വ്യത്യസ്തമായ ചിത്രങ്ങളിലൂടെ പ്രേക്ഷകമനസിൽ ഇടംനേടിയ നടനാണ് വിക്രാന്ത് മാസി. മുംബൈയിൽ തന്റെ ചെറുപ്പകാലം എങ്ങനെയായിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങളും ഷൂസുമാണ് ചെറുപ്പത്തിൽ ധരിച്ചിരുന്നതെന്നും ഇക്കാരണംകൊണ്ട് ആകെ മടുത്തിരുന്നെന്നും വിക്രാന്ത മാസി ബർഖാ ദത്തിന്റെ മോജോ സ്റ്റോറിയിൽ പറഞ്ഞു. ജീവിതം നല്ല രീതിയിൽ പൊയ്ക്കൊണ്ടിരിക്കവേ പിതാവിന് പൊടുന്നനേ എല്ലാം നഷ്ടമായി. മുന്നിൽ വേറെ വഴിയില്ലാതിരുന്നതിനാൽ അദ്ദേഹത്തെ സഹായിക്കാൻ 17-ാം വയസിൽ ജോലിക്കുപോയിത്തുടങ്ങിയെന്നും താരം പറഞ്ഞു.
നാലുപേരടങ്ങുന്ന കുടുംബത്തെ ചുമലിലേറ്റാൻ പിതാവ് കഷ്ടപ്പെടുന്നത് താൻ കണ്ടിട്ടുണ്ടെന്ന് വിക്രാന്ത് മാസി പറഞ്ഞു. സമൃദ്ധിയുടെയും വിജയത്തിൻ്റെയും ജീവിതമായിരുന്നു അത്. പക്ഷേ പെട്ടെന്ന് അത് അപ്രത്യക്ഷമാവുകയായിരുന്നു. 1970-കളിലെ ഒരു ക്ലാസിക് കഥയായിരുന്നു അത്. കുടുംബത്തിൽ ഒരു പ്രശ്നമുണ്ടായി. എന്നാൽ ആഗ്രഹിച്ചതുപോലെ അത് കൈകാര്യം ചെയ്യാൻ അച്ഛന് സാധിച്ചില്ല. പക്ഷേ തന്റെ കഴിവിന്റെ പരമാവധി അദ്ദേഹം ശ്രമിച്ചുവെന്നും വിക്രാന്ത് മാസി പറഞ്ഞു. ഒരിക്കൽ പണത്തിന് അത്യാവശ്യം വന്നപ്പോൾ അച്ഛന്റെ ഓഫീസിൽ പോയപ്പോഴാണ് അദ്ദേഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് ബോധ്യംവന്നതെന്നും വിക്രാന്ത് പറഞ്ഞു.
“ഒരു ഫാൻസി ടേബിളിനരികെ, സന്തോഷകരമായ അന്തരീക്ഷത്തിൽ ഇരുന്ന് ജോലി ചെയ്യുന്ന അച്ഛനെയാണ് അവിടെ പ്രതീക്ഷിച്ചത്. പക്ഷേ അവിടെ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു. മനോഹരമായ മേശയോ ഓഫീസോ അല്ലായിരുന്നു അത്. ക്ഷീണിതനായ അച്ഛൻ ഒരു കസേരയിൽ ശ്വാസം മുട്ടി ഇരിക്കുന്നു. മുന്നിലെ ആഷ്ട്രേയിൽ സിഗരറ്റ് കുറ്റികളുടെ കൂമ്പാരമായിരുന്നു. പണത്തിന്റെ കവർ അദ്ദേഹം എടുത്തുനീട്ടിയപ്പോൾ അതിന്റെ യഥാർത്ഥമൂല്യം എനിക്ക് മനസിലായി.
മറ്റൊരാൾ ധരിച്ച വസ്ത്രങ്ങളും ഷൂസും ധരിക്കുന്നത് എനിക്ക് അസുഖകരമായിരുന്നു. വസ്ത്രങ്ങൾ അത്ര വലിയ പ്രശ്നമായിരുന്നില്ല, എന്നാൽ നിങ്ങൾ മറ്റൊരാളുടെ ഷൂ ധരിക്കേണ്ടിവരുമ്പോൾ അത് ഭയാനകമാണ്. ഞാൻ എത്ര വൃത്തിയാക്കിയാലും അത് മറ്റൊരാളുടെ ദുർഗന്ധം പുറപ്പെടുവിക്കും. പലതവണ മറ്റാരാൾ ധരിച്ച ഷൂസ് ഉപയോഗിക്കേണ്ടിവന്നിട്ടുണ്ട്. ഇനി ഫാഷൻ സ്ട്രീറ്റിൽ പോയാലും 100 രൂപയുടെ ടീ-ഷർട്ട് കണ്ടാൽ ഇപ്പോഴും വാങ്ങും. കാരണം അത് വേറൊരാൾ ഉപയോഗിക്കാത്തതും പുതിയതുമാണല്ലോ.” വിക്രാന്ത് മാസി പറഞ്ഞു.
വർഷങ്ങൾക്ക് ശേഷം ഒരു കാർ വാങ്ങിയപ്പോഴാണ് പലരും തന്നെ അഭിസംബോധന ചെയ്യുന്ന രീതിവരെ മാറിയതെന്നും വിക്രാന്ത് മാസി പറഞ്ഞു. വിശാലഹൃദയനായിരുന്ന സഹോദരൻ ചെയ്തപോലുള്ള വിട്ടുവീഴ്ചകൾ ചെയ്യാനില്ല. എന്തൊക്കെയോ ചെയ്യണമെന്നാഗ്രഹിച്ചിട്ട് അദ്ദേഹത്തിന് ജീവിതത്തിൽ ഒന്നും ചെയ്യാനായില്ല. അദ്ദേഹം ഒരുപാട് ത്യജിക്കുകയും സഹിക്കുകയും ചെയ്തു. പക്ഷേ താനൊരിക്കലും അങ്ങനെ ചെയ്യില്ലെന്നും വിക്രാന്ത് മാസി വ്യക്തമാക്കി,
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]