
കുന്നംകുളം: ‘നല്ല നഗരം, ശുചിത്വ നഗര’മെന്ന പദവിയിലേക്ക് കുതിക്കുന്ന കുന്നംകുളം നഗരസഭയിലെ റോഡുകളിലെ യാത്രക്കാരുടെ നടുവൊടിക്കുന്ന കുഴികള്‍ നഗരസഭാ പൊതുമരാമത്ത് വിഭാഗം അടച്ചു തുടങ്ങി. കുന്നംകുളം നഗരത്തിലേക്ക് പ്രവേശിക്കുന്ന വണ്‍വേ റോഡുകളായ ടി.കെ. കൃഷ്ണന് റോഡ്, പാലസ് റോഡ്, ബൈജു റോഡ് എന്നിവ ഉള്‍പ്പെടെയുള്ള നഗരത്തിനുള്ളിലെ റോഡുകളുടെ അറ്റകുറ്റപ്പണികളാണ് ആരംഭിച്ചിട്ടുള്ളത്. രണ്ടു ഘട്ടങ്ങളായാണ് അറ്റകുറ്റപ്പണികള്‍ നടത്തുക. ഒന്നാം ഘട്ട പണികളാണ് ആരംഭിച്ചിട്ടുള്ളത്.
റോഡിലെ കുഴികള്‍ സ്വകാര്യ ബസ് അടക്കമുള്ള വാഹനഗതാഗതത്തെ ബാധിച്ചിരുന്നതായി ബസ് ജീവനക്കാര്‍ പരാതിപ്പെട്ടിരുന്നു. കോഴിക്കോട്, പട്ടാമ്പി ഭാഗത്തുനിന്നും വരുന്ന സ്വകാര്യ ബസുകള്‍ ടി.കെ. കൃഷ്ണന് വണ്‍വേ റോഡ് വഴിയാണ് പുതിയ ബസ്റ്റാന്‍ഡില്‍ പ്രവേശിപ്പിക്കുന്നത്. ഈ റോഡിലാണ് ഭീകര കുഴികള്‍ രൂപപ്പെട്ടിരുന്നത്.
സ്വകാര്യ ബസുകളടക്കമുള്ള വാഹനങ്ങള്‍ കുഴികളില്‍ കയറിയിറങ്ങിയതോടെ സ്പെയര്‍പാര്‍ട്സുകളടക്കം തകര്‍ന്ന് സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ട ഗതികേടിലായിരുന്നു.
ബൈക്ക് യാത്രകരാണ് കുഴികളില്‍ വീണ് പലപ്പോഴും അപകടില്‍പ്പെട്ടിരുന്നത്. നഗരത്തിലെ ടി.കെ. കൃഷ്ണന് റോഡിന് പുറമേ വണ്‍വെ സര്‍വീസ് നടത്തുന്ന ബൈജു റോഡിലുമാണ് കുഴികള്‍ രൂപപ്പെട്ടിരുന്നത്. നഗരത്തിലെ അടുപ്പുട്ടി ഭാഗത്തേക്കുള്ള റോഡുകളിലെയും മറ്റ് റോഡുകളിലെയും കുഴികള്‍ അടക്കുന്ന നടപടികള്‍ ആരംഭിച്ചതായി എന്‍ജിനിയറിംഗ് വിഭാഗം അധികൃതര്‍ പറഞ്ഞു.
രണ്ട് കരാറുകാരാണ് ടെണ്ടര്‍ വിളിച്ചിട്ടുള്ളത്. ഒരു കരാറുകാരന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ ഒന്നാംഘട്ട അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുള്ളത്. രണ്ടാമത്തെ കരാറുകാരന് ഉടന്‍ പണികള്‍ ആരംഭിക്കുമെന്നും ആഴ്ചകള്‍ക്കുള്ളില്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുമെന്ന് നഗരസഭ എന്‍ജിനിയര്‍ വിഭാഗം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]