തിയ്യേറ്ററില്‍ പ്രദര്‍ശനം തുടരുന്ന സൂര്യ ചിത്രം കങ്കുവയുടെ റിവ്യൂവുമായി നടിയും സൂര്യയുടെ പങ്കാളിയുമായ ജ്യോതിക. സൂര്യയുടെ ഭാര്യയെന്ന നിലയിലല്ല താന്‍ എഴുതുന്നതെന്ന് പറഞ്ഞാണ് സാമൂഹികമാധ്യമങ്ങളില്‍ അവര്‍ കുറിപ്പ് പങ്കുവെച്ചത്. ജ്യോതിക എന്ന നിലയില്‍ വ്യക്തിപരമായും സിനിമാസ്വാദക എന്ന നിലയിലുമാണ് താന്‍ ഈ കുറിപ്പെഴുതുന്നതെന്നും അവര്‍ പറയുന്നു.
കങ്കുവ ഗംഭീര കാഴ്ചാനുഭവമാണ്. സൂര്യയെ ഓര്‍ത്ത് അഭിമാനിക്കുന്നു. ചിത്രത്തിന്റെ ആദ്യ അരമണിക്കൂര്‍ വര്‍ക്കായില്ല. കര്‍ണകഠോരമായ ശബ്ദമായിരുന്നു. മിക്കവാറും ഇന്ത്യന്‍ സിനിമകളില്‍ പോരായ്മകളുണ്ടാവും, പ്രത്യേകിച്ച് വലിയ പരീക്ഷണങ്ങള്‍ നടത്തുന്ന ഇത്തരം ചിത്രങ്ങളില്‍. എന്നാല്‍, മൂന്നുമണിക്കൂറില്‍ വെറും അരമണിക്കൂര്‍ മാത്രമാണിത്. എന്നാല്‍, സത്യമായും ചിത്രം വലിയ ചലച്ചിത്രാനുഭവമാണ്. തമിഴ് സിനിമയില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നതെന്നും ജ്യോതിക കുറിച്ചു.
ചില നെഗറ്റീവ് റിവ്യൂകള്‍ അത്ഭുതപ്പെടുത്തി. റിവ്യു എഴുതിയവര്‍ ചിത്രത്തിന്റെ നല്ല ഭാഗങ്ങളെക്കുറിച്ച് മറന്നുപോയെന്നാണ് തോന്നുന്നത്. ആദ്യ ദിനം മുതല്‍ തന്നെ ചിത്രത്തിനെതിരെ നെഗറ്റീവ് പ്രചരിപ്പിച്ചവെന്നത് ദുഃഖകരമാണ്. ആദ്യ ഷോ അവസാനിക്കുന്നതിന് മുമ്പ് തന്നെ മോശം അഭിപ്രായങ്ങള്‍ വന്നു. ഒന്നിലേറെ ഗ്രൂപ്പുകളുടെ പ്രൊപ്പഗാന്‍ഡ പോലെ തോന്നുന്നു. ചിത്രത്തിന്റെ കണ്‍സെപ്റ്റും 3ഡി ചെയ്യാനെടുത്ത പ്രയത്നവും ഗംഭീര ദൃശ്യങ്ങളും കൈയ്യടി അര്‍ഹിക്കുന്നു. അഭിമാനിക്കൂ ടീം കങ്കുവ, നെഗറ്റീവ് കമന്റിടുന്നവര്‍ സിനിമയുടെ ഉയര്‍ച്ചയ്ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തമിഴ് സൂപ്പര്‍താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് കങ്കുവ. നവംബര്‍ പതിനാലിന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം 58 കോടി 62 ലക്ഷം രൂപ ആഗോള ഗ്രോസ് ആയി നേടിയപ്പോള്‍, രണ്ട് ദിവസം പിന്നിടുമ്പോഴുള്ള ആഗോള കളക്ഷന്‍ 89 കോടി 32 ലക്ഷം രൂപയാണ്.
സൂര്യ ഇരട്ട വേഷം ചെയ്ത ഈ ചിത്രത്തില്‍ ബോളിവുഡ് താരം ബോബി ഡിയോള്‍ ആണ് വില്ലന്‍ വേഷം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ദിശ പട്ടാണി. യോഗി ബാബു, കെ എസ് രവികുമാര്‍, നടരാജന് സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന് ശിവ എന്നിവര്‍ ചേര്‍ന്ന് രചിച്ച ചിത്രം, 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന കഥയാണ് പറയുന്നത്. ഗംഭീര ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. 2 ഭാഗങ്ങളായി കഥ പറയുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]