
.news-body p a {width: auto;float: none;}
തൃശ്ശൂർ: ആവേശകരമായ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവെ ചേലക്കര ഉറപ്പിച്ച് എൽഡിഎഫ്. വിജയ സൂചന നൽകികൊണ്ട് എൽഡിഎഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് ഫേസ്ബുക്കിൽ ”ചേലക്കര നമ്മൾ ജയിക്കും” എന്ന് പോസ്റ്റുമിട്ടു. തുടർന്ന് മാദ്ധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം സർക്കാർ വിരുദ്ധതയില്ല എന്ന് തുടക്കം മുതൽ താൻ പറയുന്നതാണെന്നും വ്യക്തമാക്കി. ചേലക്കരയിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളെ ചേർത്തുപിടിച്ച ചരിത്രമേ ഉണ്ടായിട്ടുള്ളൂ. അതുതന്നെയാണ് വീണ്ടും ആവർത്തിക്കപ്പെട്ടത്. ഞങ്ങളെ ചേലക്കരക്കാർക്ക് വിശ്വാസമാണ്. പ്രതീക്ഷയേക്കാൾ നല്ല ലീഡാണ് വന്നുകൊണ്ടിരിക്കുന്നതെന്നും യു.ആർ പ്രദീപ് പ്രതികരിച്ചു. ഫലം പൂർത്തിയായതിന് ശേഷം വീണ്ടും മാദ്ധ്യമങ്ങളെ കാണുമെന്നും അദ്ദേഹം അറിയിച്ചു.
ഏറ്റവുമൊടുവിലായി ലഭിക്കുന്ന വിവരമനുസരിച്ച് പ്രദീപ് 8567 വോട്ടുകൾക്ക് മുന്നിട്ടു നിൽക്കുകയാണ്. 32528 വോട്ടുകളാണ് പ്രദീപിന് ഇതുവരെ ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയും ആലത്തൂർ എംപിയുമായ രമ്യ ഹരിദാസിന് 23511 വോട്ടുകളാണുള്ളത്. എൻഡിഎ സ്ഥാനാർത്ഥി കെ. ബാലകൃഷ്ണന്റെ വോട്ടുനില 13590 ആണ്.
നിലവിൽ സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ ചെയർമാനാണ് യു.ആർ പ്രദീപ്. ദേശമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റ്, സി.പി.എം ചേലക്കര ഏരിയാ കമ്മിറ്റി അംഗം, പി.കെ.എസ് ജില്ലാ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭരണവിരുദ്ധ വികാരം ഇല്ല എന്നതാണ് ചേലക്കര തെളിയിച്ചുകൊണ്ടിരിക്കുന്നതെന്ന് മുൻ എംഎൽഎയും നിലവിൽ എംപിയുമായ കെ. രാധാകൃഷ്ണൻ പ്രതികരിച്ചു. ‘ചെങ്കോട്ടയാണ് ഈ ചേലക്കര’ എന്ന പോസ്റ്റും അദ്ദേഹം പങ്കുവച്ചു. കെ രാധാകൃഷ്ണൻ രാജിവെച്ച ഒഴിവിലേക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി യു ആർ പ്രദീപ് ഇവിടേക്ക് എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചേലക്കര തിരിച്ചുപിടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും വിലപോയില്ല എന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്. പ്രവർത്തകരെ ആവേശം കൊള്ളിച്ച് ചേലക്കരയെ ഇളക്കി മറിച്ചായിരുന്നു യു.ഡി.എഫ് ചേലക്കരയിൽ പ്രചരണം നടത്തിയത്. ഒട്ടുമിക്ക പ്രമുഖ നേതാക്കളെല്ലാം പ്രചരണത്തിന് എത്തുകയും ചെയ്തെങ്കിലും അതൊന്നും രമ്യാ ഹരിദാസിന് വോട്ടായില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് ദിവസമാണ് പ്രചരാണാർത്ഥം ചേലക്കരയിൽ ക്യാമ്പ് ചെയ്തത്. വർഗ്ഗീയതക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. പഴയ തെരഞ്ഞെടുപ്പ് ചരിത്രവും ഇപ്പഴത്തെ സർക്കാർ ചെയ്തതും ചെയ്യാൻ പോകുന്നതുമായ കാര്യങ്ങളും കോൺഗ്രസ്, മുസ്ലിം ലീഗ്,ബി.ജെ.പി പാർട്ടികളെ വിമർശിച്ചുകൊണ്ടും വയനാട് ഉരുൾപൊട്ടൽ കേന്ദ്രംസഹായം നൽകാത്തതു സൂചിപ്പിച്ചും കേരള സർക്കാർ ചെയ്യാൻ പോകുന്ന കാര്യങ്ങൾ പറഞ്ഞും സ്ഥാനാർത്ഥി യു ആർ പ്രദീപിനെ നിയമസഭയിലേക്ക് അയക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് ഒന്നര മണിക്കൂറോളം നീണ്ട ആവേശോജ്വലമായ പ്രസംഗമായിരുന്നു മുഖ്യമന്ത്രി ചേലക്കരയിൽ നടത്തിയത്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, മന്ത്രിമാരായ കെ.രാജൻ, കെ.കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി.ഗണേശ് കുമാർ, എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ എന്നിവരെല്ലാം മുഖ്യമന്ത്രിക്ക് പിന്നാലെ ചേലക്കരയിൽ എത്തിയിരുന്നു.