കുറ്റകൃത്യങ്ങളുടെ ഇരുണ്ടലോകത്തെ ഭീതിയോടെ മാത്രമല്ല, കൗതുകത്തോടെയുമാണ് കാലങ്ങളായി ലോകം കണ്ടുവരുന്നത്. കണ്ടാല്‍ ബോധം മറയുന്ന ആ കാഴ്ചകളിലേയ്ക്ക് കൗതുകപൂര്‍വം കണ്ണെറിയുന്നൊരു വിചിത്രമായ ശീലവമുണ്ട് മനുഷ്യര്‍ക്ക്. കഥകള്‍ പുസ്തകത്താളുകളില്‍ നിന്ന് കാലത്തിന്റെ ഒഴുക്കില്‍ സിനിമയിലേയ്ക്കും വെബ് സീരീസുകളിലേയ്ക്കും ക്രൈം ഡോക്യുമെന്ററികളിലേക്കും വഴിമാറി വളര്‍ന്നു. എഴുത്തുകാരുടെ വിഭ്രമകരമായ ഭാവനയ്ക്കപ്പുറത്ത് ഭൂതകാലത്തിലേയ്ക്ക് വേരാഴ്ത്തി അവ സഞ്ചരിച്ചു. കാലപ്പഴക്കത്തില്‍ പൊടിപിടിച്ചുപോയ പല യഥാര്‍ഥ സംഭവങ്ങളും അങ്ങനെ മറനീക്കി സ്ക്രീനിലെത്തി. ഇവയെ ആസ്പദമാക്കി ഒരുക്കുന്ന സിനിമകളും സീരീസുകളുമങ്ങളെ ടെലിവിഷന്‍ ചാനലുകളിലും ഇക്കാലത്ത് ഒടിടിയിലേക്കും പരന്നൊഴുകി. അതിലൊന്നാണ് ലോ ആന്റ് ഓഡര്‍ സ്പെഷ്യല്‍ വിക്ടിംസ് യൂണിറ്റ് ക്രൈം സീരീസ് ഡ്രാമ. 1999 ല്‍ ആരംഭിച്ച സീരീസ് ഇന്നും ജനപ്രിയമായി മുന്നേറുന്നത് ഒരു അത്ഭുതം തന്നെ.
ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ (എന്‍.വൈ.പി.ഡി) സ്പെഷ്യല്‍ വിക്ടിം യൂണിറ്റിലെ ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ കുറ്റാന്വേഷണത്തിലൂടെയാണ് ഈ സീരീസിന്റെ കഥ സഞ്ചരിക്കുന്നത്. ലൈംഗികാതിക്രമങ്ങള്‍, മനുഷ്യക്കടത്ത്, ഗാര്‍ഹിക പീഡനം എന്നിവ അന്വേഷിക്കുന്ന ഒരു വിഭാഗമാണ് സ്പെഷ്യല്‍ വിക്ടിം യൂണിറ്റ്. അതീവഗുരുതരമായ കുറ്റങ്ങള്‍. അവയില്‍ പലതും കൊലപാതകത്തില്‍ കലാശിക്കുന്നവയാണ്. അതിലെ പ്രതികളെ കണ്ടെത്തുന്നതിന് പോലീസ് നടത്തുന്ന യാത്രയില്‍ പ്രേക്ഷകരും അറിയാതെ ഭാഗമാകും. ലിംഗ സമത്വം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശങ്ങളും ഈ സീരീസിന്റെ വലിയ പ്രത്യേകതയാണ്.
Also Read
കൂടത്തായി ജോളി മുതൽ ടെെംസ്ക്വയർ കില്ലർ …
ഇന്ദ്രാണി മുഖർജി പറയുന്നു; ‘എന്റെ മകളെ …
ക്രിസ്റ്റഫര്‍ മെലോനി, മരിസ്ക ഹര്ഗിയാട്ടെ, റിച്ചാര്‍ഡ് ബെസ്ലര്‍, ഡാന്‍ ഫ്ലോറക്ക്, മിഷേല്‍ ഹര്‍ഡ്, സെറ്റാഫാനി മാച്ച്, ഐസ് ടി, ഡയാന് നീല്‍, ടമാക ട്യൂണി തുടങ്ങിയവരാണ് സീരീസിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദ നാഷ്ണല്‍ ബ്രോഡകാസ്റ്റിങ് കമ്പനിയ്ക്ക് വേണ്ടി ഡിക്ക് വോള്‍ഫാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. അമേരിക്കയില്‍ വന്‍ ജനപ്രീതിയുള്ള ടെലിവിഷന്‍ സീരീസ് സംവിധായകനാണ് ഡിക്ക് വോള്‍ഫ്.
കൂടത്തായി ജോളി മുതൽ ടെെംസ്ക്വയർ കില്ലർ വരെ, മനസാക്ഷിയെ ഞെട്ടിച്ച യഥാർഥ സംഭവങ്ങൾ| CRIME DOCUMENTARIES
1990 സെപ്തംബര്‍ 20നാണ് ലോ ആന്റ് ഓഡര്‍ സ്പെഷ്യല്‍ വിക്ടിംസ് യൂണിറ്റ് സംപ്രേഷണം ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ പ്രേക്ഷകരുടെ വലിയ പിന്തുണ നേടാന്‍ ഈ സീരീസിന് സാധിച്ചു. ഒന്നോ രണ്ടോ സീസണുകളില്‍ ഒരുക്കാനായിരുന്നു അണിയറപ്രവര്‍ത്തകരുടെ തീരുമാനം. എന്നാല്‍ ജനപ്രീതിയില്‍ ഒന്നാമത് എത്തിയതോടെ ഒന്നിന് പിറകെ ഒന്നായി പുതിയ സീസണുകള്‍ വന്നുകൊണ്ടേയിരുന്നു.
ഡിറ്റക്ടീവ് ഒലിവിയ ബെന്‍സണ്‍ എന്ന കഥാപാത്രത്തെ മരിസ്ക ഹര്ഗിയാട്ടെയാണ് അവതരിപ്പിക്കുന്നത്. മരിസ്കയുടെ കഥാപാത്രമാണ് സീരീസിന്റെ നട്ടെല്ല്. 1999 മുതല്‍ ഇപ്പോഴും ഒലിവിയ ബെന്‍സണ്‍ എന്ന കഥാപാത്രമാണ് സീരീസിനെ മുന്നോട്ട് നയിക്കുന്നത്.സീരീസുകളുടെ ചരിത്രത്തിൽ ഇത്രയേറെ വർഷങ്ങൾ നിലനിന്ന കഥാപാത്രം എന്ന ലോക റെക്കോഡും ഒലിവിയ ബെൻസനുണ്ട്. ക്രിസ്റ്റഫര്‍ മെലോനിയുടെ എലിയറ്റ് സ്റ്റാബ്ലറാണ് മറ്റൊരു പ്രധാനകഥാപാത്രം. ഷാരോണ്‍ സ്റ്റോണ്‍, സൂസന് കെല്ലര്‍മാന്‍, ബ്രാഡ്ലി കൂപ്പര്‍, ഗാരി കോള്‍, എലിസബത്ത് ബാന്ഗ്സ്, ലിയ തോംപ്സണ് തുടങ്ങി ഒട്ടനവധി ഹോളിവുഡ് താരങ്ങള്‍ ഈ സീരിസില്‍ അതിഥിവേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
കുറ്റാന്വേഷണം മാത്രമല്ല ഈ സീരീസില്‍ വിഷയമാകുന്നത്. ഒരു കുറ്റം തെളിയിക്കാനുള്ള തത്രപ്പാടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും അനുഭവിക്കേണ്ടി വരുന്ന വെല്ലുവിളികളും പ്രേക്ഷകരുമായി സംവദിക്കുന്നതില്‍ ഈ സീരീസ് വന്‍ വിജയമാണ്. ഓരോ കഥാപാത്രങ്ങളുമായി പ്രേക്ഷകരില്‍ വൈകാരിക അടുപ്പം സൃഷ്ടിക്കുന്നതിലും ലാ ആന്റ് ഓഡര്‍ സ്പെഷ്യല്‍ വിക്ടിംസ് യൂണിറ്റ് വേറിട്ട് നില്ക്കുന്നു.
ഒരു കേസിന്റെ തുടക്കവും ഒടുക്കവും ഒരു എപ്പിസോഡില്‍ ഒതുക്കുന്നതാണ് ഈ സീരിസിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടു തന്നെ പൊതുവെ ചിലരെങ്കിലും പരാതി പറയാറുള്ള കണ്ടിന്യൂവിറ്റി പ്രശ്നം ഈ സീരീസിനില്ല. എന്നിരുന്നാലും കഥാപാത്രങ്ങളുടെ പശ്ചാത്തലം അറിയുന്നതിനും അവരുടെ യാത്രയുടെ ഭാഗമാകുന്നതിനും ആദ്യം മുതല്‍ കാണുന്നതാണ് നല്ലത്.
26 സീസണുകളിലായി 551 എപ്പിസോഡുകള്‍ അതുവരെ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. പീക്കോക്ക്, ഹുലു ഒടിടി പ്ലാറ്റ്ഫോമുകളില്‍ 1- മുതല്‍ 24 സീസണുകള്‍ കാണാന്‍ സാധിക്കും. ആമസോണ്‍ പ്രൈം വീഡിയോ, നെറ്റ്ഫ്ളിക്സ്, ജിയോ സിനിമ എന്നിവയില്‍ തിരഞ്ഞെടുത്ത എപ്പിസോഡുകള്‍ കാണാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]