക്കില്ലായിരുന്നു. അമ്മയുടെ ഒക്കത്തിരുന്നാണ് ഞാന്‍ സ്കൂളില്‍ പോയത്. എന്നെ ഇപ്പോള്‍ മറ്റൊരാളോട് സംസാരിക്കുന്ന നിലയിലേയ്ക്ക് പ്രാപ്തനാക്കിയത് അമ്മയാണ്. എന്നെ ഒരുകാര്യത്തിലും അമ്മ മാറ്റിനിര്‍ത്തിയില്ല. എന്റെ ആദ്യത്തെ ഹ്രസ്വചിത്രത്തിന്റെ നിര്‍മാതാവും അമ്മയായിരുന്നു. അച്ഛനും എന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്. 12 വയസ്സുവരെ ആയുര്‍വേദ ചികിത്സ ചെയ്തിട്ടുണ്ട്. പിന്നീടൊന്നും ചെയ്തിട്ടില്ല.
കളിയാക്കലുകളില്‍ ഞാന്‍ പതറിയില്ല
എന്നെക്കൊണ്ട് സിനിമ ചെയ്യാനാകില്ലെന്ന് ഒരുപാടുപേര് പറഞ്ഞിട്ടുണ്ട്. ഒരുപാട് കളിയാക്കലുകള്‍ നേരിട്ടു. ഈ സിനിമ പ്രതിസന്ധിയിലായപ്പോഴും ഒരുപാടുപേര് കളിയാക്കി. ആ കളിയാക്കലുകളില്‍ ഞാന്‍ പതറിയില്ല. എനിക്ക് എന്നില്‍ ഒരുപാട് വിശ്വാസമുണ്ടായിരുന്നു. കളിയാക്കലുകള്‍ ഒക്കെ നേരിട്ട സമയത്ത് എന്നെങ്കിലും ഒരു സിനിമ ചെയ്യുമെന്ന് ഞാന്‍ മനസ്സില്‍ ഉറച്ച തീരുമാനം എടുത്തിരുന്നു. എന്നെ കളിയാക്കിയവരോടും പരിഹസിച്ചവരോടും ഒരുപാട് നന്ദിയുണ്ട്. അവരൊക്കെ അങ്ങനെ കളിയാക്കിയതുകൊണ്ടാണ് എനിക്ക് മുന്നോട്ട് പോകാനുള്ള ഊര്‍ജം ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]