
പെർത്ത്∙ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയം മുന്നിൽക്കാണുന്ന ഇന്ത്യ, വിക്കറ്റ് വേട്ട തുടരുന്നു. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 12 റൺസുമായി നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസിന്, അഞ്ച് റൺസ് കൂടി ചേർക്കുമ്പോഴേയ്ക്കും നാലാം വിക്കറ്റും നഷ്ടമായി. 13 പന്തിൽ നാലു റൺസുമായി ഓപ്പണർ ഉസ്മാൻ ഖവാജയാണ് പുറത്തായത്. മുഹമ്മദ് സിറാജിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ക്യാച്ചെടുത്തു.
ഒൻപത് ഓവർ പൂർത്തിയാകുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 22 റൺസ് എന്ന നിലയിലാണ് ഓസീസ്. ട്രാവിസ് ഹെഡ് (17 പന്തിൽ 3), സ്റ്റീവ് സ്മിത്ത് (എട്ടു പന്തിൽ അഞ്ച്) എന്നിവർ ക്രീസിൽ. ആറു വിക്കറ്റ് മാത്രം കയ്യിലിരിക്കെ ഓസീസിന് വിജയത്തിലേക്ക് 512 റൺസ് കൂടി വേണം.
ഓപ്പണർ നഥാൻ മക്സ്വീനി (നാലു പന്തിൽ 0), നൈറ്റ് വാച്ച്മാനായി എത്തിയ ക്യാപ്റ്റൻ പാറ്റ് കമിൻസ് (എട്ടു പന്തിൽ രണ്ട്), മാർനസ് ലബുഷെയ്ൻ (അഞ്ച് പന്തിൽ മൂന്ന്) എന്നിവരാണ് ഓസീസ് ഇന്നിങ്സിൽ പുറത്തായ മറ്റുള്ളവർ. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
∙ കരുത്തുകാട്ടി കോലി, ജയ്സ്വാൾ
നേരത്തേ, ഇന്ത്യൻ ക്രിക്കറ്റിലെ വർത്തമാന കാലത്തിന്റെ ‘അധിപൻ’ വിരാട് കോലിയും (100)* ഭാവിയുടെ ‘അമരക്കാരൻ’ യശസ്വി ജയ്സ്വാളും (161) ചേർന്നു വെട്ടിയ വഴിയിലൂടെ പെർത്തിൽ ഇന്ത്യ ഓസീസിനു മുന്നിൽ കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയത്. വിക്കറ്റ് നഷ്ടമില്ലാതെ 172 റൺസ് എന്ന നിലയിൽ മൂന്നാം ദിനം കളി ആരംഭിച്ച ഇന്ത്യ, ജയ്സ്വാളിന്റെയും കോലിയുടെയും സെഞ്ചറിക്കരുത്തിൽ 6ന് 487 റൺസ് എന്ന സ്കോറിൽ ഡിക്ലയർ ചെയ്തു. ഇതോടെയാണ് ആദ്യ ഇന്നിങ്സിൽ വഴങ്ങിയ ലീഡ് അടക്കം ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 534 റൺസായത്.
രണ്ടാം ദിവസത്തെ ഫോം തേച്ചുമിനുക്കിയാണ് മൂന്നാം ദിനവും യശസ്വി ജയ്സ്വാൾ ക്രീസിലെത്തിയത്. ജോഷ് ഹെയ്സൽവുഡ് എറിഞ്ഞ ബൗൺസർ അപ്പർ കട്ട് ചെയ്ത് ബൗണ്ടറി കടത്തിയ ജയ്സ്വാൾ ഓസ്ട്രേലിയയിൽ തന്റെ കന്നി സെഞ്ചറി കുറിച്ചു. സുനിൽ ഗാവസ്കർ, സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി എന്നിവർക്കു ശേഷം പെർത്തിൽ ടെസ്റ്റ് സെഞ്ചറി നേടുന്ന ഇന്ത്യൻ താരമാണ് ജയ്സ്വാൾ. കരിയറിൽ 15 ടെസ്റ്റിനു ശേഷം ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരം (1568 റൺസ്) എന്ന റെക്കോർഡും ഇന്നലെ ജയ്സ്വാൾ സ്വന്തമാക്കി.
1420 റൺസ് നേടിയ വിജയ് ഹസാരെയെയാണ് മറികടന്നത്. സഹ ഓപ്പണർ കെ.എൽ.രാഹുലിനെ (77) ഇടയ്ക്കു വച്ച് നഷ്ടമായെങ്കിലും ഒരറ്റത്ത് ഉറച്ചു നിന്ന ജയ്സ്വാൾ സ്കോർ മുന്നോട്ടുനീക്കി. ഇതിനിടെ ദേവ്ദത്ത് പടിക്കലിനെ (25) നഷ്ടമായെങ്കിലും നാലാം നമ്പറിൽ വിരാട് കോലി എത്തിയതോടെ കാര്യങ്ങൾ വീണ്ടും ഇന്ത്യയുടെ നിയന്ത്രണത്തിലായി. ഒടുവിൽ മിച്ചൽ മാർഷിന്റെ പന്തിൽ കട്ട് ഷോട്ടിനു ശ്രമിച്ചു പുറത്താകുമ്പോൾ അർഹിച്ച ഇരട്ട സെഞ്ചറി കൈവിട്ടുപോയതിന്റെ നിരാശ ഇരുപത്തിരണ്ടുകാരനായ ഇടംകൈ ബാറ്ററുടെ മുഖത്തുണ്ടായിരുന്നു.
∙ കോലി ഈസ് ബാക്ക്
ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നര വർഷത്തോളം നീണ്ടുനിന്ന സെഞ്ചറി വരൾച്ചയ്ക്ക് അന്ത്യം കുറിച്ച്, തന്റെ പ്രതാപകാലത്തെ ഓർമിപ്പിക്കും വിധം വിരാട് കോലി നേടിയ സെഞ്ചറിയായിരുന്നു മൂന്നാം ദിനത്തിലെ മറ്റൊരു ഹൈലൈറ്റ്. ആദ്യ ഇന്നിങ്സിൽ വരുത്തിയ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ രണ്ടാം ഇന്നിങ്സിൽ കരുതലോടെയാണ് കോലി തുടങ്ങിയത്. ഓഫ് സ്റ്റംപിനു പുറത്തുള്ള പന്തുകൾ ലീവ് ചെയ്തും ഫ്രണ്ട് ഫൂട്ട് ബോളിന്റെ ലൈനിൽ നിന്ന് പരമാവധി ഒഴിവാക്കിയും തുടങ്ങിയ കോലി, ക്രീസിൽ നിലയുറപ്പിച്ചതോടെ ഫ്ലിക്ക് ഷോട്ടും സ്ട്രെയ്റ്റ് ഡ്രൈവുകളുമായി റൺ കണ്ടെത്താൻ തുടങ്ങി. ഒടുവിൽ മാർനസ് ലബുഷെയ്ന്റെ പന്ത് സ്വീപ് ഷോട്ടിലൂടെ ബൗണ്ടറി കടത്തി കോലി തന്റെ 30–ാം ടെസ്റ്റ് സെഞ്ചറിയിലെത്തി.
മൂന്നു ഫോർമാറ്റിലുമായി രാജ്യാന്തര ക്രിക്കറ്റിൽ 81–ാം തവണയാണ് കോലി മൂന്നക്കം കടക്കുന്നത്. കോലി സെഞ്ചറി തികച്ചതിനു പിന്നാലെയാണ് ഇന്ത്യ 6ന് 487 എന്ന നിലയിൽ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. നിതീഷ് കുമാർ റെഡ്ഡി 38 റൺസുമായി പുറത്താകാതെ നിന്നു. ഇതാദ്യമായാണ് ഓസ്ട്രേലിയയിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാർ 200 റൺസിനു മുകളിൽ കൂട്ടുകെട്ടുണ്ടാക്കുന്നത്. 201 റൺസാണ് രണ്ടാം ഇന്നിങ്സിൽ രാഹുലും ജയ്സ്വാളും ചേർന്നു നേടിയത്. 23 വയസ്സിനിടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ തവണ (4) 150 റൺസിനു മുകളിൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി യശസ്വി ജയ്സ്വാൾ മാറി. 8 തവണ 150നു മുകളിൽ നേടിയ ഇതിഹാസ താരം ഡോൺ ബ്രാഡ്മാനാണ് പട്ടികയിൽ ഒന്നാമത്. ജാവേദ് മിയാൻദാദ് (പാക്കിസ്ഥാൻ), ഗ്രെയിം സ്മിത്ത് (ദക്ഷിണാഫ്രിക്ക), സച്ചിൻ തെൻഡുൽക്കർ എന്നിവരും ജയ്സ്വാളിനൊപ്പം രണ്ടാം സ്ഥാനത്തുണ്ട്.
English Summary:
Australia vs India, 1st Test, Day 4 – Live Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]