
.news-body p a {width: auto;float: none;}
അബുദാബി: വിദേശരാജ്യങ്ങളിൽ കാലങ്ങളായി ജോലി ചെയ്യുന്ന മിക്കവരും ആഗ്രഹിക്കുന്ന ഒന്നാണ് പ്രായമായ മാതാപിതാക്കളെക്കൂടി ഒപ്പം കൂട്ടണമെന്നത്. യുഎയിൽ ജോലി ചെയ്യുന്ന പ്രവാസികളാണ് നിങ്ങളെങ്കിൽ മാതാപിതാക്കളെ എത്തിക്കുന്നതിനായി ചില നടപടിക്രമങ്ങൾ പാലിക്കണം.
ദുബായിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും ദുബായിൽ താമസമാക്കിയവർക്കും കുടുംബത്തെ എത്തിക്കണമെങ്കിൽ റെസിഡൻസ് വിസയ്ക്കായി സ്പോൺസർ ചെയ്യേണ്ടതുണ്ട്. ഒരു തൊഴിൽ ഉണ്ടായിരിക്കുക ഏറ്റവും പ്രധാനം. സ്വന്തമായി ബിസിനസ് നടത്തുന്നവർക്കും സ്പോൺസർ ചെയ്യാം. നിങ്ങളുടെ തൊഴിൽ ദാതാവ് വർക്ക് പെർമിറ്റും സാധുതയുള്ള റെഡിഡൻസി വിസയും ഉറപ്പാക്കേണ്ടതും പ്രധാനമാണ്. ആദ്യമായി കൊണ്ടുവരുന്നതാണെങ്കിൽ കുടുംബാംഗങ്ങളെ വിസിറ്റ് വിസയിലെത്തിക്കാം. എന്നാൽ കുറച്ചേറെ വർഷങ്ങൾ താമസിക്കാനാണെങ്കിൽ റെസിഡൻസി വിസ ഉണ്ടായിരിക്കണം.
മാതാപിതാക്കളെ സ്പോൺസർ ചെയ്യാൻ യുഎഇയിൽ ജോലി ചെയ്യുന്ന പ്രവാസിക്ക് 10,000 ദിർഹം കുറഞ്ഞ വേതനം ഉണ്ടായിരിക്കണം.
മാതാപിതാക്കൾക്ക് മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായിരിക്കണം. ഈ ഇൻഷുറൻസ് വർഷാവർഷം പുതുക്കണം.
മാതാവിനും പിതാവിനും ഗ്യാരന്റിയായി ഒരു തുക നിക്ഷേപിച്ച് ഒരുവർഷംവരെ ഒപ്പം താമസിപ്പിക്കാനാവും. സ്പോൺസറിന്റെ വിസാ കാലാവധിക്ക് ആനുപാതികമായിരിക്കില്ല ഈ വാർഷിക വിസ.
രണ്ടുപേരെയും ഒരുമിച്ച് മാത്രമേ സ്പോൺസർ ചെയ്യാൻ സാധിക്കുകയുള്ളൂ. നിർദ്ദിഷ്ട സാഹചര്യങ്ങളിൽ അല്ലാതെ ഒരാളെ മാത്രം സ്പോൺസർ ചെയ്യാൻ കഴിയില്ല. മാതാപിതാക്കളുടെ ഏക അത്താണിയാണെന്നും അവരെ പരിപാലിക്കാൻ നാട്ടിൽ മറ്റാരും ഇല്ലെന്നും തെളിയിക്കണം.
ഒരു രക്ഷിതാവ് മരണപ്പെടുകയോ അല്ലെങ്കിൽ മാതാപിതാക്കൾ വിവാഹമോചനം നേടുകയോ ചെയ്താൽ, ഒരു രക്ഷകർത്താവിനെ മാത്രം സ്പോൺസർ ചെയ്യുന്നതിനെ ന്യായീകരിക്കാൻ ഔദ്യോഗിക രേഖകൾ ആവശ്യമായി വരും.
ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഒഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) വഴിയോ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിഎ) വഴിയോ ഓൺലൈനായി അപേക്ഷിക്കാം. അമേർ സെന്ററുകൾ, ടൈപ്പിംഗ് സെന്ററുകൾ വഴിയും അപേക്ഷിക്കാം.
200 ദിർഹം ആണ് റെസിഡൻസ് പെർമിറ്റ് ഫീസ്. ഇതിന് പുറമെ 10 ദിർഹം നോളജ് ഫീ, 10 ദിർഹം ഇന്നോവേഷൻ ഫീസ്, ഡെലിവറി ഫീസ് 20 ദിർഹം, രാജ്യത്തിനകത്തെ ഫീസ് 500 ദിർഹം എന്നിവയും ഒടുക്കണം.
ഫാമിലി വിസ ആപ്ളിക്കേഷന് അനുമതി ലഭിച്ച് കഴിഞ്ഞാൽ വൈദ്യ പരിശോധനയ്ക്ക് വിധേയരാകണം. 260 ദിർഹം മുതൽ 360 ദിർഹം വരെയാണ് ഇതിനുള്ള ഫീസ്.
വൈദ്യ പരിശോധയ്ക്കുശേഷം എമിറേറ്റ്സ് ഐഡിക്കായി അപേക്ഷിക്കണം. ശേഷം പാസ്പോർട്ടിൽ റെസിഡൻസി വിസ സ്റ്റാമ്പ് ചെയ്ത് വാങ്ങാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് അതോറിറ്റി വെബ്സൈറ്റിലൂടെ എമിറേറ്റ്സ് ഐഡിക്കായി അപേക്ഷിക്കാം. 370 ദിർഹമാണ് ഫീസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സ്പോൺസറുടെ വിസയ്ക്ക് അനുസൃതമായി ഒന്നുമുതൽ മൂന്നുവർഷംവരെയാണ് ഫാമിലി വിസ ലഭിക്കുക. ഇത് പുതുക്കാനാവും.