മുംബൈ: വിവരങ്ങൾ മറച്ചുവെച്ച് മസ്കറ്റിലേക്ക് പറക്കാൻ ശ്രമിച്ചതിന് ആറ് സ്ത്രീകളെ വിമാനത്താവളത്തിൽ പിടികൂടി. ടൂറിസ്റ്റ് വിസയിൽ വിദേശത്തേക്ക് പോകാനായി പാസ്പോർട്ടിലെ വിവരങ്ങൾ മായ്ച്ചതായി അധികൃതർ കണ്ടെത്തി. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് യുവതികളെ പിടികൂടിയത്.
എയർ ഇന്ത്യ എക്സ്പ്രസ്-235 വിമാനത്തിൽ മസ്കറ്റിലേക്ക് പോകാനൊരുങ്ങുകയായിരുന്നു ആറ് യുവതികളെന്ന് പൊലീസ് പറഞ്ഞു. യുവതികളുടെ പാസ്പോർട്ടിൽ കൃത്രിമം കാണിച്ചതായി എമിഗ്രേഷൻ ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചു. പാസ്പോർട്ടിലെ ചില പേജുകൾ മായ്ച്ചതായി കണ്ടെത്തി. ആറ് സ്ത്രീകളും ആന്ധ്രാ പ്രദേശിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണെന്നും വീട്ടുജോലിക്കായി കുവൈറ്റിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തി. കുവൈറ്റിൽ തൊഴിൽ വിസ ലഭിക്കാൻ ഇവരെ സഹായിച്ചത് ഒരു ഏജന്റാണെന്നാണ് വിവരം.
പാസ്പോർട്ടുകൾ ഇസിആർ (എമിഗ്രേഷൻ ചെക്ക് റിക്വയർഡ്) സ്റ്റാറ്റസ് ആയതിനാൽ കുവൈറ്റിലേക്ക് പോകാൻ പിഒഎ (പ്രൊട്ടക്ടർ ഓഫ് എമിഗ്രന്സ്) ക്ലിയറൻസ് നിർബന്ധമാണ്. ചില രാസവസ്തുക്കൾ ഉപയോഗിച്ച് ഏജന്റ് തങ്ങളുടെ പാസ്പോർട്ടിൽ നിന്ന് കുവൈറ്റിന്റെ വിസ സ്റ്റാമ്പുകൾ മായ്ക്കുകയും തുടർന്ന് മസ്കറ്റിലേക്കുള്ള ടൂറിസ്റ്റ് വിസയും വിമാന ടിക്കറ്റും ലഭിക്കാൻ സഹായിക്കുകയും ചെയ്തെന്ന് സ്ത്രീകൾ പറഞ്ഞു. എന്നിട്ട് മസ്കറ്റിൽ നിന്ന് കുവൈത്തിലേക്ക് പോകാനാണ് അവർ പദ്ധതിയിട്ടതെന്ന് ഇമിഗ്രേഷൻ ഓഫീസർ എഫ്ഐആറിൽ പറയുന്നു.
എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെങ്കിട ലക്ഷ്മി (30), ഖദീറുന്നിസ ഷെയ്ഖ് (32), മുനെമ്മ സുങ്കര (37), റുബീന സയ്യിദ് (33), കുമാരി തെല്ലക്കുള (33), കല്യാണി എങ്കിസെട്ടി (32) എന്നിവരെ സഹർ പൊലീസ് അറസ്റ്റ് ചെയ്തു. പാസ്പോർട്ട് നിയമത്തിലെയും ഭാരതീയ ന്യായ സൻഹിതയിലെയും (ബിഎൻഎസ്) വകുപ്പുകൾ പ്രകാരം വഞ്ചനയ്ക്കും വ്യാജരേഖ ചമച്ചതിനും അവർക്കെതിരെ കേസെടുത്തെന്ന് സഹാർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]