സഞ്ജയ് കപൂര്‍ എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും ബോളിവുഡ് നടനുമാണ് സഞ്ജയ് കപൂര്‍. പ്രശസ്ത ബോളിവുഡ് നിര്‍മാതാവ് ബോണി കപൂര്‍, നടന് അനില്‍ കപൂര്‍ എന്നിവരുടെ ഇളയസഹോദരന്. സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കുന്നതിന് മുമ്പ് കുടുംബം മുംബൈയില്‍ ജീവിച്ചിരുന്ന സാഹചര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. മുംബൈ ചെമ്പൂരില്‍ രണ്ട് കിടപ്പുമുറികളുള്ള ഫ്ളാറ്റില്‍ കുടുംബസമേതം താമസിച്ചതിന്റെ അനുഭവങ്ങളാണ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സഞ്ജയ് കപൂര്‍ ഓര്‍ത്തെടുക്കുന്നത്.
‘രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയുമുള്ള ഒരു അപ്പാര്‍ട്ട്മെന്റിലായിരുന്നു ചെമ്പൂരില്‍ ഞങ്ങളുടെ താമസം. മുത്തശ്ശി മരിച്ചതിന് പിന്നാലെ മുത്തച്ഛനും ഞങ്ങള്‍ക്കൊപ്പം വന്ന് താമസമാക്കി. ഞാനും സഹോദരി റീനയും ഉപയോഗിച്ചിരുന്ന മുറിയാണ് മുത്തച്ഛന് നല്‍കിയത്. അദ്ദേഹത്തെ വരവോടെ ഞങ്ങള്‍ സഹോദരങ്ങള്‍ തമ്മിലുള്ള അടുപ്പം കൂടുതലായി. ലിവിങ് റൂമില്‍ ഒരു കിടക്കയിലായി ഞങ്ങളുടെ ഉറക്കം. അന്ന് ഞങ്ങളുടെ വീട്ടില്‍ ഒരു എ.സി. മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛനും അമ്മയും ഉപയോഗിച്ചിരുന്ന മുറിയിലായിരുന്നു അത്. അതുകൊണ്ട് ചിലസമയത്തൊക്കെ അവരുടെ മുറിയിലെ സോഫയിലായിരുന്നു എന്റെ ഉറക്കം.
‘കുടുംബത്തിലെ മുഴുവന്‍പേരെയും വിദേശത്ത് അയക്കുന്നതുവരെ എന്റെ മാതാപിതാക്കള്‍ വിദേശത്തേക്ക് പോയിരുന്നില്ല. അവര്‍ ഞങ്ങളെ മികച്ച സ്കൂളില്‍ പഠിപ്പിച്ചു. ഞങ്ങള്‍ക്ക് നല്ല ഭക്ഷണം നല്കി. എന്റെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കാനായി എന്റെ സുഹൃത്തുക്കള്‍വരെ കാത്തിരിക്കുമായിരുന്നു”, സഞ്ജയ് കപൂര്‍ പറഞ്ഞു.
സിനിമ നിര്‍മാതാവായിരുന്ന അച്ഛന് സുരീന്ദര്‍ കപൂര്‍ മുംബൈയിലേക്ക് വന്നതിനെക്കുറിച്ച് നേരത്തെ മറ്റൊരു അഭിമുഖത്തിലും സഞ്ജയ് കപൂര്‍ വെളിപ്പെടുത്തിയിരുന്നു. ”പൃഥ്വിരാജ് കപൂറാണ് അച്ഛനെ ബോംബെയിലേക്ക് കൊണ്ടുവന്നത്. പന്ത്രണ്ടോളം ജോലികള്‍ വിട്ടശേഷം മുത്തച്ഛനാണ് അച്ഛനെ പൃഥ്വിരാജ് ജിയെ ഏല്‍പ്പിച്ചത്. തൊഴിലാളികള്ക്കൊപ്പംനിന്നതും അവര്‍ക്ക് വേണ്ടി പോരാടിയതുമായിരുന്നു അച്ഛന് നേരത്തെയുണ്ടായിരുന്ന ജോലികള്‍ നഷ്ടപ്പെടാന്‍ കാരണം”, അദ്ദേഹം പറഞ്ഞു.
1995-ല്‍ നടി തബുവിനൊപ്പം ‘പ്രേം’ എന്ന സിനിമയിലൂടെയായിരുന്നു സഞ്ജയ് കപൂറിന്റെ ബോളിവുഡിലെ അരങ്ങേറ്റം. തുടക്കക്കാലത്തെ ചില ചിത്രങ്ങള്‍ ബോക്സോഫീസില്‍ ഹിറ്റായെങ്കിലും പിന്നീടിറങ്ങിയ സഞ്ജയ് കപൂറിന്റെ പല സിനിമകളും തിയേറ്ററുകളില്‍ വന്‍ പരാജയം ഏറ്റുവാങ്ങി. രണ്ടായിരത്തിന്റെ തുടക്കത്തില്‍ ചില സിനിമകളില്‍ സഹനടനായി അഭിനയിച്ചെങ്കിലും അദ്ദേഹം പിന്നീട് സിനിമയില്‍ സജീവമായിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]