ഡോണൾഡ് ട്രംപിന്റെ വിജയത്തിൽ അടിപതറിയും ഡോളറിന്റെ ഇടിയേറ്റും സ്വർണത്തിന് ‘ഗുരുതര’ പരുക്ക്! യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് വിജയത്തേരേറിയതിന് പിന്നാലെ ഡോളർ മറ്റ് കറൻസികളെയെല്ലാം തച്ചുടച്ച് കുതിപ്പ് തുടങ്ങിയതോടെ ആഗോളതലത്തിൽ ഇടിഞ്ഞുവീഴുകയാണ് സ്വർണവില. കേരളത്തിൽ ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ അനിവാര്യ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും വൻ ആവേശവും ആശ്വാസവും സമ്മാനിച്ച് വില ഇന്ന് കനത്തതോതിൽ ഇടിഞ്ഞു. പവന് ഒറ്റയടിക്ക് 1,080 രൂപ കുറഞ്ഞ് വില 56,680 രൂപയായി. ഗ്രാമിന് 135 രൂപ കൂപ്പുകുത്തി വില 7,085 രൂപയിലെത്തി.
Image : Shutterstock
കഴിഞ്ഞ 12 ദിവസത്തിനിടെ പവന് കുറഞ്ഞത് 2,960 രൂപയാണ്. ഗ്രാമിന് 370 രൂപയും കുറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തിൽ പവൻ വിലയിലെ എക്കാലക്കെയും റെക്കോർഡ്. അന്ന് ഗ്രാമിന് 7,455 രൂപയുമായിരുന്നു വില. 18 കാരറ്റ് സ്വർണത്തിനും ഇന്ന് 110 രൂപ ഇടിഞ്ഞ് വില 5,840 രൂപയായി. വെള്ളിവിലയും തകരുകയാണ്; ഇന്ന് ഗ്രാമിന് 2 രൂപ കുറഞ്ഞ് 97 രൂപയിലെത്തി. ഏതാനും നാളുകൾക്ക് മുമ്പ് 106 രൂപയായിരുന്നു.
ഒക്ടോബർ 31നേക്കാൾ വമ്പൻ ലാഭം!
മൂന്ന് ശതമാനം ജിഎസ്ടിയും ഹോൾമാർക്ക് ചാർജും (53.10 രൂപ) പണിക്കൂലിയും (മിനിമം 5% കണക്കാക്കിയാൽ) സഹിതം 64,555 രൂപ കൊടുത്താലായിരുന്നു ഒക്ടോബർ 31ന് കേരളത്തിൽ ഒരു പവൻ ആഭരണം കിട്ടുമായിരുന്നത്. ഒരു ഗ്രാം ആഭരണത്തിന് അന്നുവില 8,069 രൂപയുമായിരുന്നു. ഇന്നുവില പവന് 61,354 രൂപയേയുള്ളൂ. ഗ്രാമിന് 7,669 രൂപയും. അതായത്, ഇന്ന് സ്വർണം വാങ്ങുന്നവർക്ക് ഒക്ടോബർ 31ന് വാങ്ങിയവരേക്കാൾ പവന് 3,201 രൂപയും ഗ്രാമിന് 400 രൂപയും ലാഭം.
ട്രംപ് വന്നു, സ്വർണം വീണു
ഒക്ടോബർ അവസാനവാരം ഔൺസിന് 2,790 ഡോളറായിരുന്നു രാജ്യാന്തര വില. ട്രംപിന്റെ വിജയത്തിന് പിന്നാലെ കൂപ്പുകുത്തിയ വില ഇന്നലെ 2,669 ഡോളർ ആയിരുന്നു. ഇന്നത് 2,611 ഡോളർ വരെയായി തകർന്നു. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 2,619 ഡോളറിൽ. ട്രംപിന്റെ സാമ്പത്തിക നയങ്ങൾ ഡോളറിനും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളിൽ നിന്നുള്ള ആദായനിരക്കിനും (ട്രഷറി ബോണ്ട് യീൽഡ്) നേട്ടമാകുമെന്നാണ് പൊതുവിലയിരുത്തൽ. പണപ്പെരുപ്പത്തെ കൂസാതെ ട്രംപ് ഗവൺമെന്റ് സാമ്പത്തികച്ചെലവുകൾ വാരിക്കോരി നടത്തുമെന്നും നികുതികൾ വെട്ടിക്കുറയ്ക്കുമെന്നുമാണ് കരുതുന്നത്.
ഫലത്തിൽ യുഎസ് സർക്കാർ കൂടുതലായി കടപ്പത്രങ്ങളെ ആശ്രയിക്കേണ്ടി വരും. ഇത് ബോണ്ട് യീൽഡ് വർധിക്കാനും ഇടവരുത്തും. കഴിഞ്ഞ സെപ്റ്റംബർ അവസാനം 100.38 ആയിരുന്ന യുഎസ് ഡോളർ ഇൻഡെക്സ് ഇപ്പോഴുള്ളത് 4 മാസത്തെ ഉയരമായ 105.63ൽ. സെപ്റ്റംബറിൽ 3.623 ശതമാനത്തിലേക്ക് താഴ്ന്ന യുഎസ് സർക്കാരിന്റെ 10-വർഷ ട്രഷറി യീൽഡ് ഇന്നുള്ളത് 4.328 ശതമാനത്തിലും. ഇതൊരുവേള 4.5 ശതമാനത്തിലേക്ക് എത്തിയിരുന്നു.
ഫലത്തിൽ, ഡോളറും യീൽഡും യുഎസ് ഓഹരികളും ക്രിപ്റ്റോകറൻസികളും ട്രംപിന്റെ വിജയത്തിന് പിന്നാലെ നിക്ഷേപകപ്രിയം നേടി ആവേശക്കുതിപ്പാണ് നടത്തുന്നത്. ഇത് ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപങ്ങളുടെ ശോഭ കെടുത്തിയതോടെ, സ്വർണവില ഇടിയുകയായിരുന്നു. മാത്രമല്ല, രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണെന്നിരിക്കേ, ഡോളറിന്റെ മൂല്യം കൂടുന്നതിന് അർഥം സ്വർണം വാങ്ങാൻ കൂടുതൽ ഡോളർ ചെലവിടേണ്ടി വരുമെന്നതാണ്. ഇത് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് പ്രയാസമാകും. സ്വർണ ഡിമാൻഡിനെയും ബാധിക്കും. ഇതും വിലത്തകർച്ചയ്ക്ക് ഇടവരുത്തുന്നു.
Image : iStock/VSanandhakrishna
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ എക്കാലത്തെയും താഴ്ചയായ 84.39ലേക്ക് ഇടിഞ്ഞിരുന്നു. ഇതോടെ സ്വർണം ഇറക്കുമതിയും കഠിനമായിട്ടുണ്ട്. സ്വർണത്തിന് ഇറക്കുമതിച്ചെലവുമേറി. അതായത്, രൂപ ദുർബലമായില്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് സ്വർണവില ഇതിലുമധികം ഇടിയുമായിരുന്നു.
ഇനിയും ഇടിയുമോ സ്വർണവില?
സ്വർണവില ആഭ്യന്തര, രാജ്യാന്തരതലത്തിൽ ഇനിയും ഇടിയുമെന്ന വിലയിരുത്തൽ ശക്തമാണ്. 2,603 ഡോളർ എന്ന വൈകാരിക നിലവാരം (സൈക്കോളജിക്കൽ ലെവൽ) ഭേദിച്ച് വില താഴേക്കിറങ്ങിയാൽ അതു ചെന്നുനിൽക്കുക 2,534 ഡോളർ വരെയായിരിക്കാം എന്ന് ചില നിരീക്ഷകർ വാദിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില 54,000-55,000 രൂപനിരക്കിലേക്ക് വീണേക്കാം. അതേസമയം, ഡിസംബറിലെ യോഗത്തിലും യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കാൽശതമാനം (0.25%) കുറച്ചേക്കുമെന്നാണ് വിലയിരുത്തലുകൾ. പലിശ കുറയുന്നത് ഡോളറിനും കടപ്പത്രത്തിനും തിരിച്ചടിയാണ്; സ്വർണത്തിന് അനുകൂലവുമാണ്. സ്വർണവിലയുടെ ഇടിവിന് ഇത് വിലങ്ങുതടിയായേക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]