
ബീജിംഗ്: ചികിത്സാസഹായമായി ലഭിച്ച പണം ഉപയോഗിച്ച് യുവാവ് ആഡംബര ഫ്ലാറ്റ് വാങ്ങി. പിരിഞ്ഞുകിട്ടിയ 81ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് ചൈനയിലെ ഹൂബെയ് പ്രവിശ്യാ സ്വദേശിയും ഇരുപത്തൊമ്പതുകാരനുമായ ലാൻ എന്ന യുവാവ് ഫ്ലാറ്റ് വാങ്ങിയത്. കാൻസർ ചികിത്സിക്കാൻ ഓൺലൈൻവഴി സ്വരൂപിച്ച ഫണ്ടാണ് ഇയാൾ ദുരുപയോഗിച്ചത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
അപൂർവ കാൻസറായ ഹോഡ്കിൻസ് ലിംഫോമ തന്നെ ബാധിച്ചുവെന്നും സാമ്പത്തിക സ്ഥിതി മോശമായതിനാൽ ചികിത്സിക്കാൻ പണം വേണമെന്നുമാണ് ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമിലൂടെ യുവാവ് ആവശ്യപ്പെട്ടത്. പിതാവിന്റെ ചികിത്സയും മരണവും മൂലം സാമ്പത്തികമായി ആകെ തകർന്ന അവസ്ഥയിലായപ്പോഴാണ് തനിക്കും രോഗം കണ്ടെത്തിയതെന്നും ആശുപത്രിയുടെ ബില്ല് അടയ്ക്കാൻ പോലും തന്റെ കൈയിൽ പണമില്ലെന്നും യുവാവ് പറഞ്ഞിരുന്നു. ജിയാംഗ്സു പ്രവിശ്യയിലെ നാൻജിംഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് താൻ 2020ൽ ബിരുദമെടുത്തുവെന്നും രോഗം തിരിച്ചറിയും മുമ്പ് വലിയാെരു ഇന്റർനെറ്റ് കമ്പനിയിൽ ജോലിചെയ്തിരുന്നു എന്നും ഇയാൾ പറഞ്ഞിരുന്നു.
നവംബർ ആറിനാണ് ധനശേഖരണം ആരംഭിച്ചത്. യുവാവിന്റെ ദയനീയ അവസ്ഥകണ്ട് നിരവധിപേർ സഹായം നൽകി. ദിവസങ്ങൾകൊണ്ടുതന്നെ വൻ തുക യുവാവിന്റെ അക്കൗണ്ടിലെത്തി. കാര്യങ്ങൾ ഇങ്ങനെ പോകുന്നതിനിടയിലാണ് താൻ പുതുതായി വാങ്ങിയ ഫ്ലാറ്റിന്റെ ചിത്രം യുവാവ് സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തത്. ഇതോടെ കാര്യങ്ങൾ എല്ലാം കലങ്ങിമറിഞ്ഞു. ചികിത്സാ സഹായ ഫണ്ട് തിരിമറി നടത്തിയെന്ന് ആരോപിച്ച് സഹായം നൽകിയവർ ഉൾപ്പെടെ നിരവധിപേർ രംഗത്തെത്തി. പണം തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഇതിനിടെ യുവാവ് വൻ സമ്പന്നനാണെന്നും യഥാർത്ഥ സ്വത്തുവിവരം മറച്ചുവച്ചാണ് സഹായം തേടിയതെന്നും മറ്റുചിലർ ആരോപണമുന്നയിച്ചു. നേരത്തേ യുവാവ് നൽകിയിരുന്ന വിവാഹ പരസ്യമാണ് ഇതിനുളള തെളിവായി അവർ ഉയർത്തിക്കാണിച്ചത്. അന്ന് പറഞ്ഞിരുന്ന സ്വത്തുവിവരത്തിൽ ഉൾപ്പെട്ട ഒരു വീടുമാത്രമാണ് തനിക്ക് ഉള്ളതെന്നാണ് ഇയാൾ ചികിത്സാ സഹായം ആവശ്യപ്പെട്ടുള്ള അഭ്യർത്ഥനയിൽ പറഞ്ഞിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സംഭവം വിവാദമായതോടെ ഫണ്ട് പിരിവിന് നേതൃത്വം നൽകിയ ഓൺലൈണൻ പ്ലാറ്റ്ഫോം യുവാവിനെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുവാവിന് ലഭിച്ച പണം തിരിച്ചുപിടിച്ച് നൽകിയവർക്ക് തിരിച്ചുനൽകുമെന്നാണ് അവർ പറയുന്നത്. തങ്ങളുടെ പ്ലാറ്റ്ഫോമിലെ നിയമാവലി അനുസരിച്ചാൻ ഇങ്ങനെ ചെയ്യുന്നതെന്നും അവർ പറഞ്ഞു. എന്നാൽ ഇത് എത്രത്താേളം പ്രായോഗികമാണെന്ന് വ്യക്തമല്ല. യുവാവിന് ശരിക്കും രോഗമുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഇതുപോലുള്ള കള്ളത്തരങ്ങൾ യഥാർത്ഥ രോഗികൾക്ക് സഹായം ലഭിക്കുന്നത് കുറയ്ക്കുമെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സോഷ്യൽ മീഡിയ പറയുന്നത്.