
ഹേഗ് : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. ഒരു വർഷമായി ഗാസയിൽ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിൽ യുദ്ധ കുറ്റകൃത്യങ്ങളും മനുഷ്യരാശിക്ക് എതിരായ അതിക്രമങ്ങളിലും പങ്കാളിയായതിലാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി. ഗാസയിലെ പൗരൻമാർക്ക് ഭക്ഷണം, വെള്ളം, വൈദ്യസഹായം തുടങ്ങിയ അവശ്യസാധനങ്ങൾ എത്തിക്കുന്നത് തടഞ്ഞതിലൂടെ അവിടുത്തെ ജനജീവിതം ദുരിതപൂർണമാക്കുകയും കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ മരണത്തിന് കാരണമായെന്ന് കോടതി ആരോപിച്ചു.
നേരത്തെ തന്നെ അറസ്റ്റ് വാറണ്ടിനുള്ള ഹർജി ഐ,സി,സി ചീഫ് പ്രോസിക്യൂട്ടർ കരീംഖാൻ മേയ് 20ന് മുന്നോട്ടുവച്ചിരുന്നു. അറസ്റ്റ് വാറണ്ടിനുള്ള കരീംഖാന്റെ ആവശ്യം ഇസ്രയേൽ നിരസിച്ചിരുന്നു.
വ്യാഴാഴ്ചയാണ് ഹേഗ് ആസ്ഥാനമായ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറത്തിറക്കിയത്. ഹമാസ് നേതാവ് മുഹമ്മദ് ഡീഫ് എന്നറിയപ്പെടുന്ന മുഹമ്മദ് ദിയാബ് ഇബ്രാഹിം അൽ മസ്റിക്കറിനെതിരെയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഹമാസിന്റെ സൈനിക മേധാവിയായ ഇയാൾ ഒക്ടോബർ ഏഴിലെ ഇസ്രയേൽ ആക്രമണത്തിന് നേതൃത്വം നൽകിയിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് മൂന്നുപേർക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.