
പാലക്കാട്: എ പ്ലസ് മണ്ഡലങ്ങളിലൊന്നായി കണക്കാക്കുന്ന പാലക്കാട് ഇത്തവണ പിടിച്ചെടുക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ബിജെപി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫോട്ടോഫിനിഷിനൊടുവില്‍ വെറും മൂവായിരത്തോളം വോട്ടുകള്‍ക്ക് മാത്രം കൈവിട്ട മണ്ഡലത്തില്‍ പക്ഷേ ഇത്തവണ പാര്‍ട്ടിയെ കാത്തിരുന്നത് വന്‍ വോട്ട് ചോര്‍ച്ചയാണ്. ഇത് വരാനിരിക്കുന്ന ദിവസങ്ങളില്‍ പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറിക്ക് വഴിവയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 10,671 വോട്ടുകളുടെ കുറവാണ് പാര്‍ട്ടിക്ക് മണ്ഡലത്തിലാകെ ഉണ്ടായിരിക്കുന്നത്.
പാലക്കാട് നഗരസഭാ ഭരണം?
2015 മുതല്‍ ബിജെപിയാണ് പാലക്കാട് നഗരസഭ ഭരിക്കുന്നത്. എല്ലാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് ലീഡ് സമ്മാനിച്ചതും നഗര വോട്ടര്‍മാരാണ്. പാലക്കാട് നഗരസഭ പിടിച്ചെടുക്കുന്നതിന് ചുക്കാന്‍ പിടിച്ച സി കൃഷ്ണകുമാര്‍ നേരിട്ട് മത്സരിച്ചിട്ടും ഇവിടെ മുന്നിലെത്തിയത് രാഹുല്‍ മാങ്കൂട്ടത്തിലാണ്. 3600 വോട്ടുകളുടെ മേല്‍ക്കൈയാണ് നഗരസഭയില്‍ രാഹുലിന് ലഭിച്ചത്. നഗരസഭയില്‍ ഭരണവിരുദ്ധ വികാരത്തിന്റെ സൂചനകള്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ തന്നെ പ്രകടമായതാണ്. ഇ ശ്രീധരന് 6300 വോട്ടുകളുടെ ലീഡ് നല്കിയപ്പോള് ലോക്സഭ തിരഞ്ഞെടുപ്പില്‍ വെറും 497 വോട്ടുകളായി ഇത് കുറഞ്ഞിരുന്നു.
നഗരസഭാ ഭരണത്തിലെ തൃപ്തിക്കുറവ് ജനങ്ങള്‍ പ്രകടിപ്പിച്ചെങ്കിലും അത് ബിജെപി നേതൃത്വം കാര്യമാക്കിയില്ല. പാലക്കാട് നഗരസഭയിലെ വികസനമില്ലായ്മ കോണ്‍ഗ്രസും സിപിഎമ്മും ചര്‍ച്ചയാക്കിയിരുന്നു. നഗരത്തിലെ റോഡുകളുടെ ശോചനീയ അവസ്ഥ, തെരുവ് വിളക്കുകള്‍ കത്താത്ത സ്ഥിതി, മാലിന്യ പ്രശ്നം, വെള്ളക്കെട്ട് തുടങ്ങിയവയും ടൗണ്‍ ഹൗള്, മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ അവസ്ഥ തുടങ്ങിയവയും വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായി. ഇത് ത്ന്നെയാണ് ബിജെപി കൗണ്‍സലര്‍മാരുടെ വാര്‍ഡുകളില്‍ വോട്ട് കുറയുന്നതിന് കാരണമായതും.
കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ വികസനപ്രശ്നങ്ങള്‍ പരിഹരിക്കാനും ബിജെപിക്ക് കഴിഞ്ഞില്ല. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സംബന്ധിച്ച് നഗരസഭാ ഭരണം നിലനിര്‍ത്തുകയെന്നത് വലിയ വെല്ലുവിളിയായിരിക്കും.
സി.കെയുടെ ഡോര്‍ ടു ഡോര്‍ ക്യാമ്പയിനും ഏശിയില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2016ല്‍ തന്റെ കന്നിയങ്കത്തില്‍ മലമ്പുഴയില്‍ മത്സരിച്ച് പാര്‍ട്ടിക്കുണ്ടായിരുന്ന മൂവായിരം വോട്ട് 46,000 ആക്കിയാണ് സി. കൃഷ്ണകുമാറെന്ന ബിജെപി നേതാവ് സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്ന നേതാവായി മാറിയത്. പരമാവധി വോട്ടര്‍മാരെ നേരില്‍ക്കാണാന്‍ വീടുകളില്‍ പോകുകയെന്ന തന്ത്രമാണ് അദ്ദേഹം അന്ന് പയറ്റിയത്. ഇത് തന്നെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലും കൃഷ്ണകുമാര്‍ പുറത്തെടുത്ത തന്ത്രം. മണ്ഡലത്തില്‍ പതിനായിരത്തില്‍ അധികം ആളുകളെ പേരെടുത്ത് വിളിക്കാനുള്ള പരിചയവും ബന്ധവുമുണ്ടെന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസവും തുണച്ചില്ല. അതും വിരല്‍ചൂണ്ടുന്നത് നഗരസഭയ ഭരണസമിതിക്ക് എതിരായ ഭരണവിരുദ്ധ വികാരമാണ്.
ശോഭ സുരേന്ദ്രന് വിഭാഗം കാല് വാരിയോ?
മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ബിജെപി നേതാവ് എന്‍ ശിവരാജന് നടത്തിയ പ്രസ്താവന ശോഭ സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ വിജയം ഉറപ്പാണെന്നായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയായി കൃഷ്ണകുമാറിനെ പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ ഭിന്നത വ്യക്തമായിരുന്നു. സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പരിപാടികളില്‍ ശോഭ സുരേന്ദ്രന് സജീവമല്ലാതിരുന്നതും ചര്‍ച്ചയായിരുന്നു. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആത്മപരിശോധന നടത്തുമെന്നാണ് പാര്‍ട്ടി നേതൃത്വം പ്രതികരിച്ചത്. മണ്ഡലത്തിലെ പ്രത്യേകിച്ച് നഗരസഭയിലെ ബിജെപി വാര്‍ഡുകളില്‍ വോട്ട് കുറഞ്ഞതിന്റെ കണക്കുകള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷം പാര്‍ട്ടിയില്‍ കൂടുതല്‍ നടപടികള്‍ക്കുള്ള സാദ്ധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.