ന്യൂഡല്‍ഹി: മലയാള സിനിമയിലെ സംഘടനകളായ അമ്മയും ഡബ്ല്യു.സി.സി.യും തമ്മിലുള്ള ഉരസലുകളാണ് തനിക്കെതിരായ പരാതിക്കുപിന്നിലെന്ന് സിദ്ദിഖിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോഹ്തഗി സുപ്രീംകോടതിയിൽ വാദിച്ചു. സിദ്ദിഖ് അമ്മയുടെ ഭാരവാഹിയായിരുന്നു. പരാതിക്കാരി ഡബ്ല്യു.സി.സി. അംഗവുമായിരുന്നു. സംഘടനകള്‍ തമ്മിലുള്ള പ്രശ്നത്തെത്തുടര്‍ന്നാണ് പെട്ടെന്ന് പരാതിക്കാരി പോലീസിനെ സമീപിച്ചത്. ആരോപണങ്ങളില്‍ മാറ്റംവരുത്തിക്കൊണ്ടിരിക്കുന്ന പരാതിക്കാരിയുടെ വിശ്വാസ്യത ചോദ്യമുയര്‍ത്തുന്നു. നിള തിയേറ്ററില്‍ സിനിമയുടെ പ്രിവ്യൂ നടന്ന ദിവസം മാത്രമേ പരാതിക്കാരിയെ സിദ്ദിഖ് കണ്ടിട്ടുള്ളൂ. അന്ന് മാതാപിതാക്കള്‍ക്കൊപ്പമാണ് അവരെത്തിയതെന്നും റോഹ്തഗി പറഞ്ഞു.
സിനിമാ പ്രിവ്യൂവിന് വിളിച്ചതെന്തിന് -സര്‍ക്കാര്‍
പരാതിക്കാരിയെ സിദ്ദിഖ് സിനിമാ പ്രിവ്യൂവിന് വിളിച്ചതില്‍ സംശയമുയര്‍ത്തി സംസ്ഥാനസര്‍ക്കാര്‍. വളരെ വേണ്ടപ്പെട്ടവരെമാത്രം വിളിക്കുന്ന പരിപാടിക്ക് പ്രശസ്തയല്ലാത്ത പരാതിക്കാരിയെ വിളിച്ചതെന്തിനാണെന്ന് സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് രഞ്ജിത് കുമാര്‍ ചോദിച്ചു. പോലീസില്‍ പരാതി നല്കാന് വൈകിയതിനെക്കുറിച്ച് സുപ്രീംകോടതി ചോദിച്ചുകൊണ്ടേയിരുന്നപ്പോള്, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് പരാതിക്കാരിക്ക് ധൈര്യംലഭിച്ചതെന്ന് രഞ്ജിത്കുമാര്‍ പറഞ്ഞു. പക്ഷേ, ഫെയ്സ്ബുക്കില്‍ പോസ്റ്റുചെയ്യാന്‍ ധൈര്യമുണ്ടായിരുന്നല്ലോയെന്ന് കോടതി ചോദിച്ചു. ഹേമാ കമ്മിറ്റിക്ക് മുന്‍പാകെയും അവര്‍ പോയില്ലല്ലോയെന്ന് ബെഞ്ച് ആരാഞ്ഞപ്പോള്‍ അതേക്കുറിച്ച് താന്‍ പറയുന്നില്ലെന്ന് രഞ്ജിത് കുമാര്‍ വ്യക്തമാക്കി. സിദ്ദിഖിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
2014 മുതലേ സിദ്ദിഖ് പിന്തുടര്ന്നിരുന്നു-പരാതിക്കാരി
ഫോട്ടോകള്‍ ലൈക്ക് ചെയ്തുകൊണ്ടും സന്ദേശമയച്ചുകൊണ്ടും 2014 മുതല്‍തന്നെ പരാതിക്കാരിയെ സിദ്ദിഖ് പിന്തുടര്‍ന്നിരുന്നതായി അവര്‍ക്കുവേണ്ടി ഹാജരായ അഡ്വ. വൃന്ദാ ഗ്രോവര്‍ പറഞ്ഞു. സിനിമാ പ്രിവ്യൂവിനെത്തിയ പരാതിക്കാരിയെ സിദ്ദിഖ് മസ്കറ്റ് ഹോട്ടലിലേക്ക് കൊണ്ടുപോയിട്ടാണ് ബലാത്സംഗം ചെയ്തതെന്നും അവര്‍ വാദിച്ചു. എന്നാല്‍, ഫെയ്സ്ബുക്കില്‍ എഴുതാന്‍ കാണിച്ച ധൈര്യം എന്തുകൊണ്ട് പോലീസില്‍ പരാതിപ്പെടാന്‍ കാണിച്ചില്ലെന്ന് ജസ്റ്റിസ് ബേല എം. ത്രിവേദി ആവര്‍ത്തിച്ചു. തുടര്‍ന്ന്, കേസിനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യംനല്‍കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]