കോഴിക്കോട്: “ഭാര്യയുടെ പ്രസവത്തിനായാണ് ഞങ്ങൾ ആശുപത്രിയിലെത്തിയത്. ഏറെ സങ്കീർണതകളുള്ളതിനാൽ ടെൻഷൻ കാരണം മുൾമുനയിലായിരുന്നു. റിസപ്ഷനിലിരിക്കുമ്പോഴാണ് നിങ്ങളുടെ സംഗീതം ഞങ്ങളിലേക്ക് ഒഴുകിയെത്തിയത്. അതോടെ എല്ലാ ആശങ്കകളുമകന്ന് മനസ്സ് കൂളായെന്നാണ് ഭാര്യ പറഞ്ഞത്. അപ്പോൾപ്പിന്നെ ഞങ്ങൾക്ക് കുഞ്ഞുണ്ടായതിന്റെ സന്തോഷം ആരോടാണ് പങ്കിടേണ്ടത്. ഒരു പെട്ടിനിറയെ മധുരവുമായെത്തിയ യുവാവിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു” -ജിജോ പറഞ്ഞുനിർത്തുമ്പോൾ അന്ന് അനുഭവിച്ച ആനന്ദം അപ്പോഴും മുഖത്ത്.
കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ സർവീസ് എക്സലൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘പേഷ്യന്റ് ഡിലൈറ്റ്’ പദ്ധതിയുടെ ഭാഗമായി ഒരുക്കിയ സംഗീതമാണ് രോഗികൾക്ക് ആശ്വാസമാവുന്നത്. “ഒന്നും കാണാനാവില്ലെങ്കിലും, ഇവിടെവന്നശേഷം മനസ്സുകൊണ്ട് സന്തോഷമറിഞ്ഞ നിമിഷങ്ങളിലൊന്നുമാത്രമാണിത്. ഇങ്ങനെ എത്രയോ അനുഭവങ്ങൾ. വിവിധ രോഗങ്ങളും അതിലേറെ ആധികളുമായി എത്തുന്നവർക്ക് സംഗീതത്തിലൂടെ ആശ്വാസംപകരാനാവുന്നതുതന്നെ സന്തോഷം”-ജിജോ പറയുന്നു.
ഒട്ടേറെ രോഗികളും കൂട്ടിരിപ്പുകാരും കാത്തിരിക്കുന്ന ആശുപത്രിയുടെ റിസപ്ഷനിലേക്ക് കയറുമ്പോൾ ജിജോയുടെ ഓടക്കുഴലിന്റേയോ സാക്സഫോണിന്റേയോ മധുരഗീതമായിരിക്കും എതിരേൽക്കുക. ഒപ്പം ബിജുവിന്റെ കീബോഡിന്റെയോ ഗിറ്റാറിന്റെയോ സംഗീതവുമുണ്ടാവും.
ആശുപത്രിജീവനക്കാരിൽ, ഭിന്നശേഷിക്കാരായ ഒരു ശതമാനംപേർക്ക് ജോലി നൽകണമെന്നുള്ളത് ആശുപത്രി മാനേജ്മെന്റിന്റെ തീരുമാനമാണെന്ന് ആസ്റ്റർ മിംസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ലുക്മാൻ പൊൻമാടത്ത് പറഞ്ഞു. കാഴ്ചപ്പരിമിതിക്കിടയിലും സംഗീതത്തെ നെഞ്ചോട് ചേർത്ത അങ്കമാലി സ്വദേശിയായ ജിജോ ജേക്കബിനേയും ഇടുക്കി സ്വദേശിയായ സി.ജെ. ബിജുവിനേയും കുറിച്ചറിഞ്ഞപ്പോൾ അവരെ എങ്ങനെ ആസ്റ്റർ മിംസിന്റെ ഭാഗമാക്കാമെന്ന് ചിന്തിക്കുകയായിരുന്നു. അങ്ങനെയാണ് ഇങ്ങനെ ഒരു സംഗീത പരിപാടി ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഒന്നര വർഷമായി തുടങ്ങിയ സംഗീതപരിപാടിക്ക് നല്ല പ്രതികരണമാണ് രോഗികളിൽ നിന്നും കൂട്ടിരിപ്പുകാരിൽ നിന്നും ലഭിക്കുന്നതെന്ന് സർവീസ് എക്സലൻസ് മാനേജർ കെ.എസ്. റിൻസി പറഞ്ഞു. “ഇവിടെ വന്നശേഷം സ്ഥിരമായൊരു വരുമാനമായി, നാലാളറിയാൻ തുടങ്ങി, പിന്നെ ഞങ്ങളുടെ സംഗീതംകേട്ട് വിവിധ പരിപാടികൾക്ക് ഇവിടെനിന്ന് നിരവധി ബുക്കിങ്ങാണ് ലഭിക്കുന്നത്”- ജിജോ പറയുന്നു. മിംസിൽ പതിനെട്ടോളം ഭിന്നശേഷിക്കാർ വിവിധ വിഭാഗങ്ങളിലായി ഇപ്പോൾ ജോലിചെയ്യുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]