
.news-body p a {width: auto;float: none;}
മനില : ഫിലിപ്പീൻസിൽ പ്രസിഡന്റ് ഫെർഡിനന്റ് മാർകോസ് ജൂനിയറിനെതിരെ വധഭീഷണിയുമായി വൈസ് പ്രസിഡന്റ് സാറ ഡുറ്റർട്ടെ. താൻ വധിക്കപ്പെട്ടാൽ, പ്രസിഡന്റ് മാർകോസ് ജൂനിയറും കൊല്ലപ്പെടുമെന്നും ഇതിനായി ഒരു കൊലയാളിയെ താൻ ചുമതലപ്പെടുത്തിയെന്നുമാണ് സാറയുടെ പ്രസ്താവന.
‘ഞാൻ ഒരാളോട് സംസാരിച്ചു. ഞാൻ കൊല്ലപ്പെടുകയാണെങ്കിൽ, പ്രസിഡന്റിനെയും ഭാര്യയേയും ജനപ്രതിനിധി സഭാ സ്പീക്കറേയും പോയി കൊല്ലണം. തമാശയല്ല. അവരെ കൊല്ലുന്നത് വരെ പിന്മാറരുതെന്നും പറഞ്ഞു. അയാൾ സമ്മതവും അറിയിച്ചു.” വാർത്താ സമ്മേളനത്തിനിടെ സാറ പറഞ്ഞു. സാറയുടെ പരാമർശം വൻ വിവാദമായതോടെ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഓഫീസ് അറിയിച്ചു. സുരക്ഷാ ഏജൻസികൾ നിരീക്ഷണം ശക്തമാക്കി. പൊലീസും അന്വേഷണം ആരംഭിച്ചു.
ഫിലിപ്പീൻസിൽ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും പ്രത്യേകമാണ് തിരഞ്ഞെടുക്കുന്നത്. എതിരാളികളായ രാഷ്ട്രീയ കുടുംബങ്ങളിൽപ്പെട്ടവരാണ് നിലവിൽ ഈ പദവികൾ വഹിക്കുന്നത്. മുൻ സ്വേച്ഛാധിപതി ഫെർഡിനന്റ് മാർകോസിന്റെ മകനാണ് മാർകോസ് ജൂനിയർ. മുൻ പ്രസിഡന്റ് റൊഡ്രിഗോ ഡുറ്റർട്ടെയുടെ മകളാണ് സാറ. കഴിഞ്ഞ ഏതാനും മാസങ്ങളായി സാറയും മാർകോസ് ജൂനിയറും തമ്മിൽ കടുത്ത ഭിന്നതയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രസിഡന്റിന്റെ തലവെട്ടുന്നതായി താൻ സങ്കല്പിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ മാസം സാറ പറഞ്ഞതും വിവാദമായിരുന്നു. 2022ലെ തിരഞ്ഞെടുപ്പിന് പിന്നാലെ സാറയും മാർകോസ് ജൂനിയറും രാഷ്ട്രീയ സഖ്യത്തിന് ധാരണയായിരുന്നു. എന്നാൽ ജൂണിൽ സാറ വൈസ് പ്രസിഡന്റ് സ്ഥാനം മാത്രം നിലനിറുത്തി തന്റെ ക്യാബിനറ്റ് പദവികൾ ഒഴിഞ്ഞതോടെ ഇരുവരും തമ്മിലെ ഭിന്നത തുറന്ന പോരിന് വഴിമാറുകയായിരുന്നു.