ഗ്രേറ്റർ നോയിഡ: നിർത്തിയിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ച് കയറി മൂന്ന് സ്ത്രീകൾ അടക്കം ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം. ഗ്രേറ്റർ നോയിഡയിലെ എക്സ്പ്രസ് വേയിൽ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മാരുതി സുസുക്കി വാഗൻ ആർ കാറിലായിരുന്നു അപകടത്തിൽ മരിച്ചവർ സഞ്ചരിച്ചിരുന്നത്. ഗ്രേറ്റർ നോയിഡയിലെ സെക്ടർ 146 മെട്രോ സ്റ്റേഷന് സമീപത്തായാണ് അപകടമുണ്ടായത്.
കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതിന് പിന്നാലെ കാർ നിർത്തിയിരുന്ന ട്രക്കിന് പിന്നിലേക്ക് ഇടിച്ച് കയറിയതായാണ് പൊലീസ് സംശയിക്കുന്നത്. 27കാരനായ അമൻ സിംഗ്, ഇയാളുടെ പിതാവായ ദേവി സിംഗ് (60), അമ്മ രാജ്കുമാരി സിംഗ്(50), അമൻ സിംഗിന്റെ അമ്മായിമാരായ വിമലേഷ് സിംഗ്(40), കമലേഷ് സിംഗ് (40) എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ബുലന്ദ്ഷെഹറിൽ നിന്നുള്ള കുടുംബം ഏറെക്കാലമായി ദാദ്രിയിലെ കഷ്ണിറാം കോളനിയിലാണ് താമസിച്ചിരുന്നത്.
ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. നോയിഡ ഭാഗത്ത് നിന്ന് വരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. എക്സ്പ്രസ് വേയിൽ നിന്നുള്ള അടിയന്തര സന്ദേശം ലഭിച്ചതിന് പിന്നാലെ പൊലീസ് സംഭവ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കാർ യാത്രികരെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എൻജിൻ തകരാറുണ്ടായ ട്രക്ക് റോഡിന്റെ ഇടത് വശത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. കാർ അമിത വേഗത്തിലായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. അമൻ ആയിരുന്നു കാർ ഓടിച്ചിരുന്നത്. അമിത വേഗത്തിലായ കാർ പെട്ടന്ന് ഇടത് വശത്തേക്ക് തിരിഞ്ഞ് ട്രക്കിലേക്ക് ഇടിച്ച് കയറിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. ട്രക്കിലുണ്ടായിരുന്ന ഡ്രൈവർ സംഭവത്തിന് പിന്നാലെ ഇവിടെ നിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]