
ദോഹ: പൊളിറ്റിക്കൽ ബ്യൂറോ ഉപതലവൻ ഖാലിൽ ഹയ്യ അടക്കം ഹമാസിന്റെ ഉന്നത നേതാക്കൾ ഖത്തർ വിട്ടെന്ന് റിപ്പോർട്ട്. ദോഹയിലുള്ള ഹമാസിന്റെ ഓഫീസ് താത്കാലികമായി പൂട്ടി. ഗാസയിലെ വെടിനിറുത്തലിന് നടത്തിവന്ന മദ്ധ്യസ്ഥ ശ്രമങ്ങൾ ഖത്തർ നിറുത്തിവച്ചിരുന്നു. പിന്നാലെ ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ നിർദ്ദേശിച്ചെന്ന് വാർത്ത പ്രചരിച്ചെങ്കിലും സർക്കാർ വൃത്തങ്ങൾ ഇത് നിഷേധിച്ചിരുന്നു. ഗാസ വിഷയം ഗൗരവമായി ചർച്ച ചെയ്യാൻ ഹമാസും ഇസ്രയേലും തയ്യാറാകുന്നില്ലെന്ന് കാട്ടിയാണ് ഖത്തർ മദ്ധ്യസ്ഥശ്രമങ്ങൾ താത്കാലികമായി നിറുത്തിയത്. അതേസമയം, ഹമാസ് നേതാക്കൾ നിലവിൽ എവിടെന്ന് വ്യക്തമല്ല. തുർക്കിയിലുണ്ടാകാമെന്ന് കരുതുന്നുണ്ട്. അതേ സമയം, ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇന്നലെ 19 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 43,980 കടന്നു.