പെർത്ത്∙ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ സെഞ്ചറി തികച്ച് ഓപ്പണർ യശസ്വി ജയ്സ്വാൾ. 205 പന്തുകളിൽ നിന്നാണ് ടെസ്റ്റ് കരിയറിലെ നാലാമത്തെ സെഞ്ചറിയിലേക്ക് ജയ്സ്വാൾ എത്തിയത്. ജോഷ് ഹെയ്സൽവുഡ് എറിഞ്ഞ 62–ാം ഓവറിലെ അഞ്ചാം പന്ത് ഫൈന്‍ ലെഗിലേക്ക് സിക്സർ പറത്തി ജയ്സ്വാൾ സെഞ്ചറിയിലെത്തുകയായിരുന്നു. മൂന്നു സിക്സുകളും എട്ട് ഫോറുകളും പെർത്തിൽ താരം അടിച്ചെടുത്തു. മൂന്നാം ദിവസം രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടരുന്ന ഇന്ത്യ 63 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 201 റൺസെന്ന നിലയിലാണ്. ജയ്സ്വാളും (210 പന്തിൽ 102), ദേവ്ദത്ത് പടിക്കലുമാണ് ക്രീസിൽ.
77 റൺസെടുത്ത ഓപ്പണർ കെ.എല്‍. രാഹുലാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് ക്യാരി ക്യാച്ചെടുത്താണു രാഹുലിന്റെ മടക്കം. ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയയെ 104 റൺസിന് പുറത്താക്കി 46 റൺസിന്റെ നിർണായക ലീഡ് നേടിയ ഇന്ത്യ, രണ്ടാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ 57 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 172 റൺസ് എന്ന നിലയിലായിരുന്നു. ഓസീസ് നായകൻ പാറ്റ് കമിൻസ് ഏഴു ബോളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും രണ്ടാം ദിനം ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചിരുന്നില്ല. ഈ വർഷം ടെസ്റ്റിൽ 34–ാം സിക്സർ നേടിയ ജയ്സ്വാൾ, ഒരു കലണ്ടർ വർഷം കൂടുതൽ സിക്സർ നേടുന്ന താരമെന്ന റെക്കോർഡും സ്വന്തം പേരിലാക്കി.രണ്ടു പതിറ്റാണ്ടിനിടെ ഓസീസ് മണ്ണിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണിത്. 2004ൽ സിഡ്നിയിൽ വീരേന്ദർ സേവാഗും ആകാശ് ചോപ്രയും ചേർന്നു നേടിയ 123 റൺസിന്റെ കൂട്ടുകെട്ടാണ് പിന്നിലായത്. 1986ൽ സുനിൽ ഗാവസ്കറും കെ.ശ്രീകാന്തും ചേർന്ന് സിഡ്നിയിൽ നേടിയ 191 റൺസാണ് ഓസീസ് മണ്ണിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. ഈ റെക്കോർഡ് മറികടക്കാനും ഇവർക്ക് അവസരമുണ്ട്.
നേരത്തേ, ഒന്നാം ദിനം ഏഴിന് 67 റൺസ് എന്ന നിലയിൽ ബാറ്റിങ് അവസാനിപ്പിച്ച ഓസ്ട്രേലിയയ്ക്ക് ശനിയാഴ്ച 37 റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ശേഷിച്ച മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായിരുന്നു. 51.2 ഓവറിൽ ഓസീസ് 104 റൺസിന് പുറത്തായി. ഇതോടെ ഇന്ത്യയ്ക്ക് 46 റൺസിന്റെ നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു. അഞ്ച് വിക്കറ്റെടുത്ത ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയാണ് ഓസീസിനെ തകർത്തത്. ബുമ്രയുടെ കരിയറിലെ 11–ാം അഞ്ച് വിക്കറ്റ് നേട്ടമാണിത്. ഒൻപതാമനായി ഇറങ്ങി 112 പന്തിൽ രണ്ടു ഫോറുകൾ സഹിതം 26 റൺസെടുത്ത മിച്ചൽ സ്റ്റാർക്കാണ് ഓസീസിന്റെ ടോപ് സ്കോറർ. അവസാന വിക്കറ്റിൽ ജോഷ് ഹെയ്സൽവുഡിനെ കൂട്ടുപിടിച്ച് 25 റൺസ് കൂട്ടിച്ചേർത്ത സ്റ്റാർക്കാണ് ഓസീസിനെ 100 കടത്തിയത്. ഹെയ്സൽവുഡ് 31 പന്തിൽ ഒരു ഫോർ സഹിതം 7 റൺസുമായി പുറത്താകാതെ നിന്നു. അലക്സ് ക്യാരി 31 പന്തിൽ മൂന്നു ഫോറുകളോടെ 21 റൺസെടുത്തു.
English Summary:
India vs Australia First Test, Day Three Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]