
സ്വന്തം ലേഖകൻ
പത്തനാപുരം: പതിവ് തെറ്റിക്കാതെ പത്തനാപുരം ഗാന്ധിഭവന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ കൈത്താങ്ങ്. ഗാന്ധിഭവനിലെ ആയിരത്തിമുന്നൂറിലേറെ വരുന്ന അന്തേവാസികൾക്കായി ഒരു കോടി രൂപയുടെ സഹായം കൈമാറി. റംസാൻ മാസത്തിൽ മുഴുവൻ അന്തേവാസികൾക്കും വിഭവസമൃദ്ധമായ ഭക്ഷണം, നോമ്പുതുറ, ഇഫ്താർ വിരുന്ന് എന്നിവയ്ക്കായാണ് സഹായം.
കഴിഞ്ഞ നോമ്പുകാലങ്ങളിലും യൂസഫലിയുടെ സഹായം ഗാന്ധിഭവന് ലഭിച്ചിരുന്നു. കൊവിഡ് കാലം തുടങ്ങിയതുമുതൽ കടുത്ത സാമ്പത്തികപ്രതിസന്ധിയായിരുന്നു ഗാന്ധിഭവൻ നേരിട്ടത്. ഭക്ഷണം, മരുന്നുകൾ, ആശുപത്രിചികിത്സകൾ, വസ്ത്രം, സേവനപ്രവർത്തകരുടെ ഹോണറേറിയം, മറ്റു ചെലവുകൾ അടക്കം പ്രതിദിനം മൂന്ന് ലക്ഷത്തോളം രൂപയുടെ ചെലവുണ്ട്. എന്നാൽ കൊവിഡ് സമയത്ത് സഹായങ്ങൾ കുറഞ്ഞതോടെ പ്രതിസന്ധി കടുത്തു. ഇത് ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു.
കൊവിഡ് കാലത്ത് മാത്രം പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിനും, അന്നദാനത്തിനും മറ്റുമായി ആകെ 65 ലക്ഷം രൂപ യൂസഫലി നൽകി. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മുക്തി നേടുന്നതിനൊപ്പം റംസാൻ കാലയളവിൽ ആശ്വാസമാകുന്നതു കൂടിയാണ് ഇപ്പോഴത്തെ സഹായമെന്ന് ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ പറഞ്ഞു.
ഏഴ് വർഷം മുമ്പ് യൂസഫലി ഗാന്ധിഭവൻ സന്ദർശിക്കുകയും അവിടുത്തെ അമ്മമാരുടെയടക്കം ബുദ്ധിമുട്ടികൾ മനസിലാക്കുകയും ചെയ്തതു മുതൽ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കരുതൽ ഗാന്ധിഭവനെ തേടിയെത്തിയിരുന്നു.
ഇക്കഴിഞ്ഞ നവംബറിൽ ഗാന്ധിഭവനിലെ അമ്മമാർക്കായി പതിനഞ്ച് കോടിയിലധികം രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരം യൂസഫലി നിർമ്മിച്ചുനൽകിയിരുന്നു. പ്രതിവർഷ ഗ്രാന്റ് ഉൾപ്പെടെ ഏഴ് വർഷത്തിനിടെ ഒൻപത് കോടിയോളം രൂപയുടെ സഹായവും നൽകിയിരുന്നു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]