ഷാരൂഖ് ഖാനും ഐശ്വര്യ റായ് ബച്ചനും ഇരട്ടസഹോദരങ്ങളായി അഭിനയിച്ച ചിത്രമാണ് 2000-ല്‍ ഇറങ്ങിയ ‘ജോഷ്’. മന്‍സൂര്‍ ഖാന് സംവിധാനം ചെയ്ത ചിത്രം നിരൂപകപ്രശംസ നേടുക മാത്രമല്ല സാമ്പത്തികമായും വലിയ വിജയമായിരുന്നു. കള്‍ട്ട് ഫിലിം എന്ന് വിലയിരുത്തപ്പെടുന്ന ജോഷിലേക്ക് വേണ്ട താരങ്ങളെ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു എന്ന് പറയുകയാണ് സംവിധായകന് മന്‍സൂര്‍ ഖാന്. കജോള്‍ തിരസ്കരിച്ച റോളിലേക്കാണ് ഐശ്വര്യ എത്തിയതെന്നും ഷാരൂഖും ആദ്യം ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞിരുന്നെന്നും സംവിധായകന് പറയുന്നു.
ഇന്ത്യ നൗ ആന്‍ഡ് ഹൗ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു മന്‍സൂര്‍ ഖാന്റെ വെളിപ്പെടുത്തല്‍. ‘ചിത്രത്തില്‍ ഷാരൂഖിന്റെ കഥാപാത്രമായ മാക്സിന്റെ ഇരട്ടസഹോദരി ഷിര്‍ലിയുടെ കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് കജോളിനെയായിരുന്നു. കഥ മുഴുവന്‍ കേട്ട ശേഷം കജോള്‍ എഴുന്നേറ്റു, എന്റെ വീടിന്റെ പുറത്തേക്കുള്ള വാതിലിനുനേരെ നടന്നു. എനിക്ക് പെട്ടെന്ന് ഒന്നും മനസിലായില്ല, ഞാന്‍ അവരോട് സിനിമ ചെയ്യുകയല്ലേ എന്ന് ചോദിച്ചു. അതിന് കജോള്‍ പറഞ്ഞ മറുപടി ഇതാണ്, ഇല്ല.. എനിക്ക് മാക്സിന്റെ കഥാപാത്രത്തെ അവതരിപ്പിക്കണം. അത്രയും പറഞ്ഞ് കജോള്‍ ഇറങ്ങിപ്പോയി,’ മന്‍സൂര്‍ ഖാന് പറഞ്ഞു.
‘പിന്നീടാണ് ഐശ്വര്യയെ സമീപിച്ചത്. അവര്‍ സമ്മതിക്കുകയും ആ കഥാപാത്രത്തെ അവിസ്മരണീയമാംവിധം മനോഹരമാക്കുകയും ചെയ്തു. ഐശ്വര്യയ്ക്ക് വലിയ നിരൂപകപ്രശംസ നേടിക്കൊടുത്ത സിനിമയായിരുന്നു ജോഷ്. വളരെ പ്രൊഫഷണല്‍ ആയ നടിയാണ് ഐശ്വര്യ. ഇപ്പോഴും ജോഷ് തന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണെന്ന് ഐശ്വര്യ പറയുന്നത് കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട്,’ മന്‍സൂര്‍ ഖാന് പറയുന്നു. എന്നാല്‍ ജോഷിലേക്ക് ഷാരൂഖിനെ കൊണ്ടുവരാന്‍ താന്‍ പിന്നെയും ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ടെന്നും മന്‍സൂര്‍ പറയുന്നു.
‘ഈഗിള്‍സ്, ബിച്ചൂസ് എന്നീ ഗ്യാങുകള്‍ തമ്മിലുള്ള ശത്രുതയുടെ കഥയാണ് ജോഷ് പറഞ്ഞത്. കുടുംബവും ബന്ധങ്ങളുമൊക്കെയായി വളരെ ആഴത്തിലുള്ള വികാരങ്ങളിലൂടെ പുരോഗമിക്കുന്ന ജോഷില്‍ രണ്ടു ഗ്യാങുകള്‍ക്കും അതിന്റെ നേതാക്കളായ മാക്സിനും രാഹുല്‍ ശര്‍മയ്ക്കും തുല്യപ്രാധാന്യമാണുള്ളത്. രാഹുലിന്റെ കഥാപാത്രത്തിനായി ആമിര്‍ഖാനായിരുന്നു എന്റെ മനസില്‍. എന്നാല്‍ കഥ കേട്ട ആമിര്‍ അദ്ദേഹം അവതരിപ്പിക്കുന്നത് മാക്സിന്റെ കഥാപാത്രമാണെന്ന് തെറ്റിദ്ധരിച്ചു. ഇതോടെ ഷാരൂഖ് ചിത്രത്തില്‍ നിന്നും പിന്മാറി.’
‘മാക്സിന്റെ കഥാപാത്രത്തെ നേരത്തെതന്നെ ഷാരൂഖിനായി പറഞ്ഞുവെച്ചിരുന്നതാണ്. അങ്ങനെയാണ് അദ്ദേഹം ചിത്രത്തിന്റെ ഭാഗമാകാന്‍ സമ്മതിക്കുന്നതും. എന്നാല്‍ ആമിറിനെ കണ്ടശേഷം ഞാന്‍ തീരുമാനം മാറ്റി എന്നാണ് അദ്ദേഹം തെറ്റിദ്ധരിച്ചത്. അത് ഷാരൂഖിന് വലിയ വിഷമമായി. പിന്നീട് സംസാരിച്ച് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മാറ്റിയ ശേഷമാണ് ചിത്രത്തിലേക്ക് ഷാരൂഖ് തിരിച്ചെത്തിയത്. ചന്ദചൂര് സിങാണ് പിന്നീട് ജോഷില്‍ രാഹുല്‍ ശര്‍മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. തുടക്കത്തില്‍ കുറെയേറെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും ചിത്രം സൂപ്പര്‍ഹിറ്റായതോടെ അതൊക്കെ മറന്നു,’ മന്‍സൂര്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]