മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) മെഗാ താരലേലത്തിനു മുന്നോടിയായി പങ്കെടുക്കുന്ന താരങ്ങളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ഐപിഎൽ ലേലത്തിനായി റജിസ്റ്റർ ചെയ്തിരുന്ന ഇംഗ്ലിഷ് താരം ജോഫ്ര ആർച്ചറാണ് ചുരുക്കപ്പട്ടികയിൽ അസാന്നിധ്യം കൊണ്ട് ശ്രദ്ധ നേടുന്ന താരം. ആർച്ചറിന് ചുരുക്കപ്പട്ടികയിൽ ഇടം പിടിക്കാനായില്ലെങ്കിലും, രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച 42കാരൻ ജയിംസ് ആൻഡേഴ്സൻ പട്ടികയിലുണ്ട്.
സൗദിയിലെ ജിദ്ദയിൽ ഈ മാസം 24, 25 തീയതികളിലാണ് മെഗാ താരലേലം നടക്കുന്നത്. ഉച്ചയ്ക്ക് 12.30നാണ് താരലേലം ആരംഭിക്കുക. ചുരുക്കപ്പട്ടികയിൽ ആകെ 574 താരങ്ങളാണുള്ളത്. ഇതിൽ 366 പേർ ഇന്ത്യക്കാരും 208 പേർ വിദേശ താരങ്ങളുമാണ്. ഐപിഎലിൽ കളിക്കുന്ന 10 ടീമുകളിലുമായി ആകെ 204 താരങ്ങളുടെ ഒഴിവാണുള്ളത്. ഇതിൽ 70 എണ്ണം വിദേശ താരങ്ങളുടേതാണ്.
ആർസിബിയും മുംബൈ ഇന്ത്യൻസും തമ്മിൽ 17 കോടി രൂപയ്ക്ക് കൈമാറി വാർത്തകളിൽ ഇടംപിടിച്ച കാമറോൺ ഗ്രീനും പട്ടികയിലില്ല. താരലേലത്തിനായി റജിസ്റ്റർ ചെയ്തിരുന്നെങ്കിലും, അടുത്തിടെ പരുക്കിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായതോടെയാണ് ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കാതെ പോയത്. അടുത്ത ആറു മാസത്തേക്ക് ഗ്രീനിന് കളത്തിലിറങ്ങാനാകില്ല.
ആകെ 1574 താരങ്ങളാണ് ഐപിഎൽ മെഗാ താരലേലത്തിനായി റജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 1000 പേരെയാണ് ചുരുക്കപ്പട്ടിക തയാറാക്കിയപ്പോൾ തഴഞ്ഞത്. ഇത്തവണ താരലേലത്തിന് മാർക്വീ താരങ്ങളുടെ രണ്ടു വിഭാഗങ്ങൾ ഉണ്ടാകുമെന്ന് സൂചനയുണ്ട്. ഇതിൽ ഒന്നാം വിഭാഗത്തിൽ ജോസ് ബട്ലർ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കഗീരോ റബാദ, അർഷ്ദീപ് സിങ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ ഉൾപ്പെടുന്നു.
യുസ്വേന്ദ്ര ചെഹൽ, ലിയാം ലിവിങ്സ്റ്റൺ, ഡേവിഡ് മില്ലർ, കെ.എൽ. രാഹുൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർ രണ്ടാം വിഭാഗത്തിലാണ്. ഈ 12 പേരിൽ ഡേവിഡ് മില്ലർ മാത്രമാണ് 1.50 കോടി രൂപയ്ക്ക് ലേലത്തിനുള്ളത്. ബാക്കിയുള്ളവരുടെ അടിസ്ഥാന വില 2 കോടി രൂപയാണ്.
ചുരുക്കപ്പട്ടിക ഇങ്ങനെ
ക്യാപ്ഡ് ഇന്ത്യൻ താരങ്ങൾ – 48
ക്യാപ്ഡ് വിദേശ താരങ്ങൾ – 193
അസോഷ്യേറ്റ് താരങ്ങൾ – 3
അൺക്യാപ്ഡ് ഇന്ത്യൻ താരങ്ങൾ – 318
അൺക്യാപ്ഡ് വിദേശ താരങ്ങൾ – 12
English Summary:
No Jofra Archer in IPL Auction shortlist; Pant, Rahul, Iyer among marquee list
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]