കൊച്ചി: 144 മിനിറ്റുകളുള്ള ഒരുമുഴുനീളസിനിമയിലെ ടൈറ്റില്‍ കാര്‍ഡിലുള്‍പ്പെടെ പ്രധാന ഫ്രെയിമുകളിലെല്ലാം തന്നെ സ്ക്രീനില്‍ തിളങ്ങിയ 18*24 ഇഞ്ച് കാന്‍വാസിലെ ബോഗയ്ന്‍വില്ല പടങ്ങള്‍ കാഴ്ച്ചക്കാരുടെ സൈര്യം കെടുത്തുന്നവയാണ്. കാരണം, സിനിമയുടെ ക്ലൈമാക്സിലേക്കുള്ള താക്കോലും സിനിമയുടെ നിഗൂഢതകള്‍ വളരെ വിദഗ്ധമായി സംവിധായകന് ഒളിപ്പിച്ചതും, സിനിമയുടെ കഥാതന്തുവിലേക്കുള്ള കുറുക്കുവഴിയും ബോഗയ്ന്‍വില്ല സിനിമയിലെ ഈ ബോഗയ്ന്‍വില്ല പടങ്ങളായിരുന്നു.
സിനിമയുടെ ആത്മാവെന്ന് വിശേഷിപ്പിക്കാവുന്ന ബോഗയ്ന്‍വില്ല പടങ്ങള്‍ വരച്ച നിസാരക്കാരനല്ലാത്ത ആ ആര്‍ട്ടിസ്റ്റ് ഒരു കൊച്ചിക്കാരനാണെന്ന് പറഞ്ഞാല്ലോ…വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടല്ലേ……. സൗത്ത് ചിറ്റൂരില്‍ താമസിക്കുന്ന ആഷില്‍ ആന്റണിയാണ് വിവിധ കാന്‍വാസുകളിലായി പിങ്ക്, ചുവപ്പ്, പര്‍പ്പിള്‍ തുടങ്ങി നിറങ്ങളില്‍ സ്ക്രീനില്‍ തെളിഞ്ഞ ബോഗയ്ന്‍വില്ല പടങ്ങളും മറ്റ് പടങ്ങളും വരച്ചത്.
ഇംപ്രഷണിസം മുതല്‍ അലപ്രിമ വരെ
എനിക്ക് അറിയാവുന്ന ഒരു സീനിയര്‍ ആര്‍ട്ടിസ്റ്റ് മോപസാങ്ക് വാലത്ത് വഴിയാണ് അമല്‍ സാര്‍ എന്നെ കോണ്ടാക്ട് ചെയ്യുന്നത്. ഞാന്‍ ചെയ്യുന്ന അതേ സ്റ്റൈലിലുള്ള പെയിന്റിങുകളാണ് അവര്‍ക്ക് വേണ്ടിയിരുന്നത്. ഒരു ഇംപ്രഷണിസ്റ്റ് സ്റ്റൈല്‍ ഉപയോഗിച്ചാണ് ഞാന്‍ പെയിന്റിങ് ചെയ്യുന്നത്. സാര്‍ ആവശ്യപ്പെട്ട പ്രകാരം രണ്ട് ബോഗയ്ന്‍വില്ല പെയ്ന്റിങ് വരച്ച് കൊടുത്തിരുന്നു . അവര്‍ക്കത് ഒക്കെയായിരുന്നു. അങ്ങനെയാണ് ഞാനാ ബോഗയ്ന്വില്ല് പെയിന്റിങ്ങുകളുടെ സൃഷ്ടാവാകുന്നത്.
ഇംപ്രഷണിസ്റ്റ് സ്റ്റൈല്‍ ഓഫ് പെയിന്റിങ് ഉപയോഗിക്കുന്ന മീഡിയത്തെയും ബ്രഷിനെയും ആശ്രയിച്ചാണിരിക്കുന്നത്. അതിന്റെ ക്യാരക്ടര്‍ ആ വര്‍ക്കില്‍ കാണാന്‍ കഴിയും. അക്രിലിക് ആണ് ഞാന്‍ ഉപയോഗിക്കുന്നത്, അതുപോലെ ഞാന്‍ ഉപയോഗിക്കുന്ന ബ്രഷ് ഹോഗ് ഹെയറാണ്.
അലപ്രിമ എന്നാണ് ആ പെയിന്റിങ് സ്റ്റൈലിനെ പറയുന്നത്. എന്റെ വര്‍ക്കുകള്‍ അങ്ങനെയാണ് ഞാന്‍ ചെയാറുള്ളത്. സിനിമയുടെ പെയിന്റിങിന് വേണ്ടി പെയിന്റിങ് സ്റ്റൈലിലോ മറ്റോ വേറെ ഒന്നും എനിക്ക് മാറ്റേണ്ടിവന്നിട്ടില്ല.- ആഷിൽ പറഞ്ഞു
ബൊഗയ്ന്വില്ലയും സൂര്യകാന്തി പൂക്കളും
‘ബോഗയ്ന്‍വില്ല പടങ്ങളും സൂര്യകാന്തി പൂക്കളും സിനിമയുടെ നാഴികക്കലാകുന്ന മറ്റ് പ്രധാന പടങ്ങളും ഉള്‍പ്പെടെ സിനിമയില്‍ കാണുന്ന എല്ലാ പെയിന്റിങുകളും വരച്ചത് ഞാന്‍ തന്നെയാണ്. 18*24 ഇഞ്ച് വലുപ്പത്തിലും 30*36 ഇഞ്ച് വലിപ്പത്തിലുമാണ് പെയിന്ിങുകള് വരച്ചത്. ഒരു മണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ സമയത്തിനുള്ളിലാണ് പെയിന്റിങുകള്‍ തീര്‍ത്തത്. ബോഗയ്ന്‍വില്ല വരച്ചത്, ഗൂഗിളില്‍ നിന്ന് റഫറന്‍സ് എടുത്തും നേരിട്ട് കണ്ടും ഒക്കെയാണ്.’
ആദ്യത്തെ ഷൂട്ടിങ് എക്സ്പീരിയന്‍സ്
‘ഏകദേശം 22 ഓളം പെയിന്റുകളാണ് സിനിമയ്ക്കായി വരച്ചിട്ടുള്ളത്. അതില്‍ 18-20 എണ്ണം വീട്ടിലിരുന്നും അഞ്ച് എണ്ണം ഷൂട്ടിങ് സൈറ്റിലിരുന്നുമാണ് വരച്ചത്. വീട്ടിലിരുന്ന് വരച്ച പെയിന്റിങുകള്‍ ഒറ്റയിരുപ്പിനാണ് ചെയ്ത് തീര്‍ത്തത്. സിനിമയില്‍ നായിക പെയിന്റ് ചെയ്യുന്ന സീനുകളാണ് ഷൂട്ടിങ് സൈറ്റില്‍ പോയി ചെയ്യതത്. കാഞ്ഞിരപ്പിള്ളിയിലായിരുന്നു ഷൂട്ടിങ്്. എന്റെ ആദ്യത്തെ ഷൂട്ടിങ് എക്സ്പീരിയന്‍സായിരുന്നു. അവിടെ ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു. എല്ലാം അവര്‍ പറഞ്ഞുതന്നു, അതുപോലെ ഞാന്‍ ചെയ്തു. ഏകദേശം ആറ് ഏഴ് ദിവസത്തോളമാണ് ഷൂട്ടിങ് ഉണ്ടായിരുന്നത്. നല്ല എക്സ്പീരിയന്‍സ് ആയിരുന്നു. സിനിമയ്ക്ക് വേണ്ടി ക്യാരക്ടേഴ്സിന്റെ ഫസ്റ്റ് ലുക്ക് വരച്ചിട്ടുണ്ടെങ്കിലും ഷൂട്ടിങിന് പോകുന്നത് ആദ്യമായിട്ടാണ്. മമ്മൂട്ടി നായകനായി അഭിനയിച്ച ഗ്രേറ്റ് ഫാദര്‍, പൃഥ്വിരാജ് നായകനായ എസ്ര എന്നി സിനിമകളിലെ ക്യാരക്ടേഴ്സിന്രെ ഫസ്റ്റ് ലുക്കുകള്‍ വരച്ചിട്ടുണ്ട്.’
സിനിമയില്‍ ഞാനില്ലെങ്കിലും ഞാനുള്ള ഒരു പ്രതീതി
‘അമല്‍ നീരദിന്റെ സിനിമയില്‍ ഞാന്‍ അഭിനയിച്ചൊരു ഫീല്‍ തന്നെയാണ് സിനിമ കണ്ടപ്പോള്‍ കിട്ടിയത്. കാരണം ഞാന്‍ വരച്ച പെയിന്റിങുകള്‍ അത്രയും പ്രാധാന്യത്തോടെയാണ് അതില്‍ കാണിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ ആ പെയിന്റിങുകള്‍ക്ക് സിനിമയിലെ കഥാപാത്രങ്ങളുടെതിനുള്ളത്ര തുല്യപ്രാധാന്യവും ഉണ്ട്.’
വഴി തിരിഞ്ഞ് വന്ന് ഫീല്‍ഡ്
‘ഞാന്‍ പഠിച്ചത് ആനിമേഷന്‍, ഗ്രാഫിക്സ് അതൊക്കെയായിരുന്നു. ആനിമേഷന്‍ പഠിപ്പിച്ച ജോര്‍ജ് സാര്‍ വഴിയാണ് ഫൈന്‍ ആര്‍ട്സ് കോളേജിനെ കുറിച്ചൊക്കെ അറിയുന്നതും ആര്‍ട്ട് ഫീല്‍ഡിലേക്ക് എത്തുന്നതും. തൃപ്പൂണിത്തുറ ആര്.എല്‍.വി. കോളേജില്‍ നിന്നാണ് ഫൈന്‍ ആര്‍ട്സ് പഠിച്ചത്. 2008 മുതല്‍ 2014 വരെ ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സും മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്സും പഠിച്ചു. ഇപ്പോള്‍ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. കച്ചേരിപ്പടിയിലെ വോള്‍ ഫ്രെയിം ആര്‍ട്ട് ഗാലറിയിലാണ് വര്‍ക്ക് ചെയ്യുന്നത്’.
പെയിന്റിങില്‍ ഇന്സ്പിരേഷന് തന്നത് മമ്മി
ചെറുപ്പം മുതലേ ഞാന്‍ വരയ്ക്കുമായിരുന്നു, എന്റെ മമ്മി മേരി ഫിലോമിന വരയ്ക്കുന്നത് കണ്ടാണ് ഞാനും വരയ്ക്കാനൊക്കെ തുടങ്ങിയത്. പോര്‍ട്രൈയ്റ്റ്, നേച്ചര്‍ അതൊക്കെ വരയ്ക്കാനാണ് കൂടുതല്‍ ഇഷ്ടം.- ആഷിൽ പറഞ്ഞു.
പരേതനായ എ.ജെ. ആന്റണിയാണ് പിതാവ്. ആര്‍ഷ സനില്‍, അനീഷ ആന്റണി എന്നവരാണ് സഹോദരങ്ങള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]