
കൊച്ചി ∙ മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക് ഇന്നലെ ഉണർന്നത് എം. അമൃതിന്റെ ട്രിപ്പിൾ സ്വർണവുമായാണ്. സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ 1500 മീറ്റർ ഓട്ടത്തിൽ സ്വർണം (4:14.36 മിനിറ്റ്) നേടിയാണു കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി എം. അമൃത് ട്രിപ്പിൾ സ്വർണം തികച്ചത്. നേരത്തേ 400, 800 മീറ്ററുകളിൽ സ്വർണം നേടിയിരുന്നു.
കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയിൽ അമൃതിന് 2 സ്വർണമായിരുന്നു. 800, 1500 മീറ്ററുകളിൽ. പാലക്കാട് പഴത്തറ കുളത്തുങ്കൽ ഹൗസിൽ ഡ്രൈവറായ ബി. മോഹനന്റെയും പുഷ്പലതയുടെയും മകൻ. ചേട്ടൻ പ്ലസ് ടു വിദ്യാർഥി എം. അമലും ട്രാക്കിൽ തന്നെ. സീനിയർ ആൺ 400 മീ ഹർഡിൽസിൽ മത്സരത്തിനുണ്ട്.
കല്ലടി സ്കൂളിലെ ഖേലോ ഇന്ത്യ സെന്ററിലെ മുഹമ്മദ് നവാസാണ് അമൃതിന്റെ കോച്ച്. കഴിഞ്ഞ 4 വർഷമായി ട്രാക്കിൽ സജീവം. 2022ൽ സംസ്ഥാന സ്കൂൾ കായികമേളയിൽ സബ്ജൂനിയർ വിഭാഗം 600 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയാണു മെഡൽ നേട്ടം തുടങ്ങിയത്. ഇത്തവണ തുടർച്ചയായ 3 ദിവസത്തെ ഓട്ടം പ്രകടനത്തെ ബാധിച്ചെങ്കിലും മൂന്നു സ്വർണം നേടാനായതിൽ അമൃതിന്റെ സന്തോഷം. ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ കഴുത്തിലണിയുന്നതാണ് അമൃതിന്റെ സ്വപ്നം.
English Summary:
M Amrit won three gold medals in the Kerala School Sports Games
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]