
പാലക്കാട്: ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂരിലൂടെ കേരളത്തിൽ ആദ്യമായി താമര വിരിയിച്ച വർഷം. ജയിച്ച സുരേഷ് ഗോപി കേന്ദ്രമന്ത്രി പദത്തിലേക്ക്. 2019 ലോക്സഭ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ വോട്ട് വിഹിതം മൂന്ന് ശതമാനം കൂടിയ വർഷം. 2024 ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുകൂലമായ വർഷമായിട്ടും പാലക്കാട് താമര വിരിയിക്കാൻ സാധിക്കാത്തത് നേതൃത്വത്തിന് കൂടുതൽ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞെങ്കിലും ബിജെപി തോൽവി മണത്ത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ മൂവായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയതെങ്കിൽ ഇത്തവണ രാഹുൽ മാങ്കൂട്ടത്തിൽ 18,715 എത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് തവണയും രണ്ടാം സ്ഥാനത്തെത്തിയ ബിജെപിക്കും നേതാക്കൾക്കും ഈ തിരഞ്ഞെടുപ്പ് നിർണായകമായിരുന്നു. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല.
തൃശൂരിലെ വിജയത്തിന് ശേഷമുണ്ടായ ട്രെൻഡ് പാലക്കാട്ട് മുതലെടുക്കാൻ സാധിക്കാതെ വന്നതോടെ ബിജെപിയിൽ ഇനി അഭ്യന്തരപ്രശ്നങ്ങളുടെ കാലമായിരിക്കും. ഇനി രാഷ്ട്രീയ ലോകം ഉറ്റുനോക്കുക പാലക്കാട്ടെ തോൽവി ബിജെപിയിൽ എന്തൊക്കെ മാറ്റങ്ങൾക്ക് കാരണമായേക്കും എന്നാണ്. കൂടാതെ ഈ തോൽവിയുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും എന്നും കൂടിയാണ്….
സംഘടനാ തലപ്പത്ത് മാറ്റം
കാലങ്ങളായി പാലക്കാട് സംഘപരിവാർ വേരോട്ടമുള്ള മണ്ണാണ്. പാലക്കാട് മുനിസിപ്പാലിറ്റിയിലെ ഭരണം ഇതിന് ഉദാഹരണമാണ്. എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളും അനുകൂലമായിട്ടും വീണ്ടും തോൽവി രുചിച്ചതിന്റെ ഉത്തരവാദിത്തം നേതൃത്വം ഏറ്റെടുക്കാതെ രക്ഷയില്ല. വരാനിരിക്കുന്ന സംഘടന തിരഞ്ഞെടുപ്പിൽ നേതൃമാറ്റത്തിന് തന്നെ ഈ തിരഞ്ഞെടുപ്പ് കാരണമായേക്കാം. ഭൂരിപക്ഷം 18,000 എത്തിയതോടെ നേതൃത്വത്തിനെതിരെയുള്ള ചോദ്യത്തിന്റെ എണ്ണവും കൂടിയേക്കാം. ഈ ചോദ്യങ്ങൾക്കെല്ലാം സുരേന്ദ്രനും നേതൃത്വവും മറുപടി പറയേണ്ടി വരും.
സംസ്ഥാന നേതൃത്വത്തിന്റെ പിടിവാശി
ആദ്യം മുതൽ ശോഭ സുരേന്ദ്രന്റെ പേരാണ് മണ്ഡലത്തിൽ ഉയർന്നുവന്നതെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ പിടിവാശി കൊണ്ട് മാത്രമാണ് സി കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കിയത്. സംസ്ഥാന നേതൃത്വം കൃഷ്ണകുമാറിന്റെ പേര് മുന്നോട്ടുവച്ചപ്പോൾ കേന്ദ്ര നേതൃത്വം വഴങ്ങുകയായിരുന്നു. വലിയ വിഭാഗീയത പ്രശ്നങ്ങളാണ് സി കൃഷ്ണകുമാറിന് സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെയുണ്ടായത്. ശോഭ സുരേന്ദ്രൻ പക്ഷവും സി കൃഷ്ണകുമാർ പക്ഷവും രണ്ട് ചേരികളിലായിരുന്നു എന്നത് സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ പുറത്തുവന്നിരുന്നു.
തോൽവിയുടെ ഉത്തരവാദിത്തം
20000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചതോടെ ഈ തോൽവിക്ക് കെ സുരേന്ദ്രൻ മറുപടി പറയേണ്ടി വന്നേക്കും. കെ സുരേന്ദ്രനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചും സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തി തുറന്നുപറഞ്ഞും സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യർ പാർട്ടി വിട്ടതും ഇനി ബിജെപിയിൽ ചർച്ചയാകും. സംഘടന തലപ്പത്ത് നിന്ന് സുരേന്ദ്രനെ മാറ്റാനുള്ള ആവശ്യവും പാർട്ടിക്കുള്ളിൽ ശക്തമാകുമെന്ന കാര്യത്തിൽ സംശയമില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശോഭ ഇറങ്ങിയിരുന്നെങ്കിൽ
പാലക്കാട് നേതൃത്വം ആദ്യം പരിഗണിച്ച പേര് ശോഭ സുരേന്ദ്രന്റേതായിരുന്നു. താഴെത്തട്ടിൽ നിന്നും ഭൂരിപക്ഷം ഭാരവാഹികളും ശോഭയുടെ പേരാണ് തുടക്കം മുതലേ മുന്നോട്ടുവച്ചത്. മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ അടക്കം ശോഭ മത്സരിക്കണമെന്ന അഭിപ്രായമുള്ളവരാണ്. എന്നാൽ ശോഭയുടെ പാലക്കാട് വരവിന് തടസം നിന്നത് സുരേന്ദ്രൻ പക്ഷമാണെന്നാണ് പാർട്ടിയിലെ പരസ്യമായ രഹസ്യം. പാലക്കാട് എങ്ങനെയെങ്കിലും പിടിക്കണമെങ്കിൽ ശോഭയെ ഇറക്കണമെന്ന അഭിപ്രായം ചില ദേശീയ നേതാക്കൾക്കുണ്ടായിരുന്നു. പ്രഭാരി പ്രകാശ് ജാവദേക്കറും ഈ നിലപാട് സ്വീകരിച്ച നേതാവായിരുന്നു.
ആലപ്പുഴയിൽ ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കിയതായാണ് ശോഭയെ പാലക്കാട് പരിഗണിക്കാൻ പ്രധാന കാരണമായത്. മാത്രമല്ല, ശോഭയുടെ കഴിവിൽ ദേശീയ നേതൃത്വത്തിന് വലിയ മതിപ്പാണുള്ളത്. ശോഭയാണ് പാലക്കാട് മത്സരിച്ചതെങ്കിലും രാഹുൽ മാങ്കൂട്ടത്തിലിന്റെ ലീഡ് 20,000 എത്തില്ലെന്ന അഭിപ്രായവും ഇനി മുന്നോട്ടുവന്നേക്കാം.
രണ്ടാം സ്ഥാനം നേടിക്കൊടുത്തത് ശോഭ
2016 നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് ഷാഫി പറമ്പിലിനെതിരെ ശോഭ സുരേന്ദ്രൻ മത്സരിച്ചപ്പോഴാണ് സിപിഎമ്മിനെ പിന്നിലാക്കി ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്. അന്ന് 29.8 ശതമാനം വോട്ട് നേടിയെടുക്കാൻ ശോഭയ്ക്ക് കഴിഞ്ഞു. 2021ൽ ഇ ശ്രീധരൻ സ്ഥാനാർത്ഥിയായപ്പോൾ വോട്ട് ശതമാനം 35.34 ശതമാനമായി. ഇത്തവണ ശോഭ മത്സരിച്ചിരുന്നെങ്കിൽ വോട്ടിംഗ് ശതമാനം ഇനിയും കൂട്ടാൻ സാധിക്കുമെന്ന പ്രതീക്ഷ ചില നേതാക്കൾക്കുണ്ടായിരുന്നു.