തിരുവനന്തപുരം∙ മത്സ്യബന്ധന സമൂഹത്തിന്റെ ആശങ്കകൾ പരിഹരിച്ചു സംസ്ഥാനത്ത് സീപ്ലെയ്ൻ പദ്ധതി പ്രാവർത്തികമാക്കാമെന്ന അഭിപ്രായവുമായി ശാസ്ത്രസമൂഹം. മത്സ്യലഭ്യത കുറഞ്ഞ പ്രദേശങ്ങൾ കണ്ടെത്തി പദ്ധതി കൊണ്ടുവന്നാൽ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗം തടസ്സപ്പെടില്ല. സീപ്ലെയ്ൻ കായലിലോ കടലിലോ മറ്റു ജലാശയങ്ങളിലോ ഇറങ്ങുന്നതു കൊണ്ട് ഗൗരവമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല. മീനുകളുടെ പ്രജനനം തടസ്സപ്പെടുമെന്നും ആവാസ വ്യവസ്ഥ തകരുമെന്നുമുള്ള വാദങ്ങൾക്കും അടിത്തറയില്ലെന്നു ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പദ്ധതി നടപ്പാക്കുന്ന പ്രദേശത്തെ കക്കവാരൽ തൊഴിലാളികൾ ഉൾപ്പെടെ പരമ്പരാഗത തൊഴിലാളികൾക്കു തൊഴിൽ നഷ്ടത്തിനു സാധ്യതയുണ്ട്. തൊഴിലാളികൾക്കും നാടൻ വള്ളങ്ങൾക്കും മത്സ്യബന്ധന ബോട്ടുകൾക്കും സീപ്ലെയ്നിന് ഒരുക്കുന്ന വാട്ടർ ഡ്രോമിനകത്തേക്കു പ്രവേശനമുണ്ടാകില്ല. 3 മുതൽ 6 വരെ കിലോമീറ്റർ അകലെയേ പ്രവർത്തിക്കാൻ അനുവദിക്കൂ. മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പൂർണമായി പരിഹരിച്ചാൽ പദ്ധതി സംസ്ഥാനത്ത് ഗുണകരമായേക്കും. വനമേഖലകളിൽ പരിസ്ഥിതിക്കും മൃഗങ്ങൾക്കും ഹാനികരമാകുമോ എന്നതിനെപ്പറ്റി വിദഗ്ധപഠനം വേണം.
12 കോസ്റ്റൽ ഇക്കണോമിക് ഡവലപ്മെന്റ് സോണുകളും അത്രതന്നെ ടൂറിസം സർക്കീറ്റുകളും തീരദേശപാതയും പുതിയ തുറമുഖങ്ങളും വരുന്നതോടെ സമ്പൂർണമായി മത്സ്യബന്ധന സമൂഹം അവരുടെ മേഖലകളിൽ നിന്ന് കുടിയിറക്കപ്പെടും. അതിന് നാന്ദി കുറിക്കുന്നതാണ് സീപ്ലെയ്ൻ പദ്ധതി.
ചാൾസ് ജോർജ്, പ്രസിഡന്റ്, കേരള മത്സ്യത്തൊഴിലാളി ഐക്യവേദി
പദ്ധതി വിവാദമാക്കേണ്ടതില്ല. മത്സ്യലഭ്യത ഏറെയുള്ള പ്രദേശത്ത് വാട്ടർ ഡ്രോം ഉണ്ടാക്കരുതെന്നു മാത്രം. സീപ്ലെയ്നിന് സ്പീഡും പവറും കൂടുതലായതിനാൽ സമീപത്ത് ബോട്ടുകളെ അനുവദിക്കില്ല. ബോട്ടിന്റെ അത്രയും മാലിന്യം സീപ്ലെയ്ൻ പുറന്തള്ളുന്നില്ല. മീൻ പിടിക്കുന്നവരുടെ ഉപജീവനത്തിന് തടസ്സമാകാത്ത തരത്തിൽ പദ്ധതി പ്രാവർത്തികമാക്കാനാണു സർക്കാർ മുൻഗണന നൽകേണ്ടത്.
ഡോ.സുനിൽ മുഹമ്മദ്, മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റ്, സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]