ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയും ഓഹരി വിപണികളും ഉൾപ്പെടുന്ന മഹാരാഷ്ട്രയിൽ ‘മഹായുതി’ മുന്നണി വൻ വിജയം നേടിയേക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ തന്നെ, നിഫ്റ്റിയുടെയും സെൻസെക്സിന്റെയും കഴിഞ്ഞയാഴ്ചയിലെ അവസാന വ്യാപാരദിനത്തെ ആഘോഷദിനമാക്കി മാറ്റിയിരുന്നു. നിഫ്റ്റി 550 പോയിന്റിലധികവും സെൻസെക്സ് 1,960 പോയിന്റിലധികവും കുതിച്ചാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. എക്സിറ്റിക് പോളുകളെ കവച്ചുവയ്ക്കുന്ന വൻ വിജയം ബിജെപി നയിക്കുന്ന മഹായുതി സ്വന്തമാക്കിയതോടെ, ഈയാഴ്ച വിപണി കുതിച്ചുമുന്നേറിയേക്കാം.
സംസ്ഥാനത്ത് ബിജെപി മുന്നണിയുടെ കഴിഞ്ഞകാല ഭരണത്തിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഭരണം നിലനിർത്താൻ ഏക്നാഥ് ഷിൻഡെ, അജിത് പവാർ എന്നിവരുടെ പാർട്ടികളുടെ പിന്തുണ തേടിയ ബിജെപിക്ക് മുഖ്യമന്ത്രി പദം ഷിൻഡെയ്ക്ക് നൽകേണ്ടിയും വന്നിരുന്നു. ഇക്കുറി പക്ഷേ, കൂടുതൽ ശക്തവും ഏറ്റവും വലിയ ഒറ്റകക്ഷിയുമായ ബിജെപിക്ക് മുഖ്യമന്ത്രി പദം വീണ്ടെടുക്കാം. ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലുണ്ടായ നിറംമങ്ങിയ പ്രകടനത്തിൽ നിന്ന് മഹായുതിയുടെ മഹാവിജയവുമായി മുക്തിനേടാനും കേന്ദ്രം ഭരിക്കുന്ന എൻഡിഎയ്ക്ക് കഴിഞ്ഞു.
മഹായുതി ഭരണം തുടരുന്നത് നയത്തുടർച്ചയും ഉറപ്പാക്കുമെന്നതിനാൽ, ഈ വിജയത്തെ നിക്ഷേപക, സാമ്പത്തിക ലോകം പോസിറ്റിവായാണ് കാണുക. അടിസ്ഥാന സൗകര്യം, മാനുഫാക്ചറിങ്, ബാങ്കിങ്, റിയൽ എസ്റ്റേറ്റ്, ധനകാര്യം, നഗരവികസന മേഖലകൾക്ക് മഹായുതിയുടെ തുടർഭരണം ഗുണകരമാകുമെന്നാണ് വിലയിരുത്തലുകൾ. ഇത് ഈ രംഗത്തെ കമ്പനികൾക്കും അവയുടെ ഓഹരികൾക്കും ഗുണം ചെയ്തേക്കാം.
വെള്ളിയാഴ്ച സെൻസെക്സ് 1,961 പോയിന്റ് ഉയർന്ന് 79,117ലും നിഫ്റ്റി 557 പോയിന്റ് നേട്ടവുമായി 23,907ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇരു സൂചികകളുടെയും കഴിഞ്ഞ 5 മാസത്തിനിടയിലെ ഏറ്റവും മികച്ച ഏകദിന നേട്ടവുമാണിത്. തിങ്കളാഴ്ചയിലെ വ്യാപാരത്തിൽ നിഫ്റ്റി 24,000 ഭേദിച്ച് 24,500 പോയിന്റ് തൊടാനുള്ള സാധ്യത നിരവധി നിരീക്ഷകർ കാണുന്നുണ്ട്. സെൻസെക്സ് വീണ്ടും 80,000 പോയിന്റും ഭേദിച്ചേക്കാം.
നേട്ടം കുറിക്കാൻ കല്യാൺ ജ്വല്ലേഴ്സ്
കേരളം ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ശൃംഖലയും ലിസ്റ്റഡ് കമ്പനിയുമായ കല്യാൺ ജ്വല്ലേഴ്സ് ഉൾപ്പെടെ പുതുതായി 5 കമ്പനികൾ തിങ്കളാഴ്ച പ്രാബല്യത്തിൽ വരുന്ന പുനഃക്രമീകരണത്തിലൂടെ എംഎസ്സിഐ സ്റ്റാൻഡേർഡ് ഇൻഡക്സിൽ ഇടംപിടിക്കും. ഓഹരികൾക്ക് രാജ്യാന്തര നിക്ഷേപകരുടെ ശ്രദ്ധകിട്ടുന്ന ഇന്റർനാഷണൽ സൂചികയാണിത്.
TS Kalyanaraman (Managing Director, Kalyan Jewellers). Image : Kalyan Jewellers Website.
ഇതുവഴി കല്യാൺ ജ്വല്ലേഴ്സ് ഓഹരികളിലേക്ക് അധികമായി 241 മില്യൺ ഡോളർ (ഏകദേശം 2,000 കോടി രൂപ) നിക്ഷേപം എത്തുമെന്നാണ് ഗവേഷണ സ്ഥാപനമായ നുവമ ഓൾട്ടർനേറ്റീവ് ആൻഡ് ക്വാണ്ടിറ്റേറ്റീവ് റിസർച്ചിന്റെ വിലയിരുത്തൽ. ബിഎസ്ഇ (ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്), വോൾട്ടാസ്, ആൽകെം ലാബ്, ഒബ്റോയ് റിയൽറ്റി എന്നിവയാണ് പുതുതായി ഇടംപിടിക്കുന്ന മറ്റ് കമ്പനികൾ. എംഎസ്സിഐ സ്റ്റാൻഡേർഡ് ഇൻഡക്സിൽ പുനഃക്രമീകരണത്തിന്റെ ഭാഗമായി എച്ച്ഡിഎഫ്സി ബാങ്കിന്റെ വെയിറ്റേജും കൂടും. ഇത് ബാങ്കിന്റെ ഓഹരികളിലേക്ക് 188 കോടി ഡോളറിന്റെ (ഏകദേശം 15,800 കോടി രൂപ) നിക്ഷേപമെത്താൻ വഴിയൊരുക്കുമെന്ന് നുവമ പറയുന്നു.
വിദേശ നിക്ഷേപകരുടെ നിലപാട്
ഒക്ടോബറിൽ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് ഒരുലക്ഷം കോടിയിലേറെ പിൻവലിച്ച വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) ഈമാസം ഇതുവരെ 26,533 കോടി രൂപ പിൻവലിച്ചിട്ടുണ്ട്. അവർ ഈ നിലപാട് തിരുത്തിയില്ലെങ്കിൽ അത് വിപണിക്ക് തിരിച്ചടിയാകും.
Mumbai, Maharastra/India- January 01 2020: Stock Market at Dalal Street South Mumbai.
യുഎസിലെ പണപ്പെരുപ്പക്കണക്ക്, യുഎസിന്റെ കഴിഞ്ഞപാദ ജിഡിപിക്കണക്ക് എന്നിവ ഈവാരം പുറത്തുവരും. ഇന്ത്യയുടെ സെപ്റ്റംബർപാദ ജിഡിപി കണക്കുകളും ഈവാരം അറിയാം. കഴിഞ്ഞപാദങ്ങളെ അപേക്ഷിച്ച് വളർച്ചാനിരക്ക് താഴുമെന്നാണ് പൊതുവിലയിരുത്തലുകൾ. വിദേശ ഓഹരി വിപണികളുടെയും രൂപയുടെയും പ്രകടനവും ഈവാരം ഓഹരി വിപണിയുടെ പ്രകടനത്തെ സ്വാധീനിച്ചേക്കും.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]