
ആഭരണപ്രിയർക്ക് വൻ ആശ്വാസം സമ്മാനിച്ച് കഴിഞ്ഞയാഴ്ച കുത്തനെ കുറഞ്ഞ സ്വർണവിലയെ വെറും 4 ദിവസംകൊണ്ട് ‘യു ടേൺ’ അടിപ്പിച്ച് നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അദ്ദേഹത്തിന്റെ അനുവാദത്തോടെ റഷ്യയിലേക്ക് ഇരച്ചുകയറിയ യുക്രെയ്ൻ യുഎസ് മിസൈലുകൾ കൊണ്ട് ആക്രമണം അഴിച്ചുവിട്ടതും യുക്രെയ്നെതിരെ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പ്രഖ്യാപിക്കുകയും ചെയ്തതോടെ, സ്വർണവില വീണ്ടും മുന്നേറ്റത്തിന്റെ വണ്ടിപിടിക്കുകയായിരുന്നു.
Also Read
കൈക്കൂലി ‘ബോംബ്’: അദാനിയുടെ ‘രക്ഷകനും’ രക്ഷയില്ല! ജിക്യുജിയുടെ ഓഹരി 25% നിലംപൊത്തി
ഔൺസിന് 2,560 ഡോളർ വരെ കഴിഞ്ഞയാഴ്ച താഴ്ന്ന രാജ്യാന്തരവില ഇപ്പോൾ 100 ഡോളറോളം തിരിച്ചുകയറി 2,661 ഡോളറിലെത്തി. ഫലത്തിൽ, കേരളത്തിലെ വിലയും കൂടിത്തുടങ്ങി. കഴിഞ്ഞയാഴ്ച പവന് 55,480 രൂപവരെ താഴ്ന്ന വില, ഇന്നുള്ളത് 57,160 രൂപയിൽ. ഇന്നുമാത്രം 240 രൂപ കൂടി. ഗ്രാമിന് 30 രൂപ വർധിച്ച് വില 7,145 രൂപയിലുമെത്തി. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം പവന് കൂടിയത് 1,680 രൂപയാണ്. ഗ്രാമിന് 210 രൂപയും കൂടി. ഇന്ന് 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 20 രൂപ വർധിച്ച് 5,890 രൂപയിലെത്തി. വെള്ളിവില 99 രൂപയിൽ തന്നെ ഗ്രാമിന് മാറ്റമില്ലാതെ തുടരുന്നു.
ഇനി വില കുറയുമോ?
ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ യുഎസ് ഡോളർ, യുഎസ് സർക്കാരിന്റെ ട്രഷറി ബോണ്ട് യീൽഡ് (സർക്കാർ പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നതുവഴി നിക്ഷേപകർക്ക് കിട്ടുന്ന നേട്ടം), യുഎസ് ഓഹരി വിപണി, ക്രിപ്റ്റോകറൻസികൾ എന്നിവ നേട്ടത്തിലേറിയതായിരുന്നു കഴിഞ്ഞവാരം സ്വർണവിലയെ വീഴ്ത്തിയത്. എന്നാൽ, റഷ്യ-യുക്രെയ്ൻ സംഘർഷം വീണ്ടും കടുക്കുന്ന പശ്ചാത്തലത്തിൽ, സുരക്ഷിത നിക്ഷേപമെന്ന പെരുമയുമായി സ്വർണത്തിന് ഡിമാൻഡ് ഏറുകയാണ്. കഴിഞ്ഞവാരം കുതിച്ചുയർന്ന ഡോളറും യുഎസ് ട്രഷറി യീൽഡും താഴേക്കുനീങ്ങിയതും സ്വർണവിലയെ മുന്നോട്ട് നയിച്ചു.
Also Read
സ്വർണവില;ട്രംപ് വീഴ്ത്തി, ബൈഡൻ തിരിച്ചുകയറ്റി
യുദ്ധംപോലുള്ള ഭൗമരാഷട്രീയ പ്രശ്നങ്ങൾ എക്കാലത്തും സ്വർണത്തിന് നേട്ടമാണ്. ഓഹരി, കടപ്പത്ര വിപണികൾ തളരുമെന്നതിനാൽ സ്വർണനിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകും; വിലയും കൂടും. എന്നാൽ, വരുംനാളുകളിൽ സ്വർണത്തെ കാത്തിരിക്കുന്നത് കനത്ത ചാഞ്ചാട്ടമായിരിക്കുമെന്നാണ് വിലയിരുത്തലുകൾ.
ട്രപിന്റെ നിലപാടുകളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും പണപ്പെരുപ്പം കൂടാനിടയാക്കുമെന്നതിനാൽ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഡിസംബറിലെ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതകൾ കുറഞ്ഞത് സ്വർണത്തിന് തിരിച്ചടിയാണ്. പലിശകുറയാൻ 53% സാധ്യതയേ നിലവിൽ വിപണി കാണുന്നുള്ളൂ. ഡിസംബറിന് ശേഷമുള്ള യോഗങ്ങളിൽ പലിശനിരക്ക് നിലനിർത്താനും സാധ്യതയുണ്ട്.
പലിശ കുറച്ചാൽ ഡോളറിന്റെ മൂല്യം, കടപ്പത്ര ആദായനിരക്ക്, ബാങ്ക് നിക്ഷേപങ്ങളിൽ നിന്നുള്ള പലിശനേട്ടം എന്നിവ കുറയുകയും സ്വർണവില കൂടുകയും ചെയ്യും. അതായത്, പലിശയിൽ മാറ്റമില്ലെങ്കിൽ ഡോളറും ബോണ്ടും കുതിക്കും; സ്വർണവില താഴും. എന്നിരുന്നാലും, ട്രംപിന്റെ നയങ്ങൾ വ്യാപാരയുദ്ധത്തിന് വഴിവച്ചാൽ സ്വർണവില കൂടാനും ഇടയുണ്ട്. അതായത്, സ്വർണത്തെ കാത്തിരിക്കുന്നത് കനത്ത ചാഞ്ചാട്ടത്തിന്റെ ദിനങ്ങളാണെന്ന് നിരീക്ഷകർ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]