
കോഴിക്കോട്: സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനക്കേസ് മാറ്റിവെച്ചതിൽ പ്രതികരണവുമായി റഹീമിൻ്റെ മാതാവ് ഫാത്തിമ്മ. മകനെ എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കണമെന്നും ഇനിയും കാത്തിരിക്കാൻ വയ്യെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് വലിയ പ്രതീക്ഷയിൽ ആയിരുന്നെന്ന് സഹോദരൻ നസീറും പ്രതികരിച്ചു. മോചനം നീണ്ടു പോകുന്നത് എന്തു കൊണ്ടാണെന്നറിയില്ല.
കോടതിയിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും സഹോദരൻ പറഞ്ഞു. റഹീമിന്റെ ജയില്‍ മോചന കേസില്‍ ഇന്നും മോചന ഉത്തരവ് ഉണ്ടായില്ല.
കേസ് വീണ്ടും രണ്ടാഴ്ച കഴിഞ്ഞു പരിഗണിച്ചേക്കും. ‘മകനുമായി ഒരുമിച്ച് വരാമെന്ന് കരുതിയാണ് പോയത്. എത്രയും പെട്ടെന്ന് എൻ്റെ കുട്ടിയെ എത്തിച്ച് തരണം.
കാണാൻ എത്രയോ കാലമായി നീറിക്കഴിയുകയാണ് ഞാൻ. കണ്ടപ്പോൾ കുറേ കരഞ്ഞു.
എന്തൊക്കെയോ പറഞ്ഞു. എത്രയോ കാലമായി കാണുകയല്ലേ.
അവന് ചായ കൊടുത്തു. എനിക്കും ചായ തന്നു.
ഉമ്മച്ചി പൊയ്ക്കോളിൻ, ഞാൻ അടുത്തയാഴ്ച്ച വരുമെന്നും പറഞ്ഞു’. നാളെയോ മറ്റന്നാളോ എത്തുമെന്ന് കാക്കുമ്പോഴും ഇങ്ങനെയുള്ള വാർത്തകളാണ് കേൾക്കുന്നതെന്നും ഉമ്മ പറഞ്ഞു. അബ്ദുൽ റഹീമിന്റെ വധശിക്ഷ കോടതി റദ്ദ് ചെയ്തിരുന്നു.
ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിരുന്നു. തുടർന്നാണ് വധശിക്ഷ റദ്ദ് ചെയ്ത് വിധിയെത്തിയത്.
റഹീമിന്റെ മോചത്തിനായി സമാഹരിച്ച ഫണ്ടില്‍ ബാക്കിയുള്ള പതിനൊന്നരക്കോടി രൂപ മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാൻ ധാരണയായിട്ടുണ്ട്. റഹീമിന്റെ അഭിപ്രായം കൂടി കേട്ട
ശേഷം അന്തിമ തീരുമാനമെന്ന് നിയമ സഹായ സമിതി വ്യക്തമാക്കി. റഹീമിന്റെ മോചനത്തിനായി 47 കോടി 87 ലക്ഷത്തി 65,347 രൂപയാണ് ആകെ സമാഹരിച്ചതെന്ന് നിയമ സഹായ സമിതി അറിയിച്ചു.
കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സമിതി കണക്ക് പുറത്തുവിട്ടത്. ദിയ ധനം ഉൾപ്പെടെയുള്ള ചെലവ് 36 കോടി 27 ലക്ഷത്തി 34,927 രൂപയാണ്.
ബാക്കി 11 കോടി 60 ലക്ഷത്തി 30,420 രൂപ ട്രസ്റ്റ് അക്കൗണ്ടിൽ ഉണ്ട്. ഈ തുക എന്ത് ചെയ്യണമെന്ന് റഹീം നാട്ടിൽ തിരിച്ചെത്തിയ ശേഷം യോഗം ചേർന്ന് തീരുമാനിക്കുമെന്നും സമിതി അറിയിച്ചു. മോചന ഉത്തരവ് ഉണ്ടായില്ല; റഹീം കേസ് വീണ്ടും മാറ്റിവെച്ചു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]