രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശ നിരക്ക് ഉയർത്തി. പുതിയ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വരുമെന്ന് എസ്ബിഐയുടെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് മാസം ആറ് മാസം, ഒരു വർഷം എന്നിങ്ങനെ വിവിധ കാലയളവിലേക്കുള്ള എംസിഎൽആർ 5 ബേസിസ് പോയിൻ്റാണ് ഉയർത്തിയത്.
മൂന്ന് മാസത്തെ കാലയളവിനുള്ള എംസിഎൽആർ 8.50 ശതമാനത്തിൽ നിന്നും 8.55 ശതമാനമായി ഉയർന്നു. ആറ് മാസത്തെ നിരക്ക് 8.85 ശതമാനത്തിൽ നിന്നും നിന്ന് 8.90 ശതമാനമായി ഉയർന്നു. ഒരു വർഷത്തെ എംസിഎൽആർ ഇപ്പോൾ 9 ശതമാനമാണ്, മുമ്പ് 8.95 ശതമാനം ആയിരുന്നു. വായ്പാ നിരക്കുകളിലെ ഈ മാറ്റം ഈ കാലയളവുകൾക്ക് മാത്രമേ ബാധകമാകൂ, മറ്റ് കാലയളവുകളിലേക്കുള്ള എംസിഎൽആർ മാറ്റമില്ലാതെ തുടരും. ഉദാഹരണത്തിന്, രണ്ട് വർഷത്തെ എംസിഎൽആർ 9.05 ശതമാനവും മൂന്ന് വർഷത്തെ നിരക്ക് 9.10 ശതമാനവുമായി തന്നെ തുടരും.
എസ്ബിഐയുടെ എംസിഎൽആറിലെ മാറ്റം വാഹന വായ്പ പോലുള്ള ഒരു വർഷത്തെ എംസിഎൽആറുമായി ബന്ധിപ്പിച്ചിരിക്കുന്ന എല്ലാ വായ്പകളെയും ബാധിക്കും. എന്നാൽ പേഴ്സണൽ ലോൺ എടുത്തവർ ഇത് ബാധിക്കില്ല. കാരണം, എസ്ബിഐയുടെ വ്യക്തിഗത വായ്പാ നിരക്കുകൾ ബാങ്കിൻ്റെ രണ്ട് വർഷത്തെ എംസിഎൽആറുമായി ബന്ധപ്പെട്ടിരിക്കുന്നു.
എംസിഎൽആർ, വായ്പയെടുക്കുന്നവരിൽ നിന്ന് ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്ക് നിർണ്ണയിക്കാൻ ബാങ്കുകളെ സഹായിക്കുന്നതിന് ആർബിഐ നിശ്ചയിച്ചിട്ടുള്ള ഒരു മാനദണ്ഡമാണ്. 2016-ൽ ആണ് ആർബിഐ ഇത് അവതരിപ്പിച്ചത്. നിക്ഷേപങ്ങളുടെ ചെലവ്, പ്രവർത്തനച്ചെലവ്, ബാങ്കിൻ്റെ ലാഭവിഹിതം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ എംസിഎൽആർ കണക്കാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]