![](https://newskerala.net/wp-content/uploads/2024/11/cpi-office-attack_1200x630xt-1024x538.jpg)
തൃശൂര്: സിപിഐ കുറുമ്പിലാവ് ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ ഗുണ്ടാ ആക്രമണം. മൂന്നംഗ സംഘമാണ് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഓഫീസ് തല്ലി തകർത്തത്. ഇതേ സംഘം കഴിഞ്ഞ ദിവസങ്ങളിൽ പഴുവിൽ സുബ്രമണ്യ സ്വാമി ക്ഷേത്രം ഉപദേശക സമിതി അംഗങ്ങളുടെ വീടുകളും തല്ലി തകർത്തിരുന്നു.
ഓഫീസിന്റെ ജനൽ പാളികളും, മുൻ വശത്തെ വാതിലും ഫർണീച്ചറുകളും കൊടിമരവും ഗുണ്ടാ സംഘം അടിച്ചു തകർത്തു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മൂന്നംഗ സംഘം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഓഫീസ് തല്ലി തകർക്കുകയായിരുന്നു. രണ്ട് ദിവസം മുൻപ്
പഴുവിൽ സുബ്രമണ്യ സ്വാമി ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് പി എ ദേവീദാസിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. വീടിന്റെ മുൻ വശത്തെ വാതിൽ ഇരുമ്പ് പൈപ്പ് കൊണ്ടടിച്ച് കേട് വരുത്തി. വീടിന് മുന്നിലുണ്ടായിരുന്ന രണ്ട് ബൈക്കുകളും അടിച്ച് തകർത്തു. ഈ സംഘം ദേവസ്വം ഓഫീസിലെത്തി വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. ക്ഷേത്രം ഉപദേശക സമിതി അംഗവും സി പി ഐ കുറുമ്പിലാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ എ ബി ജയപ്രകാശിന്റെയും വീടിന് നേരെയും അന്ന് ആക്രമണമുണ്ടായി.
പഴുവിൽ ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷത്തിനിടെ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു. ഇതിൽ പ്രതിയായ യുവാവ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തുടർച്ചയായി ആക്രമണം ഉണ്ടായിട്ടുള്ളതെന്ന് പറയുന്നു. സംഭവമറിഞ്ഞ് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, വി എസ് സുനിൽകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ ഓഫീസ് സന്ദർശിച്ചു. സംഭവത്തെ തുടർന്ന് അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി. നേരത്തെ വീട് ആക്രമണ കേസിൽ പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടിയിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]