മുംബയ് : 2003ലും 2005ലും തെറ്റായ തീരുമാനത്തിലൂടെ തന്നെ ഔട്ടാക്കിയ വെസ്റ്റ് ഇൻഡീസുകാരനായ അമ്പയർ സ്റ്റീവ് ബക്നറെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ‘റോസ്റ്റ്” ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റർ സച്ചിൻ ടെൻഡുൽക്കർ. ബക്നറുടെ പേര് സൂചിപ്പിക്കാതെയായിരുന്നു സച്ചിന്റെ പ്രതികാരം.
മൂന്നു മരങ്ങൾക്ക് മുന്നിലായി ബാറ്റിംഗ് സ്റ്റാൻസിൽ നിൽക്കുന്ന തന്റെ ചിത്രം എക്സിൽ പോസ്റ്റ് ചെയ്ത സച്ചിൻ അതിന്റെ അടിക്കുറിപ്പിലാണ് ബക്നർക്കുള്ള മുന വച്ചത്. ഏത് അമ്പയർക്കാണ് സ്റ്റംപുകൾക്ക് ഇത്രയും ഉയരമുണ്ടെന്ന് തോന്നുകയെന്ന് അറിയാമോ എന്നാണ് സച്ചിൻ ഫോട്ടോയ്ക്കൊപ്പം കുറിച്ചത്. ഇത് ബക്നറെ ഉദ്ദേശിച്ചാണെന്ന് സച്ചിൻ ആരാധർക്ക് പെട്ടെന്ന് മനസിലാവുകയും അവർ കമന്റുകൾ ഇടുകയും ചെയ്തു.
2003ലെ ഗാബ ടെസ്റ്റിൽ ഗില്ലസ്പിയുടെ സ്റ്റംപിന് മുകളിലേക്ക് പോയിരുന്ന പന്ത് സച്ചിന്റെ തുടയിൽ കൊണ്ടപ്പോൾ ബക്നർ എൽ.ബി.ഡബ്ള്യു വിധിച്ചത് വലിയ വിവാദമായിരുന്നു. 2005ൽ കൊൽക്കത്തയിൽ പാകിസ്ഥാനെതിരായ ടെസ്റ്റിൽ സച്ചിന്റെ ബാറ്റിൽ തട്ടാത്ത പന്തിൽ ക്യാച്ച് വിധിച്ചതും ബക്നറായിരുന്നു. അന്ന് ആ തീരുമാനങ്ങൾ തെറ്റാണെന്ന് അറിഞ്ഞിട്ടും സച്ചിൻ പ്രശ്നങ്ങളുണ്ടാക്കാതെ വിധി അംഗീകരിച്ച് മടങ്ങുകയായിരുന്നു.