മനില: ചൈനയുടെ പേരിൽ തമ്മിൽ തല്ലി ഫിലിപ്പീൻസ് നേതാക്കൾ. ഒടുവിൽ പൊതുവേദിയിൽ വച്ച് പ്രസിഡന്റിനെ കുടുംബത്തോടെ വധിക്കുമെന്ന ഭീഷണിയുമായി വൈസ് പ്രസിഡന്റ്. അപ്രതീക്ഷിത രാഷ്ട്രീയ സംഭവങ്ങൾക്കാണ് ഫിലിപ്പീൻസ് സാക്ഷിയാവുന്നത്. ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാന്റ് മാർക്കോസ് ജൂനിയറിനെതിരെയാണ് പൊതുവേദിയിൽ വച്ച് 46കാരിയായ തീപ്പൊരി നേതാവും ഫിലിപ്പീൻസ് വൈസ് പ്രസിഡന്റ് സാറ ഡ്യൂട്ടെർഡ് കാർപിയോയുടെ ഭീഷണി.
ശനിയാഴ്ച ഒരു പൊതുവേദിയിൽ വച്ച് നടന്ന ഭീഷണിക്ക് പിന്നാലെ 67കാരനായ പ്രസിഡന്റിനുള്ള സുരക്ഷ ശക്തമാക്കാനുള്ള പെടാപ്പാടിലാണ് ഉദ്യോഗസ്ഥരുള്ളത്. ഫിലിപ്പീൻസ് രാഷ്ട്രീയത്തിൽ എന്നും എതിർപക്ഷത്ത് നിന്നിരുന്ന ശക്തരായ രണ്ട് കുടുംബങ്ങളിൽ നിന്നുള്ളവരാണ് ചൈനയുമായുള്ള ബന്ധത്തിന്റെ പേരിൽ തമ്മിലടി വധ ഭീഷണി വരെയെത്തി നിൽക്കുന്നത്.
ജൂൺ മാസത്തിൽ മാർക്കോസിന്റെ ക്യാബിനറ്റിൽ നിന്ന് രാജി വച്ചിരുന്നെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനം സാറ ഒഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ സാറയുടെ അനുയായികളേയും കുടുംബാംഗങ്ങളേയും കേസിൽ കുടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായാണ് സാറ ആരോപിക്കുന്നത്. തനിക്കെന്തെങ്കിലും സംഭവിച്ചാൽ പ്രസിഡന്റിനേയും കുടുംബത്തിന്റേയും തല വെട്ടണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥന് ക്വട്ടേഷൻ നൽകിയതായാണ് സാറ ശനിയാഴ്ച വ്യക്തമാക്കിയത്. ഫിലിപ്പീൻസിലെ മുൻ ഏകാധിപതി ഫെർഡിനാൻഡ് മാർക്കോസിന്റെ മകനാണ് മാർക്കോസ് ജൂനിയർ. ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് റൊഡ്രീഗോ ഡ്യൂട്ടെർട്ടിന്റെ മകളാണ് സാറ. തന്റെ ഭീഷണി വെറും തമാശ അല്ലെന്നും സാറ ശനിയാഴ്ച വ്യക്തമാക്കിയതിന് പിന്നാലെ പ്രസിഡന്റിന്റെ സുരക്ഷാ ഉദ്യോഗസ്ഥരാണ് വലിയ സമ്മർദ്ദത്തിലായിട്ടുള്ളത്.
ദക്ഷിണ ചൈനാ കടലിനേ ചൊല്ലിയുള്ള വിരുദ്ധ നിലപാടുകളേ തുടർന്നാണ് സാറയും മാർക്കോസും തമ്മിലുള്ള എതിർപ്പ് മറനീക്കി എത്തിയത്. പിന്നാലെ ക്യാബിനറ്റിലെ രാജിക്ക് പിന്നാലെ മാർക്കോസിനെതിരെ രൂക്ഷമായ വിമർശനമാണ് സാറ ഉന്നയിച്ചിട്ടുള്ളത്. മാർക്കോസ്, ഭാര്യ ലിസാ ആരാനെറ്റാ മാർക്കോസ് ബന്ധുവും ഹൌസ് സ്പീക്കറുമായ മാർട്ടിൻ റോമുവാൽഡേസ് എന്നിവർക്കെതിരെ അഴിമതി, കഴിവില്ലായ്മ എന്നിവ അടക്കമുള്ള വിഷയങ്ങളിൽ ഗുരുതരമായ ആരോപണങ്ങളാണ് സാറ ഉന്നയിച്ചത്. അനുയായികളിൽ ഭിന്നിപ്പുണ്ടാകാൻ വരെ പ്രാപ്തമായതായിരുന്നു സാറയുടെ ആരോപണങ്ങളും വിമർശനവും.
സാറയുടെ ചീഫ് ഓഫ് സ്റ്റാഫായിരുന്ന സുലേഖാ ലോപ്പസിനെ പുറത്താക്കാനുള്ള തീരുമാനമാണ് സാറയെ ഇത്രയധികം പ്രകോപിപ്പിച്ചത്. വൈസ് പ്രസിഡന്റിന്റെ പദവി ദുരുപയോഗം ചെയ്തുവെന്നതടക്കമുള്ള ആരോപണങ്ങളാണ് റോമുവാൽഡേസും മാർക്കോസും സുലേഖയ്ക്കെതിരായി ഉന്നയിച്ചത്. സുലേഖയെ ജയിലിൽ അടക്കാനുള്ള തീരുമാനം കേട്ടതിന് പിന്നാലെ ശാരീരികാസ്വസ്ഥ്യം നേരിട്ട സുലേഖ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിന് പിന്നാലെ പ്രസിഡന്റ് നുണയൻ എന്നടക്കം ശക്തമായി അധിക്ഷേപിച്ച് സാറ സംസാരിച്ചിരുന്നു. ഇതിനിടയിലാണ് 46കാരിയായ സാറയെ ഇല്ലാതാക്കാനുള്ള മാർക്കോസിന്റെ പദ്ധതിയേക്കുറിച്ചും സാറ വിശദമാക്കിയിരുന്നു.
ഒളിഞ്ഞും തെളിഞ്ഞുമുള്ള ഈ ഭീഷണിക്ക് പിന്നാലെയാണ് തനിക്കെന്തെങ്കിലും സംഭവിച്ചാൽ പ്രസിഡന്റും ഭാര്യയും ഉറ്റബന്ധുവായ റോമുവാൽഡേസിന്റേയും തല അറുക്കാനുള്ള ക്വട്ടേഷൻ നൽകിയതായി സാറ വ്യക്തമാക്കിയത്. താൻ ഉത്തരവ് നൽകിയിട്ടുണ്ട്, താൻ മരിച്ചാൽ അവരുടെയെല്ലാം തല അറുക്കുംവരെ വിശ്രമിക്കരുതെന്നും ഇതിന് മറുപടിയായി ചെയ്തിരിക്കുമെന്നുള്ള ഉറപ്പ് ലഭിച്ചതായുമാണ് സാറ വിശദമാക്കിയത്.
ഇതിന് പിന്നാലെ 160000 അംഗങ്ങളുള്ള സേനയോട് വിഷയത്തിൽ പക്ഷപാത പരമായ നിലപാട് സ്വീകരിക്കണമെന്ന് ഉറപ്പ് ഫിലിപ്പീൻസ് സൈനിക മേധാവി ചീഫ് ജനറൽ റോമിയോ ബ്രോണർ എഴുതി വാങ്ങിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കുന്നത് വരെ സംയമനം പാലിക്കണമെന്നാണ് ഫിലിപ്പീൻസ് സൈനിക മേധാവി ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് ലഹരി സംഘങ്ങൾക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കുകയും നിരവധി ലഹരി കാർട്ടലുകളുടെ അന്ത്യം കാണുകയും ചെയ്ത നേതാവിന്റെ മകളുടെ ഭീഷണി നിസാരമായി ഉദ്യോഗസ്ഥർ കാണുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഫിലിപ്പീൻസിൽ നിന്നുള്ള റിപ്പോർട്ടുകൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]