പത്തനംതിട്ട: പരസ്യമായി പൊതുറോഡിൽ കേക്ക് മുറിച്ച് ജനന്മദിനാഘോഷം നടത്തിയ സംഭവത്തില്‍ ഒന്നാം പ്രതി പിടിയിൽ. വെട്ടിപ്രം സ്വദേശി ഷിയാസ് ആണ് അറസ്റ്റിലായത്. ബാക്കിയുള്ള ഇരുപതോളം പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. വാഹനഗതാഗതം തടസ്സപ്പെടുത്തിയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചും പൊതുനിരത്തിൽ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചതിനാണ് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തത്.
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ ഇന്നലെ രാത്രി 9.15 നായിരുന്നു കാർ റാലിയുമായി വഴി തടഞ്ഞ് കൊണ്ടുള്ള യുവാവിന്റെ പിറന്നാൾ ആഘോഷം. പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഷിയാസിന്റെ പിറന്നാളാണ് ഒരു കൂട്ടം യുവാക്കാള്‍ ചേര്‍ന്ന് ആഘോഷിച്ചത്. ഇരുപതോളം കാറുകളുമായി അൻപതിൽ അധികം യുവാക്കളാണ് പിറന്നാൾ ആഘോഷത്തിന് പങ്കെടുത്തത്. കമ്മട്ടിപ്പാടം എന്ന ഇടത് പ്രവർത്തകരുടെ ക്ലബ്ബാണ് ഒരു മണിക്കൂർ നീണ്ട ആഘോഷം സംഘടിപ്പിച്ചത്. എന്നാൽ സംഭവത്തെ കുറിച്ച് അറിയില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം വിശദീകരിച്ചു. ജില്ലയിൽ മൂന്നാം തവണയാണ് പൊതുനിരത്തിൽ പിറന്നാൾ ആഘോഷം നടക്കുന്നത്. സിനിമാ ഡയലോഗുകളും മ്യൂസിക്കുമായി പിറന്നാളാഘോഷത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]