
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) മെഗാ താരലേലം സൗദിയിലെ ജിദ്ദയിൽ നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, താരലേലത്തിലെ ശ്രദ്ധേയ സാന്നിധ്യങ്ങളിലൊരാളായ ഇന്ത്യൻ താരത്തിന് വൻ തിരിച്ചടി. ഇന്ത്യൻ ദേശീയ ടീമിൽ ഉൾപ്പെടെ അംഗമായിരുന്ന ദീപക് ഹൂഡയെ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സംശയാസ്പദമായ ബോളിങ് ആക്ഷനുള്ളവരുടെ പട്ടികയിൽ പെടുത്തിയതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൂഡയെ ബോളിങ്ങിൽനിന്ന് ബിസിസിഐ വിലക്കിയേക്കുമെന്നാണ് വിവരം.
കഴിഞ്ഞ സീസണിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ താരമായിരുന്ന ദീപക് ഹൂഡ, ഇത്തവണ താരലേലത്തിൽ മികച്ച വില പ്രതീക്ഷിക്കുന്ന ഇന്ത്യൻ ഓൾറൗണ്ടർമാരിലൊരാളാണ്. ഇതിനിടെയാണ് താരത്തെ ബോളിങ്ങിൽനിന്ന് വിലക്കിയേക്കുമെന്ന വാർത്ത പുറത്തുവരുന്നത്.
ദീപക് ഹൂഡയ്ക്കു പുറമേ സൗരഭ് ദുബെ, കെ.സി. കരിയപ്പ എന്നിവരെയും ബിസിസിഐ സംശയാസ്പദമായ ബോളിങ് ആക്ഷനുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി ‘ക്രിക്ബസ്’ റിപ്പോർട്ട് ചെയ്തു.
കർണാടക താരങ്ങളായ മനീഷ് പാണ്ഡെ, ശ്രീജിത് കൃഷ്ണൻ എന്നിവർക്ക് ഇതേ കാരണത്താൽ ബോൾ ചെയ്യുന്നതിൽനിന്ന് വിലക്കുണ്ട്. ഇവർക്കു പുറമേയാണ് രാജസ്ഥാൻ താരമായ ഓഫ് സ്പിന്നർ ദീപക് ഹൂഡ ഉൾപ്പെടെയുള്ളവരെയും വിലക്കിയേക്കുമെന്ന റിപ്പോർട്ട്.
മെഗാ താരലേലത്തിനു മുന്നോടിയായി ലക്നൗ സൂപ്പർ ജയന്റ്സ് ദീപക് ഹൂഡയെ റിലീസ് ചെയ്തിരുന്നു. കഴിഞ്ഞ സീസണിൽ 11 മത്സരങ്ങളിൽനിന്ന് 145 റൺസ് നേടിയ ഹൂഡയ്ക്ക്, വിക്കറ്റൊന്നും ലഭിച്ചിരുന്നുമില്ല.
ഇന്ത്യയ്ക്കായി 10 ഏകദിനങ്ങളം 21 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരം കൂടിയാണ് ഹൂഡ. 10 ഏകദിനങ്ങളിലെ ഏഴ് ഇന്നിങ്സുകളിൽ നിന്നായി 25.50 ശരാശരിയിൽ 153 റൺസാണ ്സമ്പാദ്യം. ട്വന്റി20യിൽ ഒരു സെഞ്ചറി ഉൾപ്പെടെ 17 ഇന്നിങ്സുകളിൽനിന്ന് 30.67 ശരാശരിയിൽ 368 റൺസും നേടി. ഏകദിനത്തിൽ മൂന്നും ട്വന്റി20യിൽ ആറും വിക്കറ്റുകളുമുണ്ട്.
English Summary:
India All-Rounder Reported For Suspected Action, Under Threat Of Being Banned
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]