
മാഞ്ചസ്റ്റർ∙ പുതിയ പരിശീലകൻ ചുമതലയേൽക്കാൻ മണിക്കൂറുകൾ ശേഷിക്കെ, ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് താൽക്കാലിക പരിശീലകൻ റൂഡ് വാൻ നിസ്റ്റൽറൂയി. തുടർ തോൽവികളുടെ പശ്ചാത്തലത്തിൽ മുഖ്യ പരിശീലകൻ എറിക് ടെൻ ഹാഗിനെ പുറത്താക്കിയതിനു പിന്നാലെയാണ്, പരിശീലക സംഘത്തിൽ അംഗമായിരുന്ന ഇതിഹാസ താരം നിസ്റ്റൽറൂയിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് താൽക്കാലിക പരിശീലകനായി നിയമിച്ചത്.
നാലു മത്സരങ്ങളിൽ ടീമിനെ കളത്തിലിക്കിയതിനു പിന്നാലെയാണ് 48കാരനായ നിസ്റ്റൽറൂയി ടീം വിടുന്നത്. പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ്ങിന്റെ പരിശീലകനായിരുന്ന റൂബൻ അമോറിമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകൻ.
സ്പോർട്ടിങ്ങിനൊപ്പം തന്റെ അവസാന മത്സരം പൂർത്തിയാക്കി റൂബൻ മാഞ്ചസ്റ്ററിലേക്ക് എത്തുന്നതിനു തൊട്ടുമുൻപാണ് നിസ്റ്റൽറൂയിയുടെ രാജി. റൂബന്റെ പരിശീലക സംഘത്തിൽ നിസ്റ്റൽറൂയിക്ക് ഇടം നൽകിയിരുന്നില്ലെന്നാണ വിവരം.
Ruud van Nistelrooy and three first-team coaches have departed the club with our best wishes for the future. Thank you for your unwavering commitment to United ❤️#MUFC — Manchester United (@ManUtd) November 11, 2024 ‘നിസ്റ്റൽറൂയി ഇന്നും എക്കാലവും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസമായിരിക്കും’ എന്ന്, അദ്ദേഹം ടീം വിടുന്ന കാര്യം സ്ഥിരീകരിച്ച് ക്ലബ് കുറിച്ചു.
ടീമിന്റെ താൽക്കാലിക ചുമതല വഹിച്ച നാലു മത്സരങ്ങളിൽ മൂന്നു ജയവും ഒരു സമനിലയും സഹിതം അപരാജിതനെന്ന റെക്കോർഡുമായാണ് നിസ്റ്റർറൂയി പുറത്തുപോകുന്നത്. കഴിഞ്ഞ ദിവസം ലെസ്റ്റർ സിറ്റിക്കെതിരെ നേടിയ 3–0 വിജയമാണ് നിസ്റ്റൽറൂയിക്കു കീഴിൽ ടീമിന്റെ അവസാന മത്സരം.
2001-2006 കാലഘട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ചിരുന്ന നിസ്റ്റർറൂയി, 219 മത്സരങ്ങളിൽനിന്ന് 150 ഗോളുകൾ നേടി. പിന്നീട് ഈ വർഷം ജൂലൈയിലാണ് രണ്ടു വര്ഷത്തെ കരാറിൽ യുണൈറ്റഡിന്റെ സഹപരിശീലകനായി എത്തുന്നത്.
റൂബൻ അമോറിന്റെ സംഘത്തിൽ ഇടം ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് നിസ്റ്റൽറൂയി ടീം വിട്ടത്. ടെൻ ഹാഗിന്റെ പരിശീലക സംഘത്തിൽ അംഗങ്ങളായിരുന്ന റെനെ ഹെയ്ക്, ജെല്ലെ ടെൻ റൂവെലാർ, പീറ്റർ മോറൽ എന്നിവരും ക്ലബ് വിട്ടു.
English Summary:
Ruud Van Nistelrooy leaves Manchester United coaching staff
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]