ന്യൂഡൽഹി∙ ഐതിഹാസിക ബാറ്റിങ് പ്രകടനവുമായി ഇന്ത്യൻ ക്രിക്കറ്റിൽ വരവറിയിച്ച, മുൻ ഇന്ത്യൻ താരം കൂടിയായ വീരേന്ദർ സേവാഗിന്റെ മകൻ ആര്യവീർ സേവാഗിന് 3 റൺസിന് ട്രിപ്പിൾ സെഞ്ചറി നഷ്ടം. കുച്ച് ബിഹാർ ട്രോഫിയിൽ മേഘാലയയ്ക്കെതിരായ മത്സരത്തിലാണ് വെറും മൂന്നു റൺസിന് ആര്യവീറിന് ട്രിപ്പിൾ സെഞ്ചറി നഷ്ടമായത്. പിതാവിന്റെ ശൈലിയിൽ തകർത്തടിച്ച് മുന്നേറിയ ആര്യവീർ, 309 പന്തിൽ 51 ഫോറും മൂന്നു സിക്സും സഹിതമാണ് 297 റൺസെടുത്തത്.
ഡൽഹി ഒന്നാം ഇന്നിങ്സിൽ 106.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 623 റൺസെടുത്ത് ഡിക്ലയർ ചെയ്തു. 363 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് കടവുമായി ഇറങ്ങിയ മേഘാലയ മൂന്നാം ദിനം കളി നിർത്തുമ്പോൾ 64 ഓവറിൽ അഞ്ചിന് 141 റൺസ് എന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് മാത്രം കയ്യിലിരിക്കെ ഇപ്പോഴും 222 റൺസ് പിന്നിലുള്ള മേഘാലയ, ഇന്നിങ്സ് തോൽവിയുടെ വക്കിലാണ്.
ഇതിനിടെ, താൻ വാഗ്ദാനം ചെയ്ത ഫെറാരി കാർ ആര്യവീറിന് 23 റൺസിന് നഷ്ടമായ കാര്യം ചൂണ്ടിക്കാട്ടി സേവാഗ് സമൂഹമാധ്യമങ്ങളിൽ കുറിപ്പു പങ്കുവച്ചു. ആര്യവീറിനെ അഭിനന്ദിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ്, 23 റൺസിന് ഫെറാരി നഷ്ടമായ വിവരം സേവാഗ് കുറിച്ചത്.
Well played @aaryavirsehwag . Missed a Ferrari by 23 runs. But well done, keep the fire alive and may you score many more daddy hundreds and doubles and triples. Khel jaao.. pic.twitter.com/4sZaASDkjx
— Virender Sehwag (@virendersehwag) November 22, 2024
‘‘ആര്യവീർ, നീ നന്നായി കളിച്ചു. 23 റൺസിനാണ് ഫെറാരി നഷ്ടമായത്. എന്നാലും നന്നായി കളിച്ചു. ഈ ഊർജം അതേപടി തുടർന്ന് കൂടുതൽ സെഞ്ചറികളും ഡബിൾ സെഞ്ചറികളും ട്രിപ്പിൾ സെഞ്ചറികവും നേടണം. ഖേൽ ജാവോ…’ – സേവാഗ് കുറിച്ചു. ആര്യവീറിന്റെ സ്കോർ ഉൾപ്പെടുന്ന സ്കോർ കാർഡിന്റെ പകർപ്പും പങ്കുവച്ചിട്ടുണ്ട്.
Virender Sehwag’s son, Aaryavir, smashed an unbeaten 200 off 229 balls in the Cooch Behar Trophy, including 34 fours and 2 sixes.
(Vid9/2) pic.twitter.com/NxwEpaFK6a
— Vipin Tiwari (@Vipintiwari952) November 21, 2024
ടെസ്റ്റിൽ തന്റെ ഏറ്റവും ഉയർന്ന സ്കോറായ 319 റൺസിന്റെ റെക്കോർഡ് മക്കളിൽ ആരെങ്കിലും തകർത്താൽ അവർക്ക് ഫെറാരി സമ്മാനിക്കുമെന്ന് 2015ൽ സേവാഗ് വാഗ്ദാനം ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ്, ആര്യവീറിന് 23 റൺസിന് ഫെറാരി നഷ്ടമായെന്ന സേവാഗിന്റെ ഓർമപ്പെടുത്തൽ.
ഇന്ത്യയ്ക്കായി രാജ്യാന്തര ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചറി നേടിയ ആദ്യ താരമെന്ന റെക്കോർഡ് സേവാഗിന്റെ പേരിലാണ്. 2004ൽ മുൾട്ടാനിൽ പാക്കിസ്ഥാനെതിരെ 309 റൺസെടുത്താണ് സേവാഗ് റെക്കോർഡ് സ്ഥാപിച്ചത്. നാലു വർഷത്തിനു ശേഷം ചെന്നൈയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് സേവാഗ് വീണ്ടും ട്രിപ്പിൾ സെഞ്ചറി നേടിയത് അന്നു നേടിയ 319 റൺസാണ് സേവാഗിന്റെ ഉയർന്ന സ്കോർ.
English Summary:
Missed a Ferrari by 23 runs: Virender Sehwag congratulates son Aaryavir for 297
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]