![](https://newskerala.net/wp-content/uploads/2024/11/pic.1731895809.jpg)
ടെൽ അവീവ്: ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്രയേൽ. ഇന്നലെ മദ്ധ്യ ബെയ്റൂട്ടിലുണ്ടായ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. റാസ് അൽ-നബായിലുള്ള സിറിയൻ ബാത്ത് പാർട്ടിയുടെ ലെബനീസ് ബ്രാഞ്ച് ഓഫീസ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
മൂന്ന് പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ തെരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ളയുടെ ദീർഘകാല മാദ്ധ്യമ ഉപദേഷ്ടാവായിരുന്നു അഫീഫ്. ഹിസ്ബുള്ളയുമായി ബന്ധമുള്ള മാദ്ധ്യമ സ്ഥാപനങ്ങളുടെ നിയന്ത്രണം ഇയാൾക്കായിരുന്നു. ഹിസ്ബുള്ളയുടെ വാർത്താ സമ്മേളനങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നതും ഇയാളാണ്.
ഇതിനിടെ, വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയയിൽ ജനവാസ കെട്ടിടത്തിലുണ്ടായ ഇസ്രയേൽ ബോംബാക്രമണത്തിൽ 72 പേർ കൊല്ലപ്പെട്ടു. നുസൈറത്ത്, ബുറെയ്ജ് എന്നിവിടങ്ങളിലായി ഇരുപതിലേറെ പേരും ഇന്നലെ കൊല്ലപ്പെട്ടു. ഗാസയിലെ ആകെ മരണം 43,840 കടന്നു.
നെതന്യാഹുവിന്റെ വസതിക്ക് നേരെ ആക്രമണം
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് നേരെ ആക്രമണം. ശനിയാഴ്ച രാത്രി വടക്കൻ നഗരമായ സിസേറിയയിലുള്ള വസതിയുടെ മുറ്റത്തേക്ക് രണ്ട് ഫ്ലാഷ് ബോംബുകൾ പതിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. ആക്രമണ സമയം നെതന്യാഹുവും കുടുംബവും ഇവിടെ ഉണ്ടായിരുന്നില്ല. കാര്യമായ നാശനഷ്ടങ്ങളില്ല. കഴിഞ്ഞ മാസം ഈ വസതിക്ക് നേരെ ഹിസ്ബുള്ള ഡ്രോൺ ആക്രമണം നടത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]